Latest News

കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു

ഫോര്‍ട്ട്‌കൊച്ചി: ബീച്ചിനു സമീപം കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. ഒരാള്‍ ഗുരുതര നിലയില്‍ ആശുപത്രിയില്‍.അഞ്ചു കുട്ടികളെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

ശനിയാഴ്ച പുലര്‍ച്ചെ സൗത്ത് ബീച്ചില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. മൂലങ്കുഴി തൈക്കൂട്ടത്തില്‍ പരേതനായ കുഞ്ഞുമോന്റെ മകന്‍ ഫെലിന്‍ (എബി-14), സെന്റ് ജോണ്‍പാട്ടം പൊള്ളയില്‍ ജോണി ഡഗ്ലസിന്റെ മകന്‍ പി.ജെ. ദേവസി ജോമോന്‍ (15) എന്നിവരാണ് മരിച്ചത്. 

ഫോര്‍ട്ട്‌കൊച്ചി അമരാവതി കണ്ടംതറ ഇസ്മായിലിന്റെ മകന്‍ കെ.എ. അമീര്‍ (14) എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

രാവിലെ ആറു മണിയോടെ, ശക്തമായ അടിയൊഴുക്കുള്ള സമയത്തായിരുന്നു കുട്ടികള്‍ കുളിക്കാനിറങ്ങിയത്. നിലകിട്ടാതെ മുങ്ങിത്താഴുകയായിരുന്നു. കടപ്പുറത്തുണ്ടായിരുന്നവര്‍ ഇവരിലൊരാളെ രക്ഷിച്ച് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മറ്റുള്ളവരെ കണ്ടെത്താനായില്ല. 

സ്ഥലത്തെത്തിയ ഫോര്‍ട്ട്‌കൊച്ചി പൊലീസ്, ടൂറിസം പൊലീസ്, കോസ്റ്റല്‍ പൊലീസ്, നാവിക സേന, അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. നാവികസേന ഹെലികോപ്റ്ററും കോസ്റ്റല്‍ പൊലീസിന്റെ അത്യാധുനിക ബോട്ടുകളും മല്‍സ്യത്തൊഴിലാളികളും പങ്കുചേര്‍ന്നു. എട്ടര മണിയോടെ കപ്പല്‍ചാലിനു സമീപം ജോമോനെ കണ്ടെത്തി. പത്തു മണിയോടെ ഫെലിന്റെ മൃതദേഹവും അതേ സ്ഥാനത്തു തന്നെ കണ്ടെത്തി.

ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കരുവേലിപ്പടി ആശുപത്രിയിലേക്കു മൃതദേഹങ്ങള്‍ മാറ്റി. അമീറിനെ ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. 

മരിച്ചവര്‍ ഇരുവരും സുഹൃത്തുക്കളാണ്. ഫെലിന്‍ മൂലങ്കുഴി ലൊരേറ്റോ ആംഗ്‌ളോ ഇന്ത്യന്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും ജോമോന്‍ വെളി ഇഎംജിഎച്ച്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും. 

ഫെലിന്റെ മാതാവ് സെലിന്‍ ജൂഡ്. ജോമോന്റെ മാതാവ്: ജോളി. സഹോദരി ദീപ. 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.