Latest News

യു.എ.ഇ ലോകകപ്പ് ടീമില്‍ പാലക്കാട് സ്വദേശിയും

ദുബൈ: അടുത്തമാസം ആസ്ട്രേലിയയിലും ന്യൂസിലാന്‍റിലുമായി ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷപ്പില്‍ പാഡണിയാന്‍ ഒരു മലയാളിയുമുണ്ടാകും. ഇന്ത്യന്‍ ടീമില്‍ അല്ലെന്ന്‌ മാത്രം. പാലക്കാട്ടുകാരനായ കൃഷ്ണ ചന്ദ്രനാണ് യു.എ.ഇ ദേശീയ ടീമിലിടം പിടിച്ച് ലോകകപ്പ് വേദിയില്‍ മലയാള സാന്നിധ്യമറിയിക്കുന്നത്.

കേരളത്തിന് വേണ്ടി രഞ്ജി ട്രോഫിയിലടക്കം കളിച്ചിട്ടുണ്ട് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ഈ 31കാരന്‍ അഞ്ചു വര്‍ഷമായി ദുബൈയിലത്തെിയിട്ട്. ഇപ്പോള്‍ എമിറേറ്റ്സ് എയര്‍ലൈനില്‍ കസ്റ്റമര്‍ സര്‍വീസ് ഏജന്‍റാണ്.
സ്കൂള്‍ പഠന കാലത്തിന് ശേഷമാണ് കൃഷ്ണ ചന്ദ്രന്‍ ക്രിക്കറ്റിലേക്ക് ശ്രദ്ധതിരിക്കുന്നത്. തുടര്‍ന്ന് കേരളത്തിന് വേണ്ടി അണ്ടര്‍ 19, 21,25 ഏജ്ഗ്രൂപ്പുകളില്‍ കളിച്ചു. 2004-05ല്‍ രഞ്ജിട്രോഫിയിലും കേരളത്തിന് വേണ്ടി പാഡണിഞ്ഞു ഈ ആള്‍റൗണ്ടര്‍. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ബാംഗ്ളൂര്‍ സര്‍വകലാശാലക്ക് വേണ്ടിയും തുടര്‍ന്ന് ഇന്ത്യന്‍ സര്‍വകലാശാല ടീമിനു വേണ്ടിയും കളിച്ചു. ഇതിനിടെ ജീവിത സാഹചര്യങ്ങള്‍ ദുബൈയിലത്തെിച്ചു. ഇവിടെ കെ.പി.എല്‍, കെ.സി.എല്‍ ടൂര്‍ണമെന്‍റുകളിലെല്ലാം സജീവമായിരുന്നു. 

കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി യു.എ.ഇ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് മലേഷ്യയില്‍ നടന്ന എ.സി.സി പ്രീമിയര്‍ ലീഗ് മത്സരത്തിലായിരുന്നു ദേശീയ ടീമിലുള്ള അരങ്ങേറ്റം.തുടര്‍ന്ന് ലോകകപ്പിനുള്ള സാധ്യത ടീമിലിടം പിടിച്ച കൃഷ്ണ ചന്ദ്രന്‍ വിവിധ ടീമുകളുമായുള്ള സൗഹൃദ മത്സരത്തില്‍ തിളങ്ങിയതോടെ അവസാന 15 അംഗ ലിസ്റ്റിലും സ്ഥാനം ഉറപ്പാക്കുകയായിരുന്നു.

പാക്കിസ്താന്‍, ന്യുസിലാന്‍റ്, അഫ്ഗാനിസ്താന്‍ ടീമുകളുമായുള്ള മത്സരത്തില്‍ ബാറ്റിങിലും ബൗളിങ്ങിലും മികവ് കാട്ടിയതോടെ മലയാളികളുടെ അഭിമാനമായി ലോകകപ്പിലും കളിക്കാന്‍ അവസരമായി.വലങ്കൈയ്യന്‍ ബാറ്റിങും മീഡിയം പേസ് ബൗളിങുമാണ് തുരുപ്പുശീട്ട്.
1996ല്‍ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കളിച്ച യു.എ.ഇ 19 വര്‍ഷത്തിന് ശേഷമാണ് വീണ്ടും ലോക മാമാങ്കത്തിന് യോഗ്യത നേടുന്നത്. മുഹമ്മദ് തൗഖീറാണ് ക്യാപ്റ്റന്‍. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ടീമിനെ നയിച്ച പാക്കിസ്ഥാന്‍ സ്വദേശിയായ ഖൂറം ഖാനാണ് വൈസ് ക്യാപ്റ്റന്‍.
യൂ.എ.ഇ പൗരനെ തന്നെ ക്യാപ്റ്റനാക്കണമെന്ന കായിക മന്ത്രാലയത്തിന്‍െറ തീരുമാനമനുസരിച്ചാണ് ഖുറം ഖാനെ മാറ്റിയത്. 

ക്യാപ്റ്റന്‍ തൗഖിറിനെ കൂടാതെ അല്‍ ഹാശ്മിയാണ് ടീമിലെ മറ്റൊരു യു.എ.ഇ പൗരന്‍. ബാക്കിയെല്ലാവരും വിദേശികളാണ്. കൂടുതലും പാക്കിസ്താനികളാണ്. രണ്ടു ശ്രീലങ്കക്കാരുമുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.