Latest News

കോഴിക്കോട്‌ ഉത്സവപ്പറമ്പില്‍ സി.പി.എം പ്രവര്‍ത്തകനെ അടിച്ചുകൊന്നു

കോഴിക്കോട്: പൂര്‍വ വൈരാഗ്യം തീര്‍ക്കാന്‍ ഒരുസംഘമാളുകള്‍ നടത്തിയ ആക്രമണത്തില്‍ സി.പി.എം. പ്രവര്‍ത്തകന്‍ തലയ്ക്കടിയേറ്റ് മരിച്ചു. കക്കോടി മോരിക്കര ചെറിയാലവീട്ടില്‍ റിട്ട. പോലീസ് എസ്.ഐ. ശ്രീധരന്‍ നായരുടെ മകന്‍ ശ്രീജിത്താണ് (32) കൊല്ലപ്പെട്ടത്.

മാളിക്കടവ് പാലത്തിനടുത്തെ കോഴിപറമ്പത്ത് ഭഗവതിക്കാവിലെ ഉത്സവപ്പറമ്പിലാണ് അക്രമം നടന്നത്. ഒരുസംഘമാളുകള്‍ ശ്രീജിത്തിനെ മര്‍ദിക്കുന്നതിനിടയില്‍ പട്ടികകൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. എട്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഉത്സവം കാണാനെത്തിയ ശ്രീജിത്തിനെ പ്രദേശവാസികളിലൊരാള്‍ സമീപത്തെ ഒരു പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും അവിടെ വെച്ച് ചിലര്‍ ആക്രമിക്കുകയായിരുന്നെന്നുമുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രദേശവാസിയുമായി നേരത്തേ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്കും കൂട്ടാളികള്‍ക്കും വേണ്ടി തിരച്ചില്‍ നടക്കുന്നുണ്ട്. കരുവിശ്ശേരി, കുണ്ടൂപ്പറമ്പ്, എടക്കാട്, മൊകവൂര്‍ ഭാഗത്തുനിന്ന് എത്തിയ ചിലരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.

ശ്രീജിത്തിന്റെ മരണത്തെത്തുടര്‍ന്ന് ഉത്സവപ്പറമ്പില്‍ അര്‍ധരാത്രിവരെ സംഘര്‍ഷാവസ്ഥയുണ്ടായി. സമീപത്തെ ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ വീടിനുനേരേയും അക്രമമുണ്ടായി. പോലീസുകാര്‍ ഉള്‍പ്പെടെ ചിലര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. കമ്മീഷണറുടെ ചുമതല വഹിക്കുന്ന ഡി.സി.പി ഡി. സാലി, അസി. കമ്മീഷണര്‍ ജോസി ചെറിയാന്‍, സി.ഐ. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

കരാട്ടെ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി പ്രഭുരാജ് എന്ന യുവാവ് കൊല്ലപ്പെട്ട കേസിലും കരുവിശ്ശേരിയില്‍ അടുത്തിടെയുണ്ടായ രാഷ്ട്രീയസംഘട്ടനക്കേസിലും പ്രതികളായവരാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് സി.പി.എം. ആരോപിച്ചു. പെയിന്റിങ് തൊഴിലാളിയാണ് മരിച്ച ശ്രീജിത്ത്. അമ്മ: പത്മിനി, ശ്രീജേഷ് സഹോദരനാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച നടക്കും.

ശ്രീജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കക്കോടിയില്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ സി.പി.എം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എന്നാല്‍, റേഷന്‍കാര്‍ഡിനുള്ള ഫോട്ടോ എടുക്കല്‍ തടയില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Keywords: Calicut, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.