ചാവക്കാട്: കേച്ചേരി സെന്ററില്‍ സ്വകാര്യബസിടിച്ച് കാര്‍ യാത്രക്കാരായ മൂന്നു ഫുട്‌ബോള്‍ താരങ്ങള്‍ മരിക്കുകയും രണ്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌ത കേസില്‍ ബസ് ഡ്രൈവര്‍ക്ക് തടവും പിഴയും.
ഡ്രൈവറും ഉടമയുമായ ചുവന്നമണ്ണ് താണിപ്പാടം എടത്തറ വീട്ടില്‍ വേലായുധന്റെ മകന്‍ ദയാനന്ദനെയാണ് (48) നാലുവര്‍ഷത്തെ തടവിനും എട്ടുലക്ഷം രൂപ പിഴയടയ്‌ക്കാനും ശിക്ഷിച്ച് ചാവക്കാട് അസി. സെഷന്‍സ് കോടതി ജഡ്‌ജി എന്‍. ശേഷാദ്രിനാഥന്‍ ഉത്തരവിട്ടത്.
മരിച്ച മൂന്നുപേരുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം രൂപാ വീതവും പരുക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവുമാണ് പിഴയായി നല്‍കേണ്ടത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കഠിനതടവും അനുഭവിക്കണം.
റോഡപകടങ്ങള്‍ വര്‍ധിക്കുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉത്തരവാദികള്‍ക്ക് കടുത്തശിക്ഷ നല്‍കുന്നത് അഭികാമ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
2012 ജൂലൈ 12 നു രാവിലെ ആറിനായിരുന്നു കേച്ചേരി പാലത്തിനടുത്ത് അപകടം നടന്നത്. ഗുരുവായൂരില്‍നിന്നു തൃശൂരിലേക്ക് പോയിരുന്ന ഷിന്‍സ് ബസാണ് എതിരേവന്ന കാറില്‍ ഇടിച്ചത്. ദയാനന്ദന്‍ ഓടിച്ചിരുന്ന ബസ് അമിതവേഗത്തിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു.
ബസ് സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്ത് അകത്തുകയറിയാണ് നിന്നത്. ഫുട്‌ബോള്‍ കളിക്കാരായ വളാഞ്ചേരി സ്വദേശികളായ കൊട്ടാരം ആന്തൂര്‍ വളപ്പില്‍ ഷാജഹാന്‍ (ഷാജി-23), പൂക്കാട്ടിരി പാടിത്തുംകുളങ്ങര റിയാസ് (20), പൈങ്കണ്ണിയൂര്‍ പുത്തന്‍പുരയില്‍ സനീഷ് (കുട്ടന്‍-22) എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. കാറിലുണ്ടായിരുന്ന വളാഞ്ചേരി കൂരിപറമ്പില്‍ ഇസഹാക്ക് (21), രായംമരയ്‌ക്കാര്‍ വീട്ടില്‍ ഷമീം (22) എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സനീഷാണ് കാര്‍ ഓടിച്ചിരുന്നത്.
തിരൂരില്‍ നടന്നിരുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ജഴ്‌സിയും മറ്റുസാധനങ്ങളും വാങ്ങി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ തകര്‍ന്ന കാര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വെട്ടിപ്പൊളിച്ചാണ് മരിച്ചവരെയും പരുക്കേറ്റവരെയും പുറത്തെടുത്തത്.
ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിനു വഴിവച്ചതെന്ന് ജഡ്‌ജി ശിക്ഷാവിധിയില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു, അഡ്വ. ഐശ്വര്യ പ്രകാശ് എന്നിവര്‍ ഹാജരായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment