Latest News

തിരുമുടി ഉയര്‍ന്നു; ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിനു പരിസമാപ്തി

ചെറുവത്തൂര്‍: ആടയാഭരണങ്ങള്‍ അണിഞ്ഞ് വിശ്വമോഹിനിയായി കൈലാസ പുത്രി മുച്ചിലോട്ടമ്മ തിരുമുടി അണിഞ്ഞു. മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിന് പുണ്യം ലഭിച്ച മനസ്സോടെ ആയിരങ്ങള്‍ കൈകൂപ്പി.

ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസമായ ശനിയാഴ്ച ചെറുവത്തൂര്‍ ജനസാഗരത്തില്‍ വീര്‍പ്പുമുട്ടി. സമയം 1.45 ആവുമ്പോഴേക്കും മുച്ചിലോട്ടമ്മയുടെ  മാതാവിന്റെ സങ്കല്‍പ്പമായ പാര്‍വതിയുടെ ചൈതന്യമായ പുലിയൂര്‍കാളിയുടെ കോലം കൈലാസ കല്ലിന് സമീപത്തെത്തിയിരുന്നു.


ഈ സമയം ആടയാഭരണങ്ങള്‍ ധരിച്ച് മുഖത്തെഴുത്തോടെ ദേവി അണിയറയില്‍ നിന്ന് കൈലാസ കല്ലിന് മുന്‍പിലെത്തി. പുലിയൂര്‍ കാളിയുടെ തെയ്യക്കോലം ദേവിയുടെ തലപ്പാളിയില്‍ കനകരത്‌ന പൊടി വിതറി അനുഗ്രഹിച്ച് തന്റെ തിരുമുടി അഴിച്ചു. അതോടെ തിരുസന്നിധിയില്‍ മേലേരി കയ്യേറല്‍ ചടങ്ങ് നടന്നു. തുടര്‍ന്ന് അന്തിത്തിരിയനും ആദി മുച്ചിലോട്ടിന്റെ വല്യച്ചനടക്കമുള്ള സ്ഥാനികന്‍മാര്‍ കൈലാസ കല്ലിന് സമീപത്തെത്തി ഇലയില്‍ ഉണക്കിലരിയും തുമ്പപ്പൂവും സ്വര്‍ണത്താലിയുമിട്ട് ദേവിയുടെ കോലധാരിയുടെ ഗുരുനാഥന് കൈമാറി.

അത് വാങ്ങി ക്ഷേത്ര പരിസരത്തെ കച്ചിലേക്ക് പോയ ഗുരുനാഥന്‍ തിരുമുടിയുമായി തിരിച്ചെത്തി. ജന്‍മകണിശന്‍ സമയം നിശ്ചയിച്ചതോടെ ദേവിയുടെ തിരുമുടി കൈലസ കല്ലില്‍ ഉയര്‍ന്നു. അപ്പോ ഴേക്കും സമയം ഒരു മണിക്കൂര്‍ പിന്നിട്ടിരുന്നു. തിരുമുടിയും ധരിച്ചതോടെ ദേവിക്ക് അന്തിത്തിരിയന്‍
ദീപിക കോല്‍ (പന്തം) കൈമാറി. പൊയ്ക്കണ്ണിന്റെ പ്രകാശത്തില്‍ വീക്ക് ചെണ്ടയുടെ താളത്തിനൊത്ത് അന്നനടനമാടി തിരുസന്നിധിയിലേക്ക് നീങ്ങിയ തമ്പുരാട്ടിയുടെ തിരുസ്വരൂപം കണ്ടതോടെ തടിച്ചു കൂടിയ ആയിരങ്ങള്‍ നിറകണ്ണുകളോടെ കൈകൂപ്പി നിന്നു.

അന്നനടനത്തിനു ശേഷം കുയില്‍ നടനമാടി. പിന്നീട് മയില്‍ നടനമാടി ക്ഷേത്രത്തെ പ്രദക്ഷിണം വച്ച കൈലാസ പുത്രി പിന്നീട് മൂന്ന് തവണ മണിക്കിണര്‍ നോക്കി. തുടര്‍ന്ന് പൊയ്ക്കണ്ണ് അഴിച്ചതിനു ശേഷം മൂന്നുതവണ കൂടി മണിക്കിണര്‍ നോക്കി തന്റെ തിരുസ്വരൂപം കണ്ടു. തുടര്‍ന്ന് മണിമുറം വാങ്ങി തിരുസന്നിധിയില്‍ പൂവിട്ടതിനു ശേഷം പീഠത്തില്‍ കയറി കുളിച്ചുവെന്ന സങ്കല്‍പ്പമുണ്ടാക്കി തിരിച്ചിറങ്ങി ഭക്തര്‍ക്ക് അനുഗ്രഹമേകാനിരുന്നു. രാത്രി ഏറെ വൈകി രൗദ്രനടനത്തില്‍ ആറാടിച്ചാണ് ദേവി തന്റെ തിരുമുടി അഴിച്ചത്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.