Latest News

റേഷന്‍ കാര്‍ഡ് പുതുക്കല്‍: ഫോട്ടോ ക്യാമ്പുകള്‍ 19 മുതല്‍

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനായി ഫോട്ടോ എടുക്കുന്നതിനുള്ള ക്യാമ്പുകള്‍ ജനവരി 19 ന് തുടങ്ങും. മാര്‍ച്ച് നാല് വരെയാണ് ക്യാമ്പ്.
പരമാവധി ആയിരം പേര്‍ എന്ന രീതിയില്‍ രണ്ടോ മൂന്നോ കടകള്‍ക്ക് ഒരു ക്യാമ്പ് വീതമാവുമുണ്ടാവുക.

ഫോം സൗജന്യമായാണ് കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത്. കാര്‍ഡുടമകളില്‍ നിന്ന് ഇതിന് പണം വാങ്ങുന്നുവെന്ന് പരാതി ലഭിച്ചാല്‍ നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റേഷന്‍ കാര്‍ഡ് പുതുക്കല്‍ സംബന്ധിച്ച പരാതികളെത്തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം.
ജനവരി 17 വരെയാണ് ഫോം വിതരണം ചെയ്യുക. ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനാണ് അപേക്ഷാ ഫോമില്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും പുതിയ വിവരങ്ങള്‍ ചേര്‍ത്ത് കാര്‍ഡ് പുതുക്കുന്നതോടെ 54 ലക്ഷം പേര്‍ കൂടി ഒരു രൂപ പദ്ധതിയില്‍ ഉള്‍പ്പെടും.
വൈദ്യുതി കണ്‍സ്യൂമര്‍ നമ്പര്‍, കുടിവെള്ള കണ്‍സ്യൂമര്‍ നമ്പര്‍, ടെലിഫോണ്‍ നമ്പര്‍, പെന്‍ഷന്‍ ബുക്ക് നമ്പര്‍ എന്നിവ നല്‍കണമെന്ന് നിര്‍ബന്ധമല്ല. എന്നാല്‍ ഇത്തരം മറ്റ് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് താഴെയാകാനും മുന്‍ഗണനാ കാര്‍ഡ് നഷ്ടപ്പെടാനും ഇടയുണ്ട്.
ഓട്ടോറിക്ഷപോലുള്ള വാഹനങ്ങള്‍ നാലുചക്രവാഹന പരിധിയില്‍ വരില്ല. ഏറ്റവും മുതിര്‍ന്ന വനിതയ്ക്ക് ഏതെങ്കിലും കാരണവശാല്‍ ഫോട്ടോ എടുക്കുന്നതിന് ബുദ്ധിമുട്ടാണെങ്കില്‍ കാര്‍ഡിലെ മറ്റ് മുതിര്‍ന്ന വനിതയുടെ ഫോട്ടോ എടുക്കും. ഇതിനായി ഏറ്റവും മുതിര്‍ന്ന വനിതയുടെ സമ്മതം ആവശ്യമാണ്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീ ഇല്ലെങ്കില്‍ പുരുഷ അംഗത്തിന്റെ പേരില്‍ കാര്‍ഡ് അനുവദിക്കും.
ഫോം പൂരിപ്പിക്കുമ്പോള്‍ തെറ്റുവന്നാല്‍ വെട്ടി തിരുത്തിയെഴുതിയശേഷം ഉടമയുടെ ഒപ്പ് രേഖപ്പെടുത്തിയാല്‍ മതിയാകും. ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത തൊഴിലുകള്‍ ഇതിനായി നല്‍കിയിട്ടുള്ള കോളത്തില്‍ എഴുതിച്ചേര്‍ക്കാം.
നീക്കം ചെയ്യേണ്ടവരുടെ പേരുകള്‍ ഫോമില്‍ വെട്ടിയ ശേഷം താമസം മാറി എന്ന് രേഖപ്പെടുത്തണം. ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ മാത്രം അതിന്റെ പകര്‍പ്പ് ഹാജരാക്കണം. ഇല്ലെങ്കില്‍ ആ കോളം ഒഴിച്ചിടണം. മറ്റ് പകര്‍പ്പുകള്‍ നിര്‍ബന്ധമല്ല. പുതുതായി ചേര്‍ക്കേണ്ട പേരോ, ആധാര്‍ നമ്പരോ നല്‍കാന്‍ കോളം തികയാതെ വന്നാല്‍ വെള്ളപേപ്പറില്‍ എഴുതിച്ചേര്‍ത്ത് ഒപ്പിട്ട് ഫോട്ടോ ക്യാമ്പില്‍ ഹാജരാക്കണം. 

വീട് നമ്പര്‍ നിലവിലുള്ളത് രേഖപ്പെടുത്തണം. ഏതെങ്കിലും കോളം പൂരിപ്പിക്കാതിരുന്നതുകൊണ്ട് കാര്‍ഡ് ലഭിക്കാതിരിക്കില്ല. സംശയ നിവാരണത്തിനായി 9495998223, 9495998224, 9495998225 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.