Latest News

പോലീസുകാരെ വധിക്കാന്‍ ശ്രമിച്ച കേസ്; 18 പേര്‍ക്ക് കഠിന തടവും പിഴയും

കണ്ണൂര്‍: എന്‍ ഡി എഫ് പ്രവര്‍ത്തകന്റെ മരണത്തോടനുബന്ധിച്ച് പോലീസുകാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ നേരിട്ട 18 പ്രതികളേയും കോടതി ശിക്ഷിച്ചു.

കണ്ണപുരം തെക്കുമ്പാട്ടെ കാവിലവളപ്പില്‍ അബ്ദുള്‍നാസര്‍ (37) പടിയില്‍ വീട്ടില്‍ അബ്ദുള്ള (25) മന്ന നടുവിലെപുരയില്‍ നൗഷാദ് (35) വി വി അഫ്രീദ് (24) പുതിയകണ്ടത്തില്‍ മുസഫില്‍ (26) ഇടപ്പുറത്ത് ആസിഫ് (23) ചടയന്റെ പുതിയ പുരയില്‍ അജീര്‍ (22) മന്ന നടുവിലെ പുരയില്‍ മുഹമ്മദലി (26) താഫിലെ വാതുക്കരം നഹാസ് (25) ഇരിക്കൂര്‍ കളത്തില്‍ ഷഹീര്‍ (25) ഇരിക്കൂര്‍ വളപ്പില്‍ ശരീഫ് (23) കുട്ടവന്‍ മുഹമ്മദ്കുഞ്ഞി (64) പള്ളിവളപ്പില്‍ ഷാഹിദ് (25) ഇരിക്കൂര്‍ വളപ്പില്‍ തുഫൈല്‍ (24) മന്ന നടുവിലെ പുരയില്‍ മുഹമ്മദ് റിയാസ് (24) പുതിയപുരയില്‍ ആരിഫ് (42) മുഹമ്മദ് ഹനീഫ് (38) പണ്ടാരതോട്ടത്തില്‍ ഫാസില്‍ (24) എന്നിവരെയാണ് അഡീഷനല്‍ സെഷന്‍സ് കോടതി ആര്‍ വിനായക് റാവു വിവിധ വകുപ്പുകളിലായി മൂന്നുവര്‍ഷം കഠിനതടവിനും ആയിരം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്.
ഇതിന് പുറമെ പോലീസിനെ സംഘം ചേര്‍ന്ന് ആക്രമിച്ചതിനും മൂന്നുമാസവും സ്ഥലത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിന് ആറുമാസവും മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമം നടത്തിയതിന് ഒരുവര്‍ഷവും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് രണ്ട് വര്‍ഷവും പോലീസ് ജീപ്പുകള്‍ കേടുവരുത്തിയതിന് രണ്ട് വര്‍ഷം വീതവും കഠിനതടവുകളും പ്രതികള്‍ അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
2009 ഒക്‌ടോബര്‍ 23ന് കണ്ണപുരം തെക്കുമ്പാട്ടെ എന്‍ ഡി എഫ് പ്രവര്‍ത്തകനായ പി ടി റിയാസ് പോലീസ് സംഘത്തെ കണ്ട് മാട്ടൂല്‍ പുഴയില്‍ ചാടുകയും മരണപ്പെടുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം അഡീഷനല്‍ എസ് ഐ രവീന്ദ്രന്‍ എടക്കാട് എസ് ഐ ബിജുകുമാര്‍ തുടങ്ങിയവരേയും സംഘത്തെയും കല്ലെറിഞ്ഞ് മാരകായുധങ്ങളുമായി വന്ന് ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ എസ് ഐ രവീന്ദ്രന്‍ 39നാള്‍ അവധിയിലായിരുന്നു.
റിയാസിന്റെ മരണത്തെ തുടര്‍ന്ന് കണ്ണപുരം എസ് ഐയായിരുന്ന ഷാജി പട്ടേരിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. എതിര്‍കക്ഷികളുടെ അപേക്ഷയെ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും സാരമായി പരിക്കേറ്റ എസ് ഐയെ കോടതി വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ സ്റ്റേറ്റ്‌മെന്റ് എടുത്തിരുന്നു. 

വിചാരണ നടപടി ആരംഭിച്ച് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സമയബന്ധിതമായി കേസ് നടപടി പൂര്‍ത്തീകരിച്ച് കോടതി വിധി പ്രസ്താവിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ ആര്‍ വിനോദ് ഹാജരായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.