Latest News

കേബിള്‍ ടി വി മേഖലയെ തകര്‍ക്കുന്ന നിലപാട് കെ എസ് ഇ ബി തിരുത്തണം : സി ഒ എ

കാസര്‍കോട് : കേബിള്‍ ടിവി മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ശക്തമാവുകയാണെന്നും നിരവധി കുടുംബങ്ങളുടെ ജീവിതോപാധി ഇല്ലാതാക്കുന്ന കെ എസ് ഇ ബി നിലപാട് തിരുത്താന്‍ അധികൃതര്‍ തയാറാവണമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ കോടതി ഉത്തരവിന് വിധേയമായി കേസില്‍ കക്ഷികളായ ഓപ്പറേറ്റര്‍മാരുടെ കൂടി സാന്നിധ്യത്തില്‍ ഉണ്ടാക്കിയ വ്യവസ്ഥകള്‍ ഒരു വര്‍ഷത്തിനകം ഒരു കൂടിയാലോചനയും കൂടാതെ അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്.
ഒരേ തൂണ് ഒന്നിലധികം പേര്‍ക്ക് ആവശ്യമായി വരികയാണെങ്കില്‍ നല്‍കണമെന്നും, അങ്ങിനെ നല്‍കുന്ന തൂണിന്റെ വാടക പങ്കിടാന്‍ അവരെ അനുവദിക്കണമെന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ആവശ്യപ്പെട്ടിട്ടും ചെവി കൊള്ളാതിരുന്ന കെ എസ് ഇ ബി ഇപ്പോള്‍ ഈ മേഖലയിലേക്കുള്ള കുത്തകകളുടെ കടന്ന് വരവും അവര്‍ക്ക് വേണ്ടിവരുന്ന തൂണിന്റെ ആവശ്യകതയും ഉള്ള ഘട്ടത്തില്‍ തിടുക്കത്തില്‍ ഇത് അനുവദിച്ചത് ഏറെ ദുരൂഹത ഉണ്ടാക്കുന്നു.
ഒത്തു തീര്‍പ്പ് വ്യവസ്ഥ അനുസരിച്ച് കെ.എസ്.ഇ.ബി തൂണു വാടകയായി നിശ്ചയിച്ച ഭീമമായ തുകയ്ക്ക് കാരണമായി മുന്നോട്ടുവെച്ചത് പുതിയ തൂണുകള്‍ സ്ഥാപിക്കുന്നതിനും അവ പത്തു വര്‍ഷം പരിപാലിക്കുന്നതിനുമായി ഇത്രയും തുക വേണ്ടിവരുമെന്ന വാദമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഒരേ തൂണ്‍ ഒന്നിലധികം ഓപ്പറേറ്റര്‍മാര്‍ക്ക് വാടകയ്ക്ക് നല്‍കാമെങ്കിലും
തുക പങ്കിടാന്‍ സാധിക്കില്ല.
മുഴുവന്‍ തൂണുകള്‍ക്കും 2011 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ തുക വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. കെ.എസ്.ഇ.ബി., ഇലക്ട്രിക്കല്‍ ഇന്‍ സ്‌പെക്ടറേറ്റ് വകുപ്പുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കേബിളുകള്‍ സ്ഥാപിക്കുകയും ഇതനുസരിച്ച് ഓപ്പറേറ്റര്‍മാര്‍ സമര്‍പിച്ച സ്‌കെച്ച് മേല്‍ പറഞ്ഞ വകുപ്പുകളിലെ എഞ്ചിനിയര്‍മാര്‍ വര്‍ഷം തോറും പരിശോധിച്ച് രേഖാമൂലം സാക്ഷ്യപ്പെടുത്തി നിശ്ചയിക്കുന്ന തുക, മുന്‍കാല പ്രാബല്യത്തോടെ വര്‍ദ്ധിപ്പിക്കണമെന്ന പുതിയ ഉത്തരവിന്റെ നിയമ സാധുത എന്താണെന്ന് വ്യക്തമാക്കേണ്ടത് അധികൃതരുടെ കടമയാണ്.അതെ പോലെ ഓരോ ഡിവിഷനുകളിലും വര്‍ഷം തോറും നിരവധി പുതിയ തൂണുകള്‍ സ്ഥാപിക്കുന്നു. എന്നാല്‍ തൂണുകള്‍ പോലും ഇല്ലാതിരുന്ന കാലത്തെ വാടകയും അടക്കണമെന്ന് പറയുന്നത് ന്യായീകരിക്കാന്‍ കഴിയാത്തതാണ്.
കേരളത്തിലെ കേബിള്‍ ടിവി പ്രസ്ഥാനത്തിന്റെ നേട്ടങ്ങളെ ഇതര സംസ്ഥാനങ്ങള്‍ അല്‍ഭുതത്തോടെ നോക്കി കാണുകയും ഈ മേഖലയില്‍ കേരളം കൈവരിച്ച പുരോഗതിയെ മാതൃകയാക്കണമെന്ന് മറ്റു സംസ്ഥാനങ്ങളോട് ഐബി മന്ത്രാലയവും ട്രായിയും ഊന്നിയൂന്നി പറയുമ്പോഴും കേരളത്തില്‍ അധികാരികളുടെ ഭാഗത്തുനിന്ന് അതിന് വേണ്ട പിന്തുണ കിട്ടാതെ പോകുന്നുവെന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.
ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ ലളിതമായ നിബന്ധനകളോടെ കുറഞ്ഞ നിരക്കിലാണ് വൈദ്യുതി വകുപ്പ് തൂണുകള്‍ വാടകയ്ക്ക് നല്‍കുന്നത്. എന്നിട്ടും രാജ്യത്ത് ഏറ്റവും കുറഞ്ഞ കേബിള്‍ ടിവി മാസ വരിസംഖ്യ ഈടാക്കുന്നത് കേരളത്തിലാണ്. ചെറുകിട ഓപ്പറേറ്റര്‍മാരുടെ സംഘടനാ ശക്തിയിലൂടെ പൊരുതി നേടിയ മറ്റ് ആനുകൂല്യങ്ങള്‍ വരിക്കാര്‍ക്ക് നല്‍കിയാണ് ഇത് സാധ്യമാക്കുന്നത്.
കഠിനാധ്വാനം കൊണ്ട് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ നേടിയെടുത്ത കരുത്തിനെ കുത്തകകള്‍ക്കുവേണ്ടി തല്ലി തകര്‍ക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്. ഓപ്പറേറ്റര്‍മാര്‍ക്കും വരിക്കാര്‍ക്കും വിഷമമുണ്ടാക്കുന്ന നിലപാട് തിരുത്താന്‍ കെ എസ് ഇ ബി തയ്യറായില്ലെങ്കില്‍ പൊതുസമൂഹത്തെ കൂടി സഹകരിപ്പിച്ച് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസ്സന്‍ അന്‍വര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു. സതീഷ് കെ.പാക്കം, വിനോദ് കുമാര്‍, പുരുഷോത്തമ എം.നായക് സംസാരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.