Latest News

കലോത്സവത്തിന് വ്യാജ രേഖ : കെ.വി.കുഞ്ഞിരാമനെതിരെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അംഗീകാരം

ഉദുമ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉദുമ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിവിധയിനങ്ങള്‍ ലോകായുക്തയുടെ അപ്പീലോടുകൂടി സംസ്ഥാന യുവജനോത്സവത്തില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്നു വന്നിട്ടുള്ള വാര്‍ത്തകള്‍ വിശദമായി സി പി എം വിശദമായി ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മുന്‍.എം.എല്‍.എ കെ.വി കുഞ്ഞിരാമന് പാര്‍ട്ടിയുടെ അനുമതി. തിങ്കളാഴ്ച ചട്ടഞ്ചാലിലെ കൃഷ്ണപ്പിള്ള മന്ദിരത്തില്‍ ചേര്‍ന്ന സി.പി.എം ഉദുമ ഏരിയാ കമ്മിറ്റി യോഗം കെ.വി കുഞ്ഞിരാമന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു.

ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിവിധ ഇനങ്ങളില്‍ ലോകായുക്തയുടെ വ്യാജ അപ്പീലോടു കൂടി സംസ്ഥാന യുവജനോത്സവത്തില്‍ മത്സരിച്ചത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനും, ഉദുമ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവിനും അടക്കം മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

അപ്പീലിന് വേണ്ടി ലോകായുക്തയെ സമീപിച്ചതില്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും മുന്‍ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമന്‍ വ്യക്തിപരമായി ഇടപെടുകയോ അപ്പീല്‍ പെറ്റീഷന്‍ നല്‍കുകയോ ചെയ്തിട്ടില്ല. അപ്പീലിന് വേണ്ടി ആവശ്യമായ ഇടപെടല്‍ നടത്തിയത് സ്‌കൂള്‍ അധികൃതരാണ്.

കെ.വി കുഞ്ഞിരാമന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അപ്പീലിന് വേണ്ടി ലോകായുക്തയെ സമീപിച്ചതെന്ന് ഇതിന് നേതൃത്വം കൊടുത്ത അധ്യാപകന്‍ തന്നെ സമ്മതിക്കുകയും അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് സമ്മതിച്ചുകൊണ്ടുള്ള കുറിപ്പ് എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കുകയും ചെയ്തിട്ടുണ്ട്. അവ കണ്ടതായി പോലും നടിക്കാതെ സി.പി.എം നേതാവിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തുടര്‍ച്ചയായി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് ബോധപൂര്‍വമാണെന്ന് പാര്‍ട്ടി ഏരിയാ കമ്മിറ്റി കുറ്റപ്പെടുത്തി.

അപ്പീല്‍ നല്‍കിയ സംഭവത്തില്‍ തനിക്ക് വ്യക്തിപരമായി ഒരുത്തരവാദിത്തവും ഇല്ലെന്നുള്ള പ്രസ്താവന കെ.വി കുഞ്ഞിരാമന്‍ തന്നെ എല്ലാ മാധ്യമങ്ങള്‍ക്കും നേരിട്ട് നല്‍കിയിരുന്നു. എന്നിട്ടും അത് പ്രസിദ്ധീകരിക്കാന്‍ കൂട്ടാക്കാതെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നത് പൊതുജന മധ്യത്തില്‍ അദ്ദേഹത്തെ ഇകഴ്ത്തിക്കാണിക്കുന്നതിന് വേണ്ടിയാണെന്നും പാര്‍ട്ടി ആരോപിച്ചു.

നിരപരാധിത്വം ലോകായുക്തയെ ബോധിപ്പിക്കുന്നതിനായി നിയമപരമായ നടപടികള്‍ കൈക്കൊള്ളാന്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റി യോഗം കെ.വി കുഞ്ഞിരാമന് അനുവാദം നല്‍കിയതായി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.