Latest News

കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

പാലക്കാട്: ട്രേഡിംഗ് ലൈസന്‍സ് നല്‍കാന്‍ സ്വകാര്യവ്യക്തിയില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. പാലക്കാട് നഗരസഭ അഞ്ചാം ഡിവിഷന്റെ ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോട്ടായി ചമ്പ്രക്കുളം കാക്കേക്കടവ് വീട്ടില്‍ കെ.യു.അബ്ദുള്‍ കരീമാണ് അറസ്റ്റിലായത്.

മണപ്പുള്ളിക്കാവിനു സമീപം തെരടപ്പുഴ ബില്‍ഡിംഗില്‍ തുടങ്ങുന്ന ഗോള്‍ഡന്‍ ട്രെന്‍ഡ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമ കോട്ടായി വരോട് പടിഞ്ഞാറേപ്പുരയില്‍ കെ.മോഹന്‍കുമാര്‍ ട്രേഡിംഗ് ലൈസന്‍സിനായി നഗരസഭ ആരോഗ്യവിഭാഗത്തില്‍ ഫീസടച്ച് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, രണ്ടു മാസമായിട്ടും ലൈസന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്നു മോഹന്‍കുമാര്‍ നഗരസഭയില്‍ ബന്ധപ്പെട്ടപ്പോള്‍ അബ്ദുള്‍ കരീം 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.

തുടര്‍ന്നു മോഹന്‍കുമാര്‍ വിജിലന്‍സില്‍ പരാതി നല്‍കി. വെള്ളിയാഴ്ച വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം കരീമിനെ പണം നല്‍കാമെന്നുപറഞ്ഞു സ്ഥാപനത്തിലേക്കു വിളിച്ചുവരുത്തുകയും വിജിലന്‍സ് നല്‍കിയ ഫിനോഫ്തലീന്‍ പുരട്ടിയ നോട്ടുകള്‍ കൊടുക്കുകയും ചെയ്തു. പണം കൈമാറിയ ഉടന്‍തന്നെ വിജിലന്‍സ് സംഘമെത്തി അറസ്റ്റ്‌ചെയ്തു. ഇയാളെ തൃശൂര്‍ എന്‍ക്വയറി കമ്മീഷന്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കി.

വിജിലന്‍സ് ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ സിഐ ഫിറോസ് എം.ഷെഫീഖ്, സീനിയര്‍ സിപിഒമാരായ പി.ബി.നാരായണന്‍, എ.അരവിന്ദാക്ഷന്‍, ഉണ്ണി, ബി.സുരേന്ദ്രന്‍, സന്തോഷ്, സുബേഷ്, ശ്രീകുമാര്‍, ശങ്കര്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.