Latest News

ഭക്തിയും സൗഹൃദവും സംഗമിപ്പിച്ച് എരുമേലിയില്‍ ആയിരങ്ങള്‍ പേട്ടതുള്ളി

എരുമേലി: മതമൈത്രിയുടെ മണ്ണില്‍ ഭക്തിയും സൗഹൃദവും സംഗമിപ്പിച്ച് എരുമേലിയില്‍ ആയിരങ്ങള്‍ പേട്ടതുള്ളി. വര്‍ണങ്ങള്‍ വാരിവിതറി അമ്പലപ്പുഴ സംഘവും താളാത്മകമായി ആലങ്ങാട് സംഘവും പേട്ടതുള്ളിയപ്പോള്‍ എരുമേലി ശരണം വിളികളില്‍ മുങ്ങി. നാട്ടുകാരും തീര്‍ഥാടകരുമടക്കം പതിനായിരങ്ങളാണ് പേട്ടതുള്ളല്‍ വീക്ഷിക്കാന്‍ തടിച്ചുകൂടിയത്. മണികണ്ഠസ്വാമിയുടെ കരങ്ങളാല്‍ നിഗ്രഹിക്കപ്പെട്ട മഹിഷിയുടെ ജഡം തോളിലേറ്റി തെരുവില്‍ ആനന്ദനൃത്തമാടിയതിന്‍െറ ഓര്‍മപുതുക്കലാണ് പേട്ടതുള്ളല്‍.

ഞായറാഴ്ച ഉച്ചക്ക് ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടതോടെ എരുമേലി കൊച്ചമ്പലത്തില്‍ തലേദിവസം തമ്പടിച്ച അമ്പലപ്പുഴ സംഘം പേട്ടതുള്ളലിന് ഒരുങ്ങി. എല്ലാം മറന്നുള്ള ഭക്തരുടെ ശരണം വിളികള്‍ക്കിടെ, അയ്യപ്പന്‍െറ സ്വര്‍ണത്തിടമ്പിനുമുന്നില്‍ പേട്ടപ്പണം നിക്ഷേപിച്ച് അമ്പലപ്പുഴ സംഘം 12.30ഓടെ പേട്ടതുള്ളല്‍ ആരംഭിച്ചു. തുടര്‍ന്ന് സംഘം ധര്‍മശാസ്ത ക്ഷേത്രത്തില്‍നിന്ന് പേട്ടതുള്ളി നൈനാര്‍ മസ്ജിദിലേക്ക് നീങ്ങി. തിടമ്പേറ്റിയ ഗജവീരന്മാരുടെയും ചെണ്ടമേളത്തിന്‍െറയും അകമ്പടിയോടെ സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ വര്‍ണങ്ങളില്‍ കുളിച്ച് വാവര്‍ പള്ളിയിലത്തെിയ അമ്പലപ്പുഴ സംഘത്തിന് ജമാഅത്ത് ഭാരവാഹികള്‍ വന്‍ വരവേല്‍പാണ് നല്‍കിയത്. പുഷ്പവൃഷ്ടി നടത്തിയും ചന്ദനം തളിച്ചും മാലയിട്ടുമായിരുന്നു സൗഹൃദസ്വീകരണം.

ജമാഅത്ത് പ്രസിഡന്‍റ് പി.എച്ച്. അബ്ദുസ്സലാം, ഭാരവാഹികളായ പി.എ. ഇര്‍ഷാദ്, അന്‍സാരി പാടിക്കല്‍, നിസാര്‍ പ്ളാമൂട്ടില്‍, ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ആന്‍േറാ ആന്‍റണി എം.പി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.എ. സലീം, ജില്ലാ പൊലീസ് സൂപ്രണ്ട് എം.പി. ദിനേശ്, സലാം കണ്ണങ്കര, സക്കറിയ ഡൊമനിക് ചെമ്പത്തുങ്കല്‍, ഇ.പി. ലത്തീഫ്, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി വി.യു. കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്‍റ് അനിത സന്തോഷ്, അനിയന്‍ എരുമേലി, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.


തുടര്‍ന്ന് പള്ളിയില്‍നിന്ന് വാവരുടെ പ്രതിനിധിയായ എം.എം. യൂസുഫുമായി അമ്പലപ്പുഴ സംഘം ശ്രീധര്‍ശാസ്ത വലിയമ്പലത്തിലേക്ക് നീങ്ങി. നിലക്കാതെ അയ്യപ്പസ്തുതികള്‍ ഉയരുന്നതിനിടെ സംഘം വലിയമ്പലത്തില്‍ എത്തിയതോടെ പേട്ടതുള്ളല്‍ അവസാനിച്ചു.

വൈകുന്നേരം മൂന്നോടെ ആലങ്ങാട് സംഘത്തിന്‍െറ പേട്ടതുള്ളല്‍ ആരംഭിച്ചു. ഗജവീരന്മാര്‍ക്കൊപ്പം കാവടിയാട്ടം, ശിങ്കാരിമേളം, നാഗസ്വരം എന്നിവയുടെ അകമ്പടിയോടെ താളാത്മകമായി നീങ്ങിയ സംഘം പേട്ടതുള്ളല്‍ പാതയിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ക്ഷേത്രഗോപുരത്തിലത്തെി. ദേവസ്വം ബോര്‍ഡ് സ്വീകരണ ശേഷം ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.