Latest News

മുക്ക് പണ്ടം: രതി പൂച്ചക്കാട് ബാങ്കില്‍ നിന്ന് തട്ടിയത് 2.45 ലക്ഷം

ബേക്കല്‍: ജില്ലാ ബാങ്ക് രണ്ട് ശാഖകള്‍ ഉള്‍പ്പടെ വിവിധ ബാങ്ക് ശാഖകളില്‍ നിന്ന് മുക്ക് പണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാന്റില്‍ കഴിയുന്ന ബല്ലാ കടപ്പുറത്തെ മനോജ് കുമാറിന്റെ ഭാര്യ എസ് രതി (35)ക്കെതിരെ പോലീസ് ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. 

പള്ളിക്കര സര്‍വ്വീസ് സഹകരണ ബേങ്ക് പൂച്ചക്കാട് ശാഖ മാനേജര്‍ ഉഷാകുമാരിയുടെ പരാതി പ്രകാരമാണ് രതിക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തത്.
2014 ജൂലൈ മാസത്തില്‍ രതി പൂച്ചക്കാട് ബേങ്കില്‍ മുക്ക് പണ്ടം പണയം വെക്കുകയും 2.45 ലക്ഷം രൂപ കൈക്കലാക്കുകയുമായിരുന്നു. 

ജില്ലാ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ രണ്ട് ശാഖകളിലും പള്ളിക്കര സര്‍വ്വീസ് സഹകരണ ബേങ്കിലും പനയാല്‍ സര്‍വ്വീസ് സഹകരണബേങ്കിലും പള്ളിക്കര അര്‍ബന്‍ സൊസൈറ്റിയിലും മുക്ക് പണ്ടങ്ങള്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതിന് വിവിധ ബാങ്ക് മാനേജര്‍ മാരുടെയും സെക്രട്ടറിമാരുടെയും പരാതികളില്‍ രതിക്കെതിരെ കേസുകള്‍ നിലവിലുണ്ട്. 

രതിയുടെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവന്നുതുടങ്ങിയതോടെയാണ് കൂടുതല്‍ പേര്‍ പരാതികളുമായി പോലീസിനെ സമീപിക്കുന്നത്.
ഈ സാഹചര്യത്തില്‍ രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് പോലീസ് കോടതിയില്‍ ഹരജി നല്‍കും .രതിക്കെതിരെ ഹൊസ്ദുര്‍ഗ്- ബേക്കല്‍ പോലീസ് സ്റ്റേഷനുകളിലാണ് നിലവില്‍ കേസുകളുള്ളത്. 

നിരവധി ബേങ്കുകളില്‍ ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ രതിക്ക് എങ്ങനെ സാധിച്ചുവെന്നത് പോലീസിനെ അല്‍ഭുതപ്പെടുത്തുന്നുണ്ട്. ബാങ്കുകളുമായി ബന്ധപ്പെട്ട ചിലരുടെ സഹായമില്ലാതെ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്താന്‍ സാധിക്കില്ലെന്നാണ് പോലീസിന്റെ നിഗമനം. അതുകൊണ്ട് തന്നെ രതിയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ തട്ടിപ്പുമായി ബന്ധമുള്ളവരെ കുറിച്ച് വിവരം കിട്ടുമെന്ന് പോലീസ് കരുതുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.