Latest News

ആര്‍എസ്എസ് ബോംബേറില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു

കണ്ണൂര്‍: ആര്‍എസ്എസ് ബോംബേറില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എരുവട്ടി വെണ്ടുട്ടായി വൈഷ്ണവത്തില്‍ സി സരോജിനി (62)യാണ് മരിച്ചത്. ഫെബ്രുവരി രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ബോംബും വാളുമായി വീടുകയറിയുള്ള അക്രമത്തിനിടയിലാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

പുത്തങ്കണ്ടത്തുനിന്നുള്ള ആര്‍എസ്എസ് അക്രമിസംഘമാണ് വീടാക്രമിച്ചത്. മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന സരോജിനിക്കും ഭര്‍ത്താവ് പലേരി അച്യുതനും പരിക്കേറ്റിരുന്നു. രണ്ടുപേരെയും തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദ്രോഗികൂടിയായ സരോജിനിയുടെ നിലവഷളായതോടെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സരോജിനിയുടെ മകനും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ ഷൈജനെ വകവരുത്താനാണ് അക്രമിസംഘം എത്തിയത്. അയല്‍വീട്ടിലെ ഇവരുടെ ബന്ധുകൂടിയായ മറ്റൊരു ചെറുപ്പക്കാരന്റെ കഴുത്തിലാണ് ആദ്യം വാള്‍വെച്ചത്. ആളുമാറിയെന്നറിഞ്ഞ് പിന്നീട് ഷൈജന്റെ വീടിന് നേരെ തിരിഞ്ഞു. ബോംബെറിഞ്ഞ് ഭീകരത സൃഷ്ടിച്ച ശേഷം മുന്‍വശത്തെ വാതില്‍ ചവിട്ടിയും മഴുകൊണ്ട് വെട്ടിയും തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അകത്തുകടക്കാനായില്ല. ഭീകരത സൃഷ്ടിച്ചാണ് അക്രമിസംഘം മടങ്ങിയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയ ഷൈജന്റെയും സുഹൃത്തിന്റെയും ബൈക്കുകളും സഹോദരി ഭര്‍ത്താവ് രമേശന്റെ ഓട്ടോറിക്ഷയുമുള്‍പ്പെടെ തകര്‍ത്തിരുന്നു. മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

ഷാജി, ഷീജ എന്നിവരാണ് സരോജിനിയുടെ മറ്റുമക്കള്‍. ദിവ്യ(കുണ്ടുചിറ), രമേശന്‍(അണ്ടലൂര്‍), സുജിന (മാലൂര്‍) എന്നിവര്‍ മരുമക്കള്‍. യശോദ, പ്രകാശന്‍ (സിപിഐ എം മമ്പറം ലോക്കല്‍സെക്രട്ടറി), ശോഭ, പരേതയായ നളിനി എന്നിവര്‍ സഹോദരങ്ങള്‍.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, ഏരിയസെക്രട്ടറി പി ബാലന്‍, ജില്ലകമ്മിറ്റി അംഗങ്ങളായ എം സി പവിത്രന്‍, എ എന്‍ ഷംസീര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി.


Keywords: Kerala, Murder, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.