Latest News

കലോത്സവം; ദേശഭക്തിഗാനത്തിനും വ്യാജരേഖയുണ്ടാക്കി

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദേശഭക്തിഗാനത്തിന് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ ലോകായുക്ത അന്വേഷണം തുടങ്ങി. ജില്ലയില്‍ ഉദുമയ്ക്ക് കിട്ടിയ മാര്‍ക്കും സ്ഥാനവും തിരുത്തിയതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലോകായുക്ത ശേഖരിച്ചു.

ജില്ലാ മത്സരത്തില്‍ ഉദുമയ്ക്ക് അഞ്ചാംസ്ഥാനമാണ് കിട്ടിയത്. രണ്ടാംസ്ഥാനം നേടിയതായി വ്യാജരേഖയുണ്ടാക്കി ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ചതായാണ് തെളിഞ്ഞിരിക്കുന്നത്. മാര്‍ക്കും സ്ഥാനവും തിരുത്തിയാണ് സ്‌കൂള്‍ ലോകായുക്തയ്ക്ക് അപേക്ഷ നല്‍കിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞതായും സംഘനൃത്തത്തില്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് നടത്തുന്ന അന്വേഷണത്തിന്റെ പരിധിയില്‍ ഇതും ഉള്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.രാഘവന്‍ പറഞ്ഞു.
ജില്ലാ മത്സരത്തിനുശേഷം ഡി.ഡി.ഇ.ക്ക് ഉദുമ സ്‌കൂള്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹം അത് തള്ളുകയായിരുന്നു. ദേശഭക്തിഗാന മത്സരത്തില്‍ ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം കിട്ടിയ എടനീര്‍ സ്വാമീജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലോകായുക്തയില്‍നിന്ന് കിട്ടിയ രേഖയില്‍നിന്നാണ് രേഖകളില്‍ തിരുത്തല്‍ വരുത്തിയതായി തെളിഞ്ഞിരിക്കുന്നത്. തട്ടിപ്പിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് എടനീര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
സംസ്ഥാന ദേശഭക്തിഗാന മത്സരത്തില്‍ ഉദുമയ്ക്ക് പതിമ്മൂന്നാം സ്ഥാനമായിരുന്നു. ജില്ലയില്‍ ഒന്നാംസ്ഥാനത്തായിരുന്ന എടനീരിന് പതിനഞ്ചാം സ്ഥാനമാണ് കിട്ടിയത്. ജില്ലാതലത്തില്‍ രണ്ടാംസ്ഥാനം കിട്ടിയ ചായ്യോത്ത് അപ്പീല്‍ നേടി സംസ്ഥാന മത്സരത്തില്‍ പങ്കെടുത്തിരുന്നു. അവര്‍ ആറാംസ്ഥാനം നേടി.
സംഘനൃത്തത്തില്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ വ്യാജരേഖ ചമച്ചതിന്റെ പേരില്‍ ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പ്രഭാകരന്‍, ടീം മാനേജറും കമ്പ്യൂട്ടര്‍ അധ്യാപകനുമായ സി.പി.അഭിരാം, ലോകായുക്തയ്ക്ക് പരാതി നല്‍കിയ വിദ്യാര്‍ഥിനിയുടെ രക്ഷിതാവ് പ്രഭാകരന്‍ എന്നിവര്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. 

സംഘനൃത്തത്തില്‍ അപ്പീല്‍ നേടാന്‍ വ്യാജരേഖയുണ്ടാക്കി തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയിലും ലോകായുക്ത ഉദുമ സ്‌കൂളിനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.