Latest News

ആത്മഹത്യാ പ്രേരണക്കുറ്റം; മുന്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റിന് പത്തുവര്‍ഷം തടവ്

പത്തനംതിട്ട: ആത്മഹത്യാ പ്രേരണക്കുറ്റത്തിന് മുന്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റിന് പത്തുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. പെരിങ്ങര വില്ലേജില്‍ ചാത്തങ്കരി തോണ്ടുപറമ്പില്‍ വീട്ടില്‍ പുരുഷോത്തമന്‍ നായരുടെ മകള്‍ നിമിഷ (23) ആത്മഹത്യ ചെയ്ത കേസിലാണ് ഉത്തരവ്.

പെരിങ്ങര ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വിളക്കുപാട്ടത്തില്‍ മുണ്ടകത്തില്‍ പറമ്പില്‍ വീട്ടില്‍ ജോണ്‍ എബ്രഹാമിനെയാണ് പത്തനംതിട്ട അഡീഷനല്‍ ജില്ലാ കോടതി(നാല്) ജഡ്ജി ബി വിജയന്‍ ശിക്ഷിച്ചത്. പിഴത്തുക നിമിഷയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്നതിനും കോടതി ഉത്തരവിട്ടു.

2010 ജനുവരി 290ാം തിയ്യതി രാത്രി നടന്ന സംഭവത്തെക്കുറിച്ച് പ്രോസിക്യൂഷന്‍ പറയുന്നതിങ്ങനെ.

മരണപ്പെട്ട നിമിഷ ഓടിച്ച ഹോണ്ട ആക്ടിവ സ്‌കൂട്ടറും പ്രതിയുടെ സഹോദരന്‍ സജി ജോണ്‍ ഓടിച്ചിരുന്ന മോട്ടോര്‍ സൈക്കിളുമായി പെരിങ്ങര കുരിശുകവലയില്‍ കൂട്ടിയിടിച്ചിരുന്നു. ഇതില്‍ സജി ജോണിനുണ്ടായ പരിക്കുകളുടെ പേരില്‍ പണം ആവശ്യപ്പെട്ടും മറ്റും നിമിഷയെ പ്രതി പലതവണ ഫോണിലും നേരിട്ടും ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ നിമിഷ ആത്മഹത്യ ചെയ്യുകയായിരുന്നു.

പ്രതിയുടെയും മരണപ്പെട്ട നിമിഷയുടെയും ഫോണ്‍വിളികള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ തെളിയിക്കുന്നതിലേക്ക് ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന്റെ നോഡല്‍ ഓഫിസറായ കെ വാസുദേവനെയും പ്രതിയുടെ ഫോണ്‍ കോളിന്റെ വിശദാംശങ്ങള്‍ക്കായി ഐഡിയ സെല്ലുലാര്‍ ലിമിറ്റഡിന്റെ നോഡല്‍ ഓഫിസറായ പി രാജ്കുമാറിന്റെയും മൊഴികള്‍ കോടതി രേഖപ്പെടുത്തിയിരുന്നു.

പുളിക്കീഴ് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ എസ് വിജയന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. റാന്നി ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എസ് രമേശ്കുമാര്‍ ഉള്‍പ്പടെ 12 സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ഒരു സാക്ഷിയെ പ്രതിക്കുവേണ്ടിയും വിസ്തരിച്ചിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.