Latest News

റെയില്‍പ്പാളത്തിലെ ഇരുമ്പുപൈപ്പ്: അട്ടിമറിയല്ലെന്നു പോലീസ്; മോഷ്ടാവ് അറസ്റ്റില്‍

കോഴിക്കോട്: ചെറുവണ്ണൂരിനു സമീപം കുണ്ടായിത്തോട്ടില്‍ റെയില്‍പ്പാളത്തില്‍ ഇരുമ്പുപൈപ്പ് കണ്ടെത്തിയ സംഭവം അട്ടിമറി ശ്രമമല്ലെന്ന് പോലീസ് കണ്ടെത്തി. ദുരൂഹതയും ഭീതിയും സൃഷ്ടിച്ച സംഭവത്തില്‍ കുണ്ടായിത്തോട് നാത്തൂനിപ്പാടം നടുക്കണ്ടി വീട്ടില്‍ ഹുസൈന്‍ (53) എന്നയാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.

ഇരുമ്പുസാധനങ്ങള്‍ മോഷ്ടിച്ചുവില്‍ക്കുന്ന ഇയാള്‍ പ്രദേശത്തെ കെട്ടിടനിര്‍മാണസ്ഥലത്തുനിന്നും മോഷ്ടിച്ച പൈപ്പ് കഷണങ്ങളാക്കുന്നതിനായി പാളത്തില്‍ വയ്ക്കുകയായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനു മംഗളൂരു-സാന്ദ്രാഗച്ചി വിവേക് എക്‌സ്പ്രസ് ട്രെയിന്‍ കടന്നു പോകുന്നതിനു തൊട്ടുമുമ്പായാണ് റെയില്‍പ്പാളത്തില്‍ അഞ്ചുമീറ്റര്‍ നീളവും രണ്ടര ഇഞ്ച് വ്യാസവുമുള്ള പൈപ്പ് കണ്ടെത്തിയിരുന്നത്. ഫറോക്കില്‍നിന്നു കോഴിക്കോട്ടേക്കു കൊണ്ടുവരികയായിരുന്ന എന്‍ജിനിന്റെ ഡ്രൈവര്‍ പൈപ്പ് കണ്ടെത്തുകയും റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

ഫറോക്ക് റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററുടെ പരാതി പ്രകാരം കേസെടുത്ത നല്ലളം പോലീസ് പ്രദേശത്തെ മദ്യപസംഘങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹുസൈന്‍ അറസ്റ്റിലായത്. സ്ഥിരം മദ്യപനായ ഇയാള്‍ ഇതിനുള്ള പണം കണ്ടെത്തുന്നതിനു പരിസരങ്ങളില്‍നിന്നും ഇരുമ്പുസാധനങ്ങള്‍ മോഷ്ടിച്ച് ആക്രിക്കടകളില്‍ വില്ക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. 

ട്രാക്കില്‍ കണ്ടെത്തിയ പൈപ്പ് ചെറുവണ്ണൂര്‍ സ്രാമ്പ്യക്കടുത്ത് അങ്ങാടിയില്‍ കെട്ടിടനിര്‍മാണം നടക്കുന്നിടത്തുനിന്നു മോഷ്ടിച്ചതാണ്. കുണ്ടായിത്തോട് മേച്ചന്നൂര്‍ കോപ്ലക്‌സിനു പുറകിലായി മതിലിനോടു ചേര്‍ന്നു ഒളിപ്പിച്ച പൈപ്പ് മുന്‍കാലങ്ങളില്‍ ചെയ്യാറുള്ളതു പോലെ റെയിലിനു മുകളില്‍ കുറുകേ ഇടുകയും ട്രെയിന്‍ കടന്നുപോകുന്നതും കാത്ത് മാറിനില്‍ക്കുകയുമായിരുന്നു. ട്രെയിന്‍ നിര്‍ത്തി ആളുകള്‍ കൂടുന്നതു കണ്ടു പന്തികേടു തോന്നിയ ഹുസൈന്‍ അവിടെനിന്നും രക്ഷപ്പെട്ടു. പിറ്റേന്ന് പത്രങ്ങളിലും മറ്റും വാര്‍ത്ത വന്നതിനാല്‍ വീട്ടില്‍നിന്നും പുറത്തിറങ്ങിയതുമില്ല.

പ്രദേശത്തെ ഇന്‍ഡസ്ട്രിയല്‍, വെല്‍ഡിംഗ്, കേബിള്‍ ജോലികള്‍ ചെയ്യുന്നവരെയും ഇരുമ്പുപൈപ്പ് കച്ചവടക്കാരെയും സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതലുള്ള പോലീസ് അന്വേഷണം. റെയില്‍വേ ട്രാക്കില്‍നിന്നും കണ്ടെത്തിയ പൈപ്പ് ചെറുവണ്ണൂരില്‍ നിന്നും നഷ്ടപ്പെട്ടതാണെന്നു കണ്ടെത്തിയതോടെ ഈ പ്രദേശത്തെ മദ്യപസംഘങ്ങളെയും ചെറുകിട മോഷ്ടാക്കളെയും കുറിച്ച് അന്വേഷണം നടത്തുകയും ഹുസൈനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്, സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബു എന്നിവരുടെ മേല്‍നോട്ടത്തില്‍ നല്ലളം സിഐ കെ.എസ്. ഷാജി, പ്രിന്‍സിപ്പല്‍ എസ്‌ഐ ബി.കെ. സിജു എന്നിവര്‍ അഡീഷണല്‍ എസ്‌ഐ പി.കെ. ചാത്തുനായര്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. സീനിയര്‍ സിപിഒമാരായ കെ.കെ. മോഹന്‍ദാസ്, അബ്ദുള്‍റഹിമാന്‍, സിപിഒ പി.കെ. രാജേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.