Latest News

സംഘര്‍ഷ ഭൂമിയില്‍ സാന്ത്വന സാമീപ്യമായി പാണക്കാട് തങ്ങള്‍

നാദാപുരം: പത്തു ദിവസം മുമ്പ് ഷിബിന്‍ എന്ന ചെറുപ്പക്കാരന്‍ വെട്ടേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് നിരപരാധികളുടെ വീടുകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കപ്പെട്ട്, വിറങ്ങലിച്ച തൂണേരിയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എത്തിയത് കുടുംബങ്ങള്‍ക്ക് ആശ്വാസമായി. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെ വെള്ളൂര്‍ പ്രദേശത്തെത്തിയ തങ്ങള്‍, കൊല്ലപ്പെട്ട യുവാവിന്റെ വീട്ടിലേക്കാണ് ആദ്യം ചെന്നത്.www.malabarflash.com

സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനനും മറ്റു പ്രാദേശിക നേതാക്കളും ഇവിടെയുണ്ടായിരുന്നു. പത്തു മിനുട്ട് നേരം തങ്ങള്‍ ഈ വീട്ടില്‍ ചെലവഴിച്ചു. തനിക്ക് തങ്ങള്‍ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും പ്രത്യേകിച്ച് പാണക്കാട് കുടുംബത്തെ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവനാണ് താനെന്നും കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് ഭാസ്‌കരന്‍ തങ്ങളോട് പറഞ്ഞു.

''എനിക്ക് എന്റെ മകനെ ഏതായാലും നഷ്ടപ്പെട്ടു. ആ സംഭവത്തിനു ശേഷം ഈ പ്രദേശത്ത് വ്യാപക അക്രമം നടന്നിട്ടുണ്ട്. എന്നാല്‍ ഈ അക്രമ സംഭവങ്ങളിലൊന്നും എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പങ്കുമില്ല. ഇതിന്റെ പേരില്‍ ഇനിയും ഇവിടെ ഒരു കലാപം ഉണ്ടാകരുത്. സമാധാനത്തിനു മുന്‍കയ്യെടുക്കാന്‍ തങ്ങള്‍ എല്ലാവരോടും പറയണം'' ഭാസ്‌ക്കരന്‍ ഇങ്ങനെ പറയുമ്പോള്‍ വികാരാധീനനായിരുന്നു.www.malabarflash.com
ഇനിയുമിവിടെ സമാധാനവും സാഹോദര്യവും നിലനില്‍ക്കണം. അതിനായി കൂട്ടായി പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞും കുടുംബത്തെ ആശ്വസിപ്പിച്ചുമാണ് തങ്ങള്‍ ഭാസ്‌ക്കരന്റെ വീട്ടില്‍ നിന്നിറങ്ങിയത്.www.malabarflash.com
പിന്നീട് അക്രമത്തില്‍ തകര്‍ന്ന വീടുകളിലേക്കായിരുന്നു തങ്ങളുടെ യാത്ര.

''പട്ടാപ്പകല്‍ ഒരു സംഘമാളുകള്‍ വീട്ടിലേക്ക് കടന്നു വന്നു. അകത്ത് അതിക്രമിച്ചു കടന്ന ശേഷം കണ്ണില്‍ കണ്ടതെല്ലാം അടിച്ചു തകര്‍ത്തു. ഭയന്നു വിറച്ച ഞങ്ങള്‍ വീടിന്റെ മുകള്‍ നിലയിലേക്ക് ഓടി. നിമിഷ നേരം കൊണ്ട് അവര്‍ മുകളിലുമെത്തി. ഞങ്ങളോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പക്ഷെ താഴത്തെ നിലയില്‍ അപ്പോഴേക്കും തീ ആളിപ്പടരുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങള്‍ പരസ് പരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. പിന്നീട് വരുന്നത്‌വരട്ടെ എന്ന് കരുതി ടെറസിനു മുകളിള്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.'

അക്രമി സംഘത്തിന്റെ താണ്ഡവത്തില്‍ എല്ലാം നഷ്ടപ്പെട്ട തയ്യുള്ളതില്‍ അബ്ദുള്ളയുടെയും ഭാര്യയുടെയും വാക്കുകള്‍ കേട്ടപ്പോള്‍ ഹൈദരലി തങ്ങളുടെ മുഖം വിവര്‍ണ്ണമായി. അക്രമത്തിനിരയായ മറ്റു വീടുകളിലും തങ്ങള്‍ സന്ദര്‍ശനം നടത്തി.

കാട്ടു മഠത്തില്‍ അബൂബക്കര്‍ ഹാജിയുടെ വസതിയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച അദ്ദേഹം, നാട്ടില്‍ ശാശ്വത സമാധാനം പുലര്‍ന്നു കാണാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.

മരണപ്പെട്ട യുവാവിന്റെ കുടുംബത്തിനും വീടുകള്‍ തകര്‍ന്നവര്‍ക്കുമെല്ലാം അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും തൂണേരിയിലെ സ്ഥിതി ഗതികള്‍ ബോധ്യപ്പെടുത്തും. സാമുദായിക സൗഹാര്‍ദവും ഐക്യവും കാത്തു സൂക്ഷിക്കാനും അക്രമികളെ ഒറ്റപ്പെടുത്താനും എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.


മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം. എ റസാഖ് മാസ്റ്റര്‍, ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല, വൈസ് പ്രസിഡണ്ട് പി ശാദുലി, സംസ്ഥാന സമിതി അംഗങ്ങളായ സി. വി. എം വാണിമേല്‍, പൊട്ടന്‍കണ്ടി അബ്ദുല്ല, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഹമ്മദ് പുന്നക്കല്‍, കേരള പഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, മണ്ഡലം ലീഗ് ഭാരവാഹികളായ മുഹമ്മദ് ബംഗ്ലത്ത്, എം. പി സൂപ്പി, വയലോളി അബ്ദുല്ല, എന്‍. കെ മൂസ മാസ്റ്റര്‍, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് സി. പി ബാവ ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ തുടങ്ങിയവര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.