Latest News

നെസ്‍വിനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയത് അയല്‍ക്കാര്‍

തൃശൂര്‍: സ്‌കൂള്‍ വിട്ടു വീട്ടിലേക്കു വരുന്നതിനിടെ തട്ടിക്കൊണ്ടുപോകപ്പെട്ട ഏഴുവയസു കാരനെ പോലീസ് കണ്ടെത്തി. നെസ്‌വിന്‍ എന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ അയല്‍വാസികളടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു.

വ്യാഴാഴ്ച വൈകുന്നേരം വെളപ്പായ ഓവര്‍ബ്രിഡ്ജിനടുത്ത് കൊക്കളങ്ങര റോഡിലുള്ള വീട്ടില്‍നിന്നാണു കുട്ടിയെ കണ്ടെത്തിയത്. സംഘം വീട് വാടകയ്‌ക്കെടുത്ത് കുട്ടിയെ ഇവിടെ താമസിപ്പിച്ചിരിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്ഥലം മനസിലാക്കിയ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. അയല്‍വാസികളും മനക്കൊടി സ്വദേശികളുമായ കരിപ്പാടത്ത് പ്രസാദ്(24), കുളങ്ങര ജോസ് പോള്‍(21), കുന്നത്ത് വിഷ്ണു സുഭാഷ്(20) എന്നിവരും പത്തനംതിട്ട അടൂര്‍ അജിത്ഭവനില്‍ അജിത് ജോര്‍ജ്(20), കൊല്ലം ചവറ മംഗലശേരി വീട്ടില്‍ അനീഷ് മധുസൂദനന്‍(24) എന്നിവരുമാണ് അറസ്റ്റിലായത്. അയല്‍വാസികളായ ഇവര്‍ ഇടയ്ക്കിടെ കുട്ടിയുടെ വീട്ടില്‍ വന്നിരുന്നരാണ്.

മനക്കൊടി കിഴക്കുംപുറം അരിമ്പൂര് പാവറട്ടിക്കാരന്‍ ടിറ്റോയുടെ രണ്ടാമത്തെ മകന്‍ നെസ്‌വിനെ(7)യാണു തട്ടിക്കൊണ്ടുപോയത്. എറവ് സെന്റ് ജോസഫ് കപ്പല്‍പ്പള്ളി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണു നെസ്‌വിന്‍. അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ആന്റണിയുടെ മൂത്ത മകനാണു ടിറ്റോ.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 4.30നാണു സംഭവം. സ്‌കൂള്‍ ബസില്‍ വീടിനടുത്തുള്ള ജംഗ്ഷനില്‍ ഇറങ്ങി വീട്ടിലേക്കു ജ്യേഷ്ഠന്‍ ഷാനൊപ്പം നടക്കുന്നതിനിടെ കാറിലെത്തിയ സംഘം ടിറ്റോയുടെ വീടു ചോദിച്ചു. ഷാന്‍ മറുപടി പറയുന്നതിനിടെ നെസ്‌വിനെ എടുത്തു കാറില്‍ കയറ്റുകയായിരുന്നു. കുട്ടികള്‍ രണ്ടും റോഡിന് ഇരുവശങ്ങളിലായാണ് നടന്നിരുന്നത്. ഷാന്‍ നിലവിളിച്ചു വീട്ടിലെത്തി കാര്യങ്ങള്‍ പറയുമ്പോഴേക്കും സംഘം കടന്നിരുന്നു.

തളിക്കുളത്തുനിന്നു കാര്‍ വാടകയ്‌ക്കെടുത്താണു സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അമ്പതു ലക്ഷം രൂപയാണു കുട്ടിയെ വിട്ടുകിട്ടാന്‍ സംഘം ചോദിച്ചിരുന്നത്.പ്രതികളിലൊരാളായ പ്രസാദിന്റെ വീട് ജപ്തിഭീഷണിയിലാണത്രേ. ഇതിനു പണം കണ്ടെത്താനാണു സംഘം കുട്ടിയെ തട്ടിയെടുക്കാന്‍ തീരുമാനിച്ചത്.

വാര്‍ക്കപ്പണിക്കു പോയപ്പോഴാണു കൊല്ലം, അടൂര്‍ സ്വദേശികളായ സംഘത്തിലുള്ള മറ്റു രണ്ടു പേരെ പ്രസാദ് പരിചയപ്പെട്ടത്. ഇവര്‍ പിന്നീടു മനക്കൊ ടിയില്‍ വരാറുണ്ടായിരുന്നുവത്രേ. ഇവരെയും ഉള്‍പ്പെടുത്തിയാണു പദ്ധതി തയാറാക്കിയത്.
കുട്ടിയെ തട്ടിയെടുത്ത ശേഷം കാര്‍ തിരിച്ചുനല്‍കി. 900 രൂപയ്ക്കാണ് കാര്‍ വാടകയ്‌ക്കെടുത്തത്.

വെളപ്പായയില്‍ വീടു വാടയ്‌ക്കെടുത്ത് അവിടെ കുട്ടിയെ നോക്കാന്‍ അനീഷിനെയും അജിത്തിനെയും ഏല്‍പ്പിച്ച് അയല്‍വാസികളായ മൂന്നുപേരും സ്ഥലത്ത് തിരിച്ചെത്തുകയായിരുന്നു. ടിറ്റോയുടെ വീട്ടിലെത്തി എല്ലാ കാര്യങ്ങളിലും ഇടപെടുകയും പോലീസിന്റെ നീക്കങ്ങളെല്ലാം മനസിലാക്കുകയും ചെയ്തു. ഇതിനിടെ, അന്വേഷണം തിരിച്ചുവിടാനായി പ്രതികള്‍ പാലക്കാട് റൂട്ടിലും മറ്റു സ്ഥലങ്ങളിലും പോയി ടിറ്റോയെ ഫോണില്‍ വിളിക്കുകയും ചെയ്തു. 

മെഡിക്കല്‍ കോളജില്‍ ബന്ധുവായ രോഗിയെ നോക്കാനെത്തിയതാണെന്നു പറഞ്ഞാണ് സംഘം വീടു വാടകയ്‌ക്കെടുത്തത്. ഇവരുടെ പക്കല്‍നിന്ന് ഒമ്പത് മൊബൈലുകള്‍, ഒരു കളിത്തോക്ക്, ടേപ്പ്‌റിക്കാര്‍ഡര്‍, കൈയുറകള്‍, മുഖംമൂടി എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.