കാഞ്ഞങ്ങാട്: വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ബാങ്കില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ ക്ലര്‍ക്കിനെ കോടതി 11 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഫെഡറല്‍ ബാങ്ക് നീലേശ്വരം ശാഖയിലെ ക്ലര്‍ക്കായിരുന്ന എറണാകുളം ആലുവ സ്വദേശി കെ എസ് സ്റ്റീഫനെയാണ് (55) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 11 വര്‍ഷം കഠിന തടവിനും 13000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
കേസിലെ രണ്ടാംപ്രതിയും സ്റ്റീഫന്റെ ബന്ധുവുമായ കാലടിയിലെ സ്റ്റാന്‍ലി പോള്‍ വിചാരണ വേളയില്‍ കോടതിയില്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് സ്റ്റാന്‍ലിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
1999 ലാണ് കെഎസ് സ്റ്റീഫന്‍ ഫെഡറല്‍ ബാങ്ക് നീലേശ്വരം ശാഖ ഓഫീസില്‍ ക്ലര്‍ക്കായി ജോലിക്ക് കയറിയത്. ഇതിനിടെ ബാങ്കിലെ ഇടപാടുകാരനായ പുതുക്കൈ സ്വദേശി സന്തോഷിന്റെ പേരില്‍ ഇദ്ദേഹം അറിയാതെ സ്റ്റീഫന്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും 5000 രൂപ നിക്ഷേപിക്കുകയും ചെയ്തു.
എന്നാല്‍ ബാങ്കിന്റെ ലെഡ്ജറില്‍ കൃത്രിമമുണ്ടാക്കി സ്റ്റീഫന്‍ 45000 എന്നാണ് ചേര്‍ത്തത്. പിന്നീട് ഇതില്‍ നിന്നും 40000 രൂപ പിന്‍വലിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഇതേ അക്കൗണ്ടില്‍ വീണ്ടും 5000 രൂപ നിക്ഷേപിച്ച സ്റ്റീഫന്‍ കൃത്രിമ രേഖയുണ്ടാക്കി 46500 എന്ന് എഴുതി ചേര്‍ത്തു. ഈ പണവും പിന്‍വലിച്ചു.
മാസങ്ങള്‍ കഴിഞ്ഞ് സ്റ്റീഫന്‍ ബന്ധുവായ കാലടി സ്വദേശി സ്റ്റാന്‍ലി പോളിന്റെ പേരില്‍ അക്കൗണ്ട് തുറന്നു. സ്റ്റാന്‍ലിയുടെ അറിവോടെയും സമ്മതത്തോടെയുമായിരുന്നു ഈ അക്കൗണ്ട്. ഇതില്‍ ആദ്യഘട്ടത്തില്‍ 1000 രൂപ നിക്ഷേപിച്ച സ്റ്റീഫന്‍ കൃത്രിമ രേഖയുണ്ടാക്കി 81000 രൂപയാക്കുകയും തുടര്‍ന്ന് 67000 രൂപയെന്ന് എഴുതി ചേര്‍ക്കുകയും ചെയ്തു. ഈ തുകകളും പിന്‍വലിച്ചു. സ്റ്റീഫന്‍ ഇവിടെ നിന്നും സ്ഥലം മാറിപ്പോയതോടെ പുതുതായി ചുമതലയേറ്റ ക്ലര്‍ക്ക് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയില്‍ സ്റ്റീഫനും സ്റ്റാന്‍ലിക്കുമെതിരെ നീലേശ്വരം പോലീസ് കേസെടുക്കുകയായിരുന്നു.
ഇതിനിടെ ഫെഡറല്‍ ബാങ്കിന്റെ മറ്റൊരു ശാഖയിലേക്ക് സ്ഥലംമാറ്റപ്പെട്ട സ്റ്റീഫന്‍ സസ്‌പെന്റിലാവുകയും ചെയ്തു. 15 വര്‍ഷം മുമ്പ് നടന്ന പ്രമാദമായ ഈ തട്ടിപ്പ് കേസിന്റെ വിചാരണ കഴിഞ്ഞ ദിവസമാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ പൂര്‍ത്തിയായത്. നിരവധി തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് രണ്ടാം പ്രതി സ്റ്റാന്‍ലി പോളിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment