Latest News

കെ.എസ്.അബ്ദുള്ള പുരസ്‌ക്കാരങ്ങള്‍ സായിറാംഭട്ടിനും ഡോ.ആഷിലിനും

കാസര്‍കോട്: കാസര്‍കോടിന്റെ സമസ്ത മേഖലകളിലെ നിറദീപവും ജീവകാരുണ്യ ആതുര, വിദ്യഭ്യാസ മേഖലകളിലെ അതുല്യസേവനത്തിന്റെ പ്രതീകവുമായിരുന്ന കെ.എസ്.അബ്ദുള്ളയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌ക്കാരങ്ങള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഗോപാലകൃഷ്ണ ഭട്ടിനേയും സംസ്ഥാന ട്രോമോ കെയര്‍ നോഡല്‍ ഓഫീസറും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറുമായ ഡോ.മുഹമ്മദ് അഷീലിനേയും തെരഞ്ഞെടുത്തു.

കെ.എസ്.അബ്ദുള്ളയുടെ എട്ടാം ചരമവാര്‍ഷിക അനുസ്മരണ പരിപാടിയുടെ ഭാഗമായി കെ.എസ്.അബ്ദുള്ള ഫൗണ്ടേഷന്‍ ശനിയാഴ്ച രണ്ട് മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സംസ്ഥാന വ്യവസായ ഐ.ടി.വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലികുട്ടി പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും.
ജീവിതം പാവങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ച സായിറാം ഗോപാലകൃഷണഭട്ട്  ഇതുവരെയായി 222 നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നിര്‍മ്മിച്ചു നല്‍കി. 175 തയ്യില്‍ മെഷിനുകള്‍, പത്ത് ഓട്ടോറിക്ഷ, ഒമ്പത് കുടുംബങ്ങള്‍ക്ക് കുടിവെള്ള പദ്ധതി , സമൂഹ വിവാഹങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, വിദ്യഭ്യാസ സഹായം തുടങ്ങി സമാനതകളില്ലാത്ത സേവനങ്ങളാണ് ചെയ്തുവരുന്നത്.
1937ല്‍ കിളിംഗാര്‍ നെടുമനയില്‍ കൃഷ്ണഭട്ടിന്റേയും സുബ്ബമ്മയുടേയും മകനായാണ് സായിറാം ഭട്ട് ജനിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായ സേവനം കാഴ്ച്ചവെക്കുന്ന ഡോ.മുഹമ്മദ് അഷീല്‍ ഇന്ത്യയിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മികച്ച 12 യുവ ഡോക്ടര്‍മാരില്‍ ഒരാളാണ്. 2006ല്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് പൂര്‍ത്തിയാക്കി 2007ല്‍ പത്തനംതിട്ടയിലെ നാട്ടിന്‍പുറമായ സീത്താതോട് ആദിവാസി മേഖലയില്‍ സേവനം ആരംഭിച്ചു. 

തിരുവനന്തപുരം ശ്രീചിത്രമെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം 2010ല്‍ ശാരീരിക മാനിസീക വെല്ലുവിളികള്‍ നേരിടുന്ന രോഗികളുടെ ആരോഗ്യ സ്ഥിതികള്‍ മെച്ചപ്പെടുത്തുന്നതിനായി ലോകോത്തര നിലവാരമുള്ളതും സൈദ്ധാതികപരവുമായ പദ്ധതിക്ക് രൂപം നല്‍കി.
ഇതേ വര്‍ഷം ലണ്ടനില്‍ വെച്ച് ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച ആരോഗ്യ സുരക്ഷ സമ്മേളനത്തില്‍ പദ്ധതി അവതരിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനുവേണ്ടിയുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരായി സേവനം അനുഷ്ഠിക്കുന്നു.
പയ്യന്നൂര്‍ എടാട്ടിലെ മുസ്തഫയുടേയും ഫാത്തിമാബിയുടേയും മകനാണ്. കണ്ണൂരില്‍ ആരോഗ്യവകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഡോ.ഖദീജ ബീവിയാണ് ഭാര്യ. മക്കള്‍: അസാം, മിന്‍ഹ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.