Latest News

വ്യാജ മെമ്മറികാര്‍ഡുകള്‍ വില്പന നടത്തിയ പത്തംഗസംഘം പിടിയില്‍

മഞ്ചേരി: വ്യാജ മെമ്മറികാര്‍ഡുകളും പെന്‍ഡ്രൈവുകളും വില്പന നടത്തി കബളിപ്പിച്ച കേസില്‍ യു.പി സ്വദേശികളായ 10പേര്‍ മഞ്ചേരി പോലീസ് പിടിയിലായി. ജില്ലയില്‍ വിവിധസ്ഥലങ്ങളില്‍ തട്ടിപ്പുനടക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് എസ്.പി ദേബേഷ് കുമാര്‍ ബഹ്‌റയുടെ നിര്‍ദേശപ്രകാരംനടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

ഉത്തര്‍പ്രദേശ് മുസാഫര്‍ നഗര്‍ മീരാപുര്‍ സ്വദേശികളായ നസര്‍ (25 ), മുഹ്‌സിന്‍ (20), മുഹമ്മദ് ഷദാബ് (25), മുഹമ്മദ് ഗുല്‍ഫാന്‍ (20). ഷരീഖ് (19), മുഹമ്മദ് ഷാക്കിര്‍ (20), മുഹമ്മദ് സാനിഷ് (19), ഡാനിഷ് (22), മുഹമ്മദ് സാപേജ് (19 ) എന്നിവരെയാണ് മഞ്ചേരി സി.ഐ സണ്ണിചാക്കോയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. സംഘത്തില്‍ ഒരുകുട്ടിയുമുണ്ടായിരുന്നു.

ഇവരുടെ പക്കല്‍നിന്ന് 16 ജി.ബിയുടെ 500 മെമ്മറി കാര്‍ഡുകളും 32 ജി.ബിയുടെ 70 പെന്‍െഡ്രെവുകളും 1,11,000 രൂപയും കണ്ടെടുത്തു. 12 മൊബൈല്‍ഫോണുകളും ടാബ്ലെറ്റ് കമ്പ്യൂട്ടറുകളും ഇവരുടെ കൈവശം ഉണ്ടായിരുന്നു.

ജനവരി ആറിന് മഞ്ചേരി ടൗണില്‍ കരുവമ്പ്രംസ്വദേശി കളത്തിങ്ങല്‍ അനസിന്റെ മൊബൈല്‍ഫോണ്‍ കടയില്‍ തട്ടിപ്പുനടത്തിയതിന്റെ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്.

സാന്‍ഡിസ്‌ക് കമ്പനിയുടെ പ്രതിനിധികളാണെന്നും വിലകുറച്ച് മെമ്മറികാര്‍ഡുകളും പെന്‍ഡ്രൈവുകളും നല്കാമെന്നും അറിയിച്ചു. കാര്‍ഡുകള്‍ പരിശോധിച്ചതില്‍ കൃത്രിമമൊന്നും തോന്നാത്തിനെത്തുടര്‍ന്ന് അനസ് 12,000 രൂപ നല്കി 60 മെമ്മറികാര്‍ഡുകള്‍ വാങ്ങി. 32ജി.ബിയുടെ പെന്‍ഡ്രൈവുകള്‍ നാലെണ്ണം 1000രൂപ നല്കിയും വാങ്ങി. പിന്നീടാണ് ഇത് ഉപയോഗശൂന്യമാണെന്ന് മനസ്സിലായത്. 

നിലമ്പൂരും ചുങ്കത്തറയിലും ഇത്തരത്തില്‍ തട്ടിപ്പുനടന്നുവെന്ന് മൊബൈല്‍ഫോണ്‍ കടയുടമകള്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്നാണ് അനസ് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മുഹ്‌സിന്‍ പിടിയിലായി. ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് മലപ്പുറത്ത് പോലീസ് സ്റ്റേഷന് സമീപം സ്വകാര്യലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുന്ന സംഘാംഗങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്.
പെരിന്തല്‍മണ്ണ, മലപ്പുറം, കോട്ടയ്ക്കല്‍, നിലമ്പൂര്‍, കൊണ്ടോട്ടി, എടക്കര, ചുങ്കത്തറ, കാളികാവ്, കരുവാരക്കുണ്ട് എന്നിവിടങ്ങളിലും വ്യാജമെമ്മറികാര്‍ഡ് വില്പന നടത്തിയതായി പ്രതികള്‍ പോലീസിനോടുപറഞ്ഞു.ചാന്ദ്‌നി ചൗക്കില്‍നിന്നാണ് ഇവര്‍ക്ക് വ്യാജ മെമ്മറികാര്‍ഡുകള്‍ എത്തുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.