Latest News

അമേരിക്കന്‍ ജോസിന്റെ കൊല; അന്വേഷണം ഊര്‍ജ്ജിതമാക്കി

രാജപുരം: ലാബോറട്ടറി ഉടമയെ വീടിനു മുമ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. പൂടംങ്കല്ലിലെ എം ഡി എസ് ലാബോറട്ടറി ഉടമ ചുള്ളിക്കര പാലത്തിനടുത്ത് ഗവ. എല്‍ പി സ്‌കൂളിനടുത്ത് താമസിക്കുന്ന എം സി ജോസ് എന്ന അമേരിക്കന്‍ ജോസിന്റെ (48) മൃതദേഹമാണ് ചൊവ്വാഴ്ച വെളുപ്പിന് സ്വന്തം വീട്ടു വരാന്തക്ക് തൊട്ടടുത്ത് ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തലക്ക് അടിയേറ്റ് മാരകമായി പരിക്കേറ്റിട്ടുണ്ട്.

ജോസിന്റെ ഭാര്യ ജിസ ഇറ്റലിയില്‍ ഹോംനേഴ്‌സായി ജോലി നോക്കി വരികയാണ്. രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി ആകാശ് ജോസും എട്ടാം ക്ലാസില്‍ പഠിക്കുന്ന അമല്‍ ജോസും അച്ഛനോടൊപ്പമാണ് താമസിക്കുന്നത്. ചൊവ്വാഴ്ച വെളുപ്പിന് കുട്ടികള്‍ മൂത്രമൊഴിക്കാന്‍ വീടിനു വെളിയില്‍ ഇറങ്ങിയ നേരത്താണ് വീട്ടു വരാന്തക്ക് താഴെ ജോസിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. വരാന്ത മുഴുവന്‍ ചോര കട്ടപിടിച്ചിട്ടുണ്ട്. ചെരിപ്പും ലുങ്കിലും ജഗ്ഗും വരാന്തയില്‍ അലക്ഷ്യമായി വീണുകിടന്നു. ഒറ്റനോട്ടത്തില്‍ ഇതൊരു കൊലപാതകമാണെന്ന് ഉറപ്പിച്ച പോലീസ് ജോസിന്റെ കൊലയാളികളെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു. 

അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്ത് ചികിത്സയിലായിരുന്ന ജോസ് കുറച്ച് ദിവസം മുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. വെള്ളരിക്കുണ്ടിലും മറ്റും ലാബോറട്ടറി നടത്തിയ ജോസ് പിന്നീട് ബിസിനസ് പൂടംങ്കല്ലില്‍ ഒതുക്കുകയായിരുന്നു. നേരത്തെ സ്വന്തമായി ആംബുലന്‍സ് ജോസിനുണ്ടായിരുന്നു.

ജോസിന്റെ ഭാര്യയുടെ അടുത്ത ബന്ധുവായ യുവതിയും കൊച്ചി സ്വദേശിയായ ഒരു യുവാവും തമ്മിലുള്ള ബന്ധത്തെ ഇതിനു മുമ്പ് ജോസ് ചോദ്യം ചെയ്യുകയും യുവതിയെ താക്കീത് നല്‍കുകയും ചെയ്തിരുന്നുവത്രേ. ഈ സംഭവത്തില്‍ ക്ഷുഭിതനായ യുവാവ് ജോസിന് നേരെ വധഭീഷണി മുഴക്കിയതായി പറയപ്പെടുന്നു. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ജോസിനെ വകവരുത്തി എന്നാണ് സംശയിക്കുന്നത്. യുവാവിനും യുവതിക്കും ഈ സംഭവത്തിന് പിന്നില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ് പോലീസ്. 

കൊലപാതക വിവരമറിഞ്ഞ് വെളുപ്പിന് തന്നെ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ഹരിശ്ചന്ദ്ര നായക്ക്, വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന നീലേശ്വരം സി ഐ യു പ്രേമന്‍, രാജപുരം എസ് ഐ രാജീവന്‍ വലിയവളപ്പില്‍ എന്നിവര്‍ ജോസിന്റെ വീട്ടിലെത്തി. കാസര്‍കോട്ട് നിന്ന് ഇന്ന് രാവിലെ വിരലടയാള വിദ്ഗധരും പോലീസ് നായയും എത്തി. 


വരാന്തയില്‍ മണം പിടിച്ച നായ നേരെ തിരിച്ച് പോലീസ് വണ്ടിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
ജോസിന്റെ മരണ വിവരമറിഞ്ഞ് ഇന്ന് പുലര്‍ച്ചെ മുതല്‍ നൂറ് കണക്കിനാളുകള്‍ വീട്ടിലെത്തി. പരേതനായ മുളവനാര്‍ ചാക്കോയുടെ മകനാണ് ജോസ്. സഹോദരങ്ങള്‍: ലൈല(സൗദി), ജെയ്‌മോ(സൗദി), ജെസി (പൂടംകല്ല്), ആസി (കാസര്‍കോട്).
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.