Latest News

ഹക്കീമിനെ കൊന്നത് വ്യാപാര സ്ഥാപനത്തിന്റെ വരാന്തയില്‍ വെച്ച്; അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക്

പയ്യന്നൂര്‍ : മമ്പലത്തെ ഹക്കീം വധക്കേസിലെ പ്രധാന പ്രതിയെ തേടി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. തമിഴ്‌നാട്ടിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ സ്വദേശിയായ യുവാവിനെ തേടിയാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോയത്.

കൊലപാതകം നടന്ന ഫിബ്രുവരി 9ന് രാത്രി ഇയാള്‍ സംഭവസ്ഥലത്തുണ്ടായിരുന്നതിന് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. കൊലപാതകം നടന്ന ദിവസത്തിനു മുമ്പും ശേഷവും ഇയാളുടെ വാഹനത്തില്‍ കൊലയാളി സംഘം സഞ്ചരിച്ചതായും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സാഹചര്യ തെളിവുകളെല്ലാം ഇയാള്‍ക്കെതിരെയായതിനാലാണ് പ്രധാന പ്രതിയായ ഇയാളെ പിടികൂടുന്നതിനായി അന്വേഷണ സംഘം പുറപ്പെട്ടത്. ഇയാളെ പിടികൂടാനായാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

കേസില്‍ ദൃക്‌സാക്ഷികളുണ്ടായിരുന്നുവെങ്കിലും ഭയത്തെ തുടര്‍ന്ന് ആരും രംഗത്ത് വരാത്തതിനാലാണ് അന്വേഷണ സംഘത്തിന് അന്വേഷണത്തില്‍ ഏറെ തിരിച്ചടികള്‍ നേരിട്ടത്. എന്നാല്‍ സാഹചര്യ തെളിവുകളിലൂടെ അന്വേഷണം ഊര്‍ജിതമാക്കുകയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതിലൂടെ ലഭ്യമായ തെളിവുകള്‍ കൂടി കിട്ടിയതോടെ ശാസ്ത്രീയമായ അന്വേഷണവും നടത്താന്‍ സംഘത്തിന് സാധിച്ചു.

ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിക്കുകയും ഇവരെ തിരിച്ചറിയുകയും ചെയ്തതായാണ് സൂചന. എന്നാല്‍ തിരിച്ചറിഞ്ഞ പ്രതികളെ കേസുമായി ബന്ധപ്പെടുത്തുന്ന ശക്തമായ തെളിവിന്റെ അഭാവം കാരണമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്നാണ് സൂചന.
കൊലപാതകം നടന്നത് നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ വരാന്തയില്‍വച്ചാണെന്നും പിന്നീട് ജുമാമസ്ജിദിന്റെ വളപ്പിലെത്തിച്ച് തീകൊളുത്തിയതാണെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വ്യാപാര സ്ഥാപനത്തിന്റെ സമീപം പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ സി സി ടി വി ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞതായി സംശയിച്ച് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്ക് തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബില്‍ പരിശോധന നടത്തിയിരുന്നു. ദൃശ്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഉടമസ്തതയിലുള്ള സി ഡാക്കിന്റെ ലാബില്‍ കൂടുതല്‍ പരിശോധന നടത്താനായി ഡിസ്‌ക് കൈമാറിയിട്ടുണ്ട്. 

എത്രപഴക്കം ചെന്ന ഡിസ്‌ക്കുകളായാലും ഇവിടത്തെ പരിശോധനയില്‍ ദൃശ്യങ്ങള്‍ വ്യക്തമായി തിരിച്ചറിയാനാകുമെന്നതാണ് പ്രത്യേകത. അതിനാല്‍ ഇവിടത്തെ പരിശോധനാഫലത്തിനായി അന്വേഷണ സംഘം കാത്തിരിക്കുകയാണ്.
ഇതിനിടയില്‍ ഹക്കീം കൊല്ലപ്പെട്ടിട്ട് ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സമരങ്ങളുടെ വേലിയേറ്റം തന്നെ നടക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ കൊറ്റിയില്‍ നിശാസത്യാഗ്രഹം സംഘടിപ്പിക്കും. സി പി എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി സന്തോഷ് ഉദ്ഘാടനം ചെയ്യും.
ടി പുരുഷോത്തമന്‍ ചെയര്‍മാനായ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഗാന്ധി പാര്‍ക്കില്‍ ജനകീയ പാര്‍ലമെന്റ് ചേരും. കൂടുതല്‍ സമര പരിപാടികള്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിക്കും. 

സി കൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തിലുള്ള കര്‍മ്മസമിതി ചൊവ്വാഴ്ച 5 മണിക്ക് നഗരത്തില്‍ ജനകീയ മനുഷ്യചങ്ങലതീര്‍ക്കും. ബി ജെ പിയുടെ നേതൃത്വത്തില്‍ രാവിലെ 10മണിക്ക് പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും. 

മുസ്‌ലീം ലീഗിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കരിദിനമായി ആചരിക്കും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ സമരവും നടത്തും.
സമര വേലിയേറ്റങ്ങള്‍ നടക്കുമ്പോള്‍ അന്വേഷണ സംഘം പ്രതികളെ ഉടന്‍ വലയിലാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നും യുവാവിനെ പിടികൂടാനായാല്‍ മറ്റ് മുഴുവന്‍ പ്രതികളെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.