ദോഹ: സല്‍മാന്‍ സുബൈര്‍ എന്ന 12 വയസുകാരന്‍ മലയാളി പയ്യന് ലയണല്‍ മെസ്സിയെന്നാല്‍ എല്ലാമെല്ലാമാണ്. ബാഴ്സലോണ മെസ്സിയുമായി കരാര്‍ ഒപ്പിട്ടത് എത്ര തുകക്കാണെന്ന് ചോദിച്ചാല്‍ ഉറക്കത്തില്‍ നിന്ന് ചാടിയെണീറ്റ് ഉത്തരം പറയുന്ന പ്രകൃതം. മൊത്തത്തില്‍ പറഞ്ഞാല്‍ ഫുട്ബാളാണ് ജീവിതം. ഇപ്പോള്‍ അല്‍ അഹ്ലി ക്ളബില്‍ ഫുട്ബാള്‍ പരിശീലനം നേടുന്നുണ്ട്. മെസ്സി അഭിനയിച്ച പരസ്യചിത്രത്തിന്‍െറ ഭാഗമാവാന്‍ കഴിഞ്ഞതിന്‍െറ ‘ഞെട്ടലി’ലാണ് ഇപ്പോള്‍ സല്‍മാന്‍.
യൂനിസെഫ്, റോട്ട (റീച്ച് ഒൗട്ട് ടു ഏഷ്യ), എഫ്.സി. ബാഴ്സലോണ ഫൗണ്ടേഷന്‍ എന്നിവര്‍ ചേര്‍ന്ന് നടപ്പാക്കുന്ന വണ്‍ ഇന്‍ ഇലവന്‍ പ്രോഗ്രാമിന്‍െറ ഭാഗമായാണ് പരസ്യചിത്രം പുറത്തിറക്കിയത്. ലയണല്‍ മെസ്സി സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഒരു ദിവസം കൊണ്ട് രണ്ട് ദശലക്ഷം ആളുകളാണ് കണ്ടത്.
മെസ്സിയെ കൂടാതെ അമേരിക്കന്‍ ടെന്നീസ് താരം സറീന വില്യംസും ചിത്രത്തിലുണ്ട്. ചിത്രത്തില്‍ അഭനിയിച്ച രണ്ട് കുട്ടികളെയും ഖത്തറില്‍ നിന്നാണ് തെരഞ്ഞെടുത്തത്. സല്‍മാന് പുറമെ ഖത്തറിലുള്ള ഇന്തോനോഷ്യക്കാരിയായ പെണ്‍കുട്ടിക്കാണ് സെലക്ഷന്‍ കിട്ടിയത്. ചിത്രീകരണം വെസ്റ്റേബേയിലെ സ്റ്റുഡിയോയിലായിരുന്നു. സ്വദേശികളും വിദേശികളുമായ 26 കുട്ടികളില്‍ നിന്നാണ് രണ്ട് പേരെ തെരഞ്ഞെടുത്തത്. നല്ല പന്തടക്കത്തോടൊപ്പം മെലിഞ്ഞ ശരീരവുമാണ് സല്‍മാന് തുണയായത്.
ഗേറ്റ് മാളിനടുത്തുള്ള സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. ആസ്പയര്‍ സോണിലെ ഖലീഫ സ്റ്റേഡിയം ഇവിടെ സെറ്റിട്ടാണ് രംഗങ്ങള്‍ ചിത്രീകരിച്ചത്. മെസ്സി നീട്ടിയടിക്കുന്ന പന്ത് തട്ടുന്ന രംഗത്താണ് സല്‍മാനും ഇന്തോനേഷ്യന്‍ പെണ്‍കുട്ടിയും അഭിനയിച്ചത്. ചിത്രീകരണ സമയത്തൊന്നും മെസ്സി ഇതിലുള്ള കാര്യം സല്‍മാനോ രക്ഷിതാക്കള്‍ക്കോ അറിയില്ലായിരുന്നു. ഫുട്ബാളുമായി ബന്ധപ്പെട്ട ചിത്രമാണെന്നേ വിചാരിച്ചുള്ളൂ. മെസ്സിയും സറീന വില്യംസും അഭിനയിച്ച ഭാഗങ്ങള്‍ വെവ്വേറെയാണ് ചിത്രീകരിച്ചത്.
ഒടുവില്‍ ജനുവരി 11ന് ബാഴ്സലോണ ക്ളബില്‍ ചിത്രം പുറത്തിറങ്ങുന്ന ദിവസമാണ് സസ്പെന്‍സ് പുറത്തുവിട്ടത്. മെസ്സിയുടെ കൂടെയാണ് അഭിനയിച്ചതെന്ന് അറിഞ്ഞപ്പോള്‍ സല്‍മാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. പിന്നീടവന്‍ നിലത്തൊന്നുമായിരുന്നില്ലെന്ന് പിതാവ് സുബൈര്‍ പറഞ്ഞു. ചിത്രീകരണത്തിനിടെയുണ്ടായ ചെറിയ അപകടത്തില്‍ നല്ല ശരീര വേദന അനുഭവപ്പെട്ടെങ്കിലും സല്‍മാന്‍ മിണ്ടിയില്ല. അങ്ങനെ അവസരം നഷ്ടപ്പെട്ടാലോ എന്ന പേടി കൊണ്ടാണ് മിണ്ടാതിരുന്നത്.
അല്‍ അഹ്ലി ക്ളബില്‍ നിന്നാണ് പരസ്യചിത്രത്തിന് കുട്ടികളെ വേണമെന്ന വിവരം അറിഞ്ഞത്. ഫുട്ബാള്‍ തട്ടുന്ന 20 മിനിട്ടുള്ള വീഡിയോ അയക്കാനായിരുന്നു നിര്‍ദേശം. ബാള്‍ നിലത്ത് വീഴാതെ തട്ടുന്ന വീഡിയോ അയച്ചുകൊടുത്തപ്പോള്‍ അഭിമുഖത്തിന് വിളിച്ചു. അവിടെനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ലോകത്തെ എല്ലാ കുട്ടികള്‍ക്കും നിലവാരമുള്ള വിദ്യാഭ്യാസത്തിന് അവസരം ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ‘വണ്‍ ഇന്‍ ഇലവന്‍’ പ്രോഗ്രാം നടപ്പാക്കുന്നത്. ഇന്തോനേഷ്യ, നേപ്പാള്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
ചെറുപ്പത്തില്‍ പിതാവ് സുബൈര്‍ പന്ത് തട്ടുന്നത് കണ്ടാണ് സല്‍മാനും ഫുട്ബാളില്‍ കമ്പം കയറിയത്. എട്ടാം വയസ് മുതല്‍ ആസ്പയര്‍ അക്കാദമിയില്‍ മൂന്ന് വര്‍ഷം ഫുട്ബാള്‍ പരിശീലനം നേടിയിട്ടുണ്ട് സല്‍മാന്‍. നിയമപ്രകാരം ഖത്തറില്‍ ജനിച്ചവര്‍ക്കോ അറബ് വംശജര്‍ക്കോ മാത്രമാണ് ഇവിടെ പ്രവേശനം ലഭിക്കാറുള്ളത്. സല്‍മാന്‍െറ പ്രതിഭ കണ്ട് ബോധ്യപ്പെട്ടതിനാലാണ് ആസ്പയര്‍ അധികൃതര്‍ പ്രവേശനം നല്‍കിയത്.
നിയമപരമായി രജിസ്ട്രേഷന്‍ നല്‍കാതെയാണ് പ്രവേശനം ലഭിച്ചത്. പിന്നീട് നിയമം കൂടുതല്‍ കര്‍ശനമായപ്പോള്‍ അവിടെ നിന്ന് വിട്ട് അല്‍ അഹ്ലി ക്ളബില്‍ ചേര്‍ന്നു. ആഴ്ചയില്‍ മൂന്ന് ദിവസമാണ് പരിശീലനം.
ബിര്‍ള പബ്ളിക് സ്കൂളില്‍ ഏഴാം തരം വിദ്യാര്‍ഥിയായ സല്‍മാന് ഭാവിയില്‍ ഫുട്ബാള്‍ കളിക്കാരനാവണമെന്ന് തന്നെയാണ് ആഗ്രഹം. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ സ്വദേശിയായ പിതാവ് സുബൈര്‍ ഖത്തര്‍ പെട്രോളിയത്തില്‍ ജോലി ചെയ്യുകയാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment