Latest News

തെരുവില്‍ അലഞ്ഞ വൃദ്ധന്റെ ഭാണ്ഡം നിറയെ നോട്ടുകെട്ടുകള്‍

കൊച്ചി: തെരുവില്‍ അലയുകയായിരുന്ന അഗതിയായ വയോധികന്റെ ഭാണ്ഡത്തില്‍ നിറയെ നോട്ടുകെട്ടുകള്‍. മലയാറ്റൂരില്‍ ആകാശപ്പറവകള്‍ എന്ന അഭയകേന്ദ്രത്തില്‍ എത്തിച്ച മൂകനും ബധിരനുമായ വൃദ്ധന്റെ ഭാണ്ഡക്കെട്ടിലാണു നോട്ടുകള്‍ കണ്ടെത്തിയത്.

ഒരു രൂപ മുതല്‍ നൂറു രൂപവരെയുള്ള കറന്‍സികളാണ് ഉണ്ടായിരുന്നത്. നോട്ടുകളില്‍ ഏറെയും കാലപ്പഴക്കംകൊണ്ടു ദ്രവിച്ചുപോയിരുന്നു. ചില്ലറത്തുട്ടുകള്‍ അഴുക്കുപുരണ്ടും ക്ലാവ് പിടിച്ചും മോശമായ സ്ഥിതിയിലായിരുന്നു. 

[www.malabarflash.com] നോട്ടുകെട്ടുകളില്‍ ഉപയോഗയോഗ്യമായത് 10,000 രൂപയോളം ഉണ്ടായിരുന്നതായി ആകാശപ്പറവ ട്രസ്റ്റ് സെക്രട്ടറി എലിസബത്ത് സെബാസ്റ്റ്യന്‍ പറഞ്ഞു. ദീര്‍ഘകാലം കുളിക്കാതെയും വസ്ത്രങ്ങള്‍ മാറാതെയും കഴിഞ്ഞതിനാല്‍ കണ്ടെത്തുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഈ മനുഷ്യന്‍.

എഴുത്തും വായനയും വശമില്ലാത്ത വൃദ്ധന്‍ ആരാണെന്നു തിരിച്ചറിയാനായിട്ടില്ല. പോലീസാണു കൊടകരയിലെ മേല്‍പ്പാലത്തിനു സമീപം അവശനിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആകാശപ്പറവയിലെത്തിച്ചത്. ഏതാനും ദിവസത്തെ ശുശ്രൂഷകൊണ്ട് ആരോഗ്യം വീണ്ടെടുത്തു. ഇപ്പോള്‍ ഉന്മേഷവാനാണ്. അറുപതു വയസു തോന്നിക്കും.

ജോസഫ് എന്നാണ് ആശ്രമത്തിലുള്ളവര്‍ താത്കാലം ഇദ്ദേഹത്തെ വിളിക്കുന്നത്. തെരുവില്‍നിന്നു കണ്ടെടുത്ത 35 പേരാണ് ഇപ്പോള്‍ ആകാശപ്പറവയിലുള്ളത്. ഇവരില്‍ പലരും മനോനില തകരാറിലായവരാണ്. ബന്ധുക്കള്‍ ഉപേക്ഷിച്ചവരും വികലാംഗരും രോഗികളും വൃദ്ധരും കൂട്ടത്തിലുണ്ട്. പ്രാദേശികമായി ലഭിക്കുന്ന സംഭാവനകള്‍ കൊണ്ടാണു സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതെന്ന് എലിസബത്ത് സെബാസ്റ്റ്യന്‍ പറഞ്ഞു. ചങ്ങനാശേരിയിലെ ഒരു കമ്പനി മരുന്നുകള്‍ കടമായി നല്‍കും. കെട്ടിടത്തിന്റെ സൗകര്യക്കുറവും സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലവും കൂടുതല്‍ പേരെ ഇവിടെ സ്വീകരിക്കാന്‍ കഴിയുന്നില്ല.

സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മലയാറ്റൂരില്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് ആകാശപ്പറവകള്‍ 2003ല്‍ പ്രവര്‍ത്തനമാരംഭിച്ചത്. തെരുവില്‍ അലയുന്നവരെയും മനോരോഗികളെയും സംരക്ഷിക്കുകയാണു ലക്ഷ്യം. ഇരുപതു വര്‍ഷം മുമ്പ് ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ചെന്നായപ്പാറ ആസ്ഥാനമായി തുടങ്ങിയ ആകാശപ്പറവകള്‍ എന്ന ആശ്രമത്തിന്റെ തുടര്‍ച്ചയാണിത്. ഇന്ത്യയിലാകമാനം 24 ആശ്രമങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.