Latest News

പോലീസ് സ്‌റ്റേഷന്‍ ആക്രമണം: എംഎല്‍എ ഉള്‍പ്പെടെ 200 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

കണ്ണൂര്‍: കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു തടിച്ചുകൂടിയവര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ കെ.കെ. നാരായണന്‍ എംഎല്‍എ ഉള്‍പ്പെടെ ഇരുനൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു.

ആക്രമണത്തില്‍ പൊലീസ് സ്‌റ്റേഷനില്‍ വ്യാപക നാശനഷ്ടമുണ്ട്. മൂന്നു പോലീസ് വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. ഹര്‍ത്താല്‍ദിനത്തില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നു കെ.കെ. നാരായണന്‍ എംഎല്‍എയുടെ മകന്‍ ടി. സുനീഷ്, ചെറുമാവിലായിലെ രാജേഷ് എന്നിവരെ ചക്കരക്കല്‍ പോലീസ് രാത്രി കസ്റ്റഡിയിലെടുത്തിരുന്നു.

ഡിവൈഎഫ്‌ഐ എടക്കാട് ബ്ലോക്ക് പ്രസിഡന്റാണു സുനീഷ്. ഇരുവരെയും പോലീസ് ലോക്കപ്പില്‍ മര്‍ദിച്ചുവെന്നാരോപിച്ചു രാത്രി പത്തരയോടെ കെ.കെ. നാരായണന്‍, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചു സ്‌റ്റേഷനു മുന്‍പിലെത്തി.

എംഎല്‍എ കുത്തിയിരിപ്പുസമരം തുടങ്ങിയതിനെത്തുടര്‍ന്നു ഡിവൈഎസ്പി സ്ഥലത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തുകയും കസ്റ്റഡിയിലായവരെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയുമായിരുന്നു. ഇതിനിടയിലാണു സ്‌റ്റേഷനുനേരെ ആക്രമണമുണ്ടായതെന്നു പോലീസ് പറഞ്ഞു. പൊലീസിന്റെ രണ്ടു ബൈക്കുകളും മൊബൈല്‍ പട്രോളിങ് വാഹനവും ഉപയോഗിക്കാനാവാത്ത വിധം തകര്‍ക്കപ്പെട്ടു.

പൊലീസിന്റെ വാഹനത്തിനു മുന്‍പില്‍ ഡിവൈഎഫ്‌ഐയുടെ കൊടി കെട്ടി. സ്‌റ്റേഷന്റെ ബോര്‍ഡ് അക്രമികള്‍ എടുത്തുകൊണ്ടുപോവുകയും സ്‌റ്റേഷന്‍ കെട്ടിടം ചുവരെഴുത്തു നടത്തി വികൃതമാക്കുകയും ചെയ്തു. സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറിയതിനും മാര്‍ഗതടസ്സം സൃഷ്ടിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

ഹര്‍ത്താലിനിടെ ഐവര്‍കുളത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടു ബിജെപി പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിരുന്നത്. സംഘര്‍ഷത്തില്‍ അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്കും രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.