Latest News

സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് അന്തരിച്ചു

റിയാദ്: സൗദി അറേബ്യയുടെ രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അന്തരിച്ചു. 90 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ ഒന്നിനാണ് മരണപ്പെട്ടത്. സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസാണ് സൗദിയുടെ പുതിയ രാജാവ്. രാജ്യത്തെ ഒൗദ്യോഗിക ടെലിവിഷനിലൂടെയാണ് മരണവാര്‍ത്ത പുറത്തു വിട്ടത്.

ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഡിസംബര്‍ 31 മുതല്‍ റിയാദിലെ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ രാജ്യത്തെ പൊതുപരിപാടികളില്‍ നിന്നും രാജാവ് നേരത്തേ വിട്ട് നിന്നിരുന്നു. തുടര്‍ന്ന് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസായിരുന്നു അദ്ദേഹത്തിന് പകരം രാജ്യത്തിന്‍െറ പൊതു പരിപാടികളില്‍ പങ്കെടുത്തു കൊണ്ടിരുന്നത്. അബ്ദുള്ള രാജാവിന്‍െറ മരണത്തോടെ സല്‍മാന്‍ രാജാവ് രാജ കുടുംബത്തിന്‍െറ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മുഖ്റിന്‍ ആണ് രാജ്യത്തിന്‍െറ അടുത്ത കിരീടാവകാശി.

ഫഹദ് ബിന്‍ അബ്ദുള്‍ അസീസിന്‍്റെ നിര്യാണത്തെ തുടര്‍ന്ന് 2005 ആഗസ്റ്റ് 1 നാണ് അബ്ദുള്ള രാജാവ് സ്ഥാനമേറ്റത്. 2012 ജൂണില്‍ നായിഫ് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍െറ മരണത്തെ തുടര്‍ന്നാണ് സല്‍മാനെ അടുത്ത കീരിടാവകാശിയായി പ്രഖ്യാപിച്ചത്. 2014 മാര്‍ച്ചില്‍ മുഖ്റിനെയും കിരീടാവകാശിയായി പ്രഖ്യാപിച്ചു.

രണ്ട് വിശുദ്ധ ഗേഹങ്ങളുടെ പരിപാലകന്‍ എന്ന വിശേഷണമുള്ള സൗദി രാജ പദവിയിലെ ഏറ്റവും ജനപ്രിയനായ ഭരണാധികാരിയായിരുന്നു അബ്ദുള്ള രാജാവ്. അറബ് രാഷ്ട്ര നേതാക്കളില്‍ സൗഹൃദത്തിനും സഹവര്‍ത്തിത്വത്തിനും ഏറ്റവും പ്രധാന്യം നല്‍കിയ ഭരണാധികാരിയായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ സൗദിയെ പിടിച്ചു നിര്‍ത്തിയതും അദ്ദേഹത്തിന്‍്റെ ഭരണ മികവായിരുന്നു. സൗദിയുടെ സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ അദ്ദേഹം വരുത്തിയ പരിഷ്കാരങ്ങള്‍ വളരെ വലുതായിരുന്നു.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.