Latest News

ലോറിക്ക് പിന്നില്‍ കാറിടിച്ച് നവവരനും ഭാര്യാപിതാവും മരിച്ചു

പെരുമ്പാവൂര്‍: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് നവവരനും ഭാര്യാപിതാവും മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. തിരൂര്‍ തെക്കുമുറി കുഴിപ്പായില്‍ റംല മന്‍സിലില്‍ സെയ്തലവിയുടെ മകന്‍ ഷംനാസ് (31), ഭാര്യാപിതാവ് വണ്ടിപ്പെരിയാര്‍ പിഎംഎ ബേക്കറി ഉടമ പുതുമനയില്‍ മുഹമ്മദ് ബഷീര്‍ (58) എന്നിവരാണ് മരിച്ചത്. ഷംനാസിന്റെ ഭാര്യ ഷെറിന്‍ (25), മുഹമ്മദ് ബഷീറിന്റെ ഭാര്യ മലിക ബീഗം (44) എന്നിവര്‍ പരുക്കേറ്റ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മലിക ബീഗത്തിന്റെ നില ഗുരുതരമാണ്.

ഷംനാസിന്റെയും ഷെറിന്റെയും വിവാഹം വ്യാഴാഴ്ചയായിരുന്നു. തിരൂരില്‍ നിന്നു ഭാര്യാവീട്ടിലേക്കുള്ള യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. ദുബായില്‍ കുടുംബസമേതം കഴിയുകയായിരുന്ന ഷംനാസ് എന്‍ജിനീയറാണ്.

മുഹമ്മദ് ബഷീറിന്റെ ഖബറടക്കം തിങ്കളാഴ്ച വണ്ടിപ്പെരിയാര്‍ മസ്ജിദ് നൂര്‍ പള്ളിയില്‍. മറ്റ് മക്കള്‍ : സെബിന്‍, ഷെഹിന്‍.

എംസി റോഡില്‍ കീഴില്ലം പരത്തുവയലിപ്പടിയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. പെരുമ്പാവൂര്‍ ഭാഗത്തു നിന്നു വരികയായിരുന്ന കാര്‍ ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.