Latest News

പുസ്തകങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കോട്ടയം: മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെയും പ്രസാധകരുടെയും പുസ്തകങ്ങള്‍ അനധികൃതമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ പ്രവാസി മലയാളി അറസ്റ്റില്‍. അബുദാബിയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി മുഹമ്മദ് സജാദിനെയാണു വെസ്റ്റ് സിഐ എ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പുസ്തകങ്ങളുടെ ഉള്ളടക്കം അനധികൃതമായി ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിക്കുന്നതായി ഡിസി ബുക്‌സ് അധികൃതരാണ് ആദ്യം പരാതി നല്‍കിയത്. കറന്റ് ബുക്‌സ്, മാതൃഭൂമി, ഒലിവ്, പൂര്‍ണ, സങ്കീര്‍ത്തനം എന്നീ പ്രസാധകരുടെ പുസ്തകങ്ങളും ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നു പൊലീസ് കണ്ടെത്തി.

കേസ് റജിസ്റ്റര്‍ ചെയ്തതറിഞ്ഞു വിദേശത്തുനിന്ന് എത്തിയ സജാദ് മുന്‍കൂര്‍ ജാമ്യത്തിനായി കോട്ടയം ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായ സജാദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

പുസ്തകങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന ആളുടെ പേരോ മറ്റു വിശദാംശങ്ങളോ ഇല്ലാതെ വ്യാജ പ്രൊഫൈല്‍ വഴിയാണ് ഇവ പല ഫെയ്‌സ്ബുക്ക് പേജുകളില്‍ നല്‍കിയിരുന്നത്. ഇതില്‍ ഒരു പേജില്‍ വന്ന സ്‌കൂട്ടറിന്റെ ഫോട്ടോ കേന്ദ്രീകരിച്ചു പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണു പ്രതി സജാദാണെന്ന സൂചന ലഭിച്ചത്.

പുസ്തകങ്ങള്‍ ഡിടിപി ചെയ്തും സ്‌കാന്‍ ചെയ്തുമാണു സോഷ്യല്‍മീഡിയയില്‍ നല്‍കിയിരുന്നതെന്നു പ്രതി ചോദ്യംചെയ്യലില്‍ പൊലീസിനോടു പറഞ്ഞു. എന്നാല്‍, സംഭവത്തിനു പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. ഐടി ആക്ട്, പകര്‍പ്പവകാശ നിയമം എന്നിവ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മലപ്പുറത്ത് എത്തിയ സമയത്ത് സജാദ് ബന്ധുവിന്റെ മൊബൈല്‍ ഫോണിലൂടെ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചിരുന്നു. ഈ ഫോണിന്റെ ഐപി വിലാസം ശേഖരിച്ച പൊലീസ് മലപ്പുറത്തെ വീട് റെയ്ഡ് ചെയ്തു കംപ്യൂട്ടര്‍ അടക്കമുള്ള സാധനങ്ങള്‍ പിടിച്ചെടുത്തു. അബുദാബിയില്‍ സജാദ് ജോലി ചെയ്യുന്ന കമ്പനിയെയും വിവരങ്ങള്‍ അറിയിച്ചു. തുടര്‍ന്നു ജോലി നഷ്ടമായതോടെയാണു സജാദ് മടങ്ങിയെത്തിയത്.

ഡിവൈഎസ്പി വി. അജിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ സി.സി. ജോസ്, എഎസ്‌ഐ ഹരീഷ്‌കുമാര്‍, സീനിയര്‍ സിപിഒ പത്മകുമാര്‍, സിപിഒ ഹാഷിക്, ഷാഡോ പൊലീസ് സംഘാംഗങ്ങളായ ഗ്രേഡ് എസ്‌ഐ ചാക്കോ സ്‌കറിയ, സീനിയര്‍ സിപിഒ ബിജുമോന്‍നായര്‍, ഷിബുക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.