Latest News

കൂരയില്ലാത്ത കൂട്ടുകാരനു വീടൊരുക്കാന്‍ കുട്ടിപ്പോലീസ് ഒത്തുചേര്‍ന്നു

രാജപുരം: കൂരയില്ലാത്ത കൂട്ടുകാരനു വീടൊരുക്കാന്‍ കുട്ടിപ്പോലീസ് ഒത്തുചേര്‍ന്നു. ബളാംതോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ശ്രീനിക്കും ഉണ്ണിക്കുമാണു കൂട്ടുകാരായ കുട്ടിപ്പോലീസുകാര്‍ വീടു നിര്‍മിച്ചുനല്‍കുന്നത്.

കോളിച്ചാല്‍ മാട്ടക്കുന്ന് മറാഠി കോളനിയിലെ ഒറ്റമുറി വീട്ടില്‍ താമസിച്ച് പഠനത്തില്‍ മികവ് തെളിയിക്കുന്ന ശ്രീനിയെയും ഉണ്ണിയെയും കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ബളാംതോട് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് കുടുംബത്തിന് വീടുനിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചത്. സഹായവുമായി സ്‌കൂള്‍ പിടിഎയും, വ്യാപാരികളും, മറ്റു സന്നദ്ധസംഘടനകളും ഒത്തുചേര്‍ന്നതോടെ വീടുനിര്‍മാണം ആരംഭിച്ചു.

ഏഴുലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന വീടിന് ശനിയാഴ്ച കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ഹരിശ്ചന്ദ്രനായിക്ക് തറക്കല്ലിട്ടു. വെള്ളരിക്കുണ്ട് സിഐ ടി.പി. സുമേഷ്, രാജപുരം എസ്‌ഐ രാജീവന്‍ വലിയവളപ്പില്‍, പഞ്ചായത്തംഗങ്ങളായ വി. കുമാരന്‍, ബെന്നി എബ്രഹാം, മുഖ്യാധ്യാപകന്‍ പി. സുഗുണന്‍, പിടിഎ പ്രസിഡന്റ് കെ.ജെ. ജോസ്, എസിപിഒ എ. സിന്ധു, കെ.കെ. വേണുഗോപാല്‍, സൂര്യനാരായണഭട്ട്, ബി. മൊയ്തീന്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു. 

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി ഇന്‍സ്‌പെക്ടര്‍ ടി.പി. സുമേഷ് ചെയര്‍മാനായും പ്രഥമധ്യാപകന്‍ പി. സുഗുണന്‍ കണ്‍വീനറുമായ ജനകീയ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. 

ശ്രീനിക്കും ഉണ്ണിക്കും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് നഷ്ടപ്പെട്ട അമ്മ കമലാക്ഷിക്കും വര്‍ഷങ്ങളായുള്ള സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള ഒരു വീട്. അധികം വൈകാതെ ഇതു സാധ്യമാകുമെന്ന സന്തോഷത്തിലാണ് കുടുംബം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.