Latest News

മാലിന്യനിര്‍മാര്‍ജന സന്ദേശത്തിനായി ചൂല്‍ നിര്‍മിച്ചു കൊച്ചുകുട്ടികള്‍

പയ്യന്നൂര്‍: മാലിന്യനിര്‍മാര്‍ജന സന്ദേശം നല്‍കി ചൂല് നിര്‍മിച്ച് വിതരണം ചെയ്ത് കൊച്ചുകുട്ടികള്‍ മാതൃകയായി. കണ്ടോത്ത്‌ എഎല്‍പി സ്‌കൂളിലെ കൊച്ചുകൂട്ടുകാരാണ് റിപ്പബ്ലിക്ക് ദിനത്തില്‍ നാടിനെ മാലിന്യവിമുക്തമാക്കാന്‍ വേറിട്ട കര്‍മപരിപാടിയുമായി രംഗത്തിറങ്ങിയത്. 

പുസ്തകസഞ്ചിക്ക് പകരം തെങ്ങോലകളുമായാണ് റിപ്പബ്ലിക്ക് ദിനത്തില്‍ കുട്ടികളെത്തിയത്. ഇവര്‍ കൂട്ടമായിരുന്ന് ഓല ചീകിയെടുത്ത് കെട്ടിയുണ്ടാക്കിയത് നൂറിലേറെ ചൂലുകള്‍.

ചൂലുകള്‍ തയാറായതോടെ കുട്ടികളെല്ലാവരും ചേര്‍ന്ന് ഇവയുമെടുത്ത് സ്‌കൂളിന് പുറത്തേക്കിറങ്ങി. ഇവര്‍ ആദ്യം പോയത് സ്‌കൂളിനടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ്. ആശുപത്രി സൂപ്രണ്ടിന് ചൂല് നല്‍കിയശേഷം അടുത്ത വീടുകളിലേക്കായി ഇവരുടെ യാത്ര.

ഓരോ വീടുകളിലും പീടികകളിലും ചൂല് നല്‍കുന്നതോടൊപ്പം മാലിന്യ നിര്‍മാര്‍ജനത്തെപ്പറ്റിയുള്ള വിവരണവും നല്‍കി. ചൂലുമായി വീടുവീടാന്തരം കയറിയിറങ്ങിയ കുരുന്നുകളെ സന്തോഷത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. 

സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി. ഭാമദേവനും അധ്യാപകരുമാണ് കുട്ടികള്‍ക്ക് പ്രോത്സാഹനവുമായി കൂടെയുണ്ടായിരുന്നത്. ഒന്നാം ക്ലാസ് മുതലുള്ള മുഴുവന്‍ കുട്ടികളും ഈ പരിപാടിയില്‍ പങ്കാളികളായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.