Latest News

ഷിബിന്‍ വധം: മൂന്നു പ്രതികള്‍ അറസ്റ്റില്‍

കോഴിക്കോട്: നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാലൂര്‍കണ്ടി ഷിബിനെ (19) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു മുഖ്യ പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി തൂണേരി തെയ്യമ്പാടി ഇസ്മായില്‍ (28), രണ്ടാം പ്രതി തെയ്യമ്പാടി മുനീര്‍ (30), പത്താം പ്രതി കളിയാറമ്പത്ത് താഴേക്കുനിയില്‍ അസ്‌ലം (30) എന്നിവരാണ് അറസ്റ്റിലായത്.

കൊലയ്ക്കു ശേഷം കോഴിക്കോട്ടും നിലമ്പൂരിലും തങ്ങിയ സംഘം പിന്നീടു കര്‍ണാടകയിലേക്കു കടന്ന് കൊല്ലഗലിനടുത്തു ദര്‍ഗയോടു ചേര്‍ന്നുള്ള ലോഡ്ജില്‍ ഒളിവില്‍ കഴിയവെ, തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അറസ്റ്റ്. ചോദ്യംചെയ്യലില്‍ മൂന്നു പേരും കുറ്റം സമ്മതിച്ചതായും കുറ്റകൃത്യത്തില്‍ പങ്കെടുത്ത ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും റൂറല്‍ എസ്പി പി.എച്ച്. അഷ്‌റഫ് പറഞ്ഞു. www.malabarflash.com

22നു രാത്രി കൊലയ്ക്കു ശേഷം ഇസ്മായിലിന്റെ സ്വിഫ്റ്റ് കാറില്‍ അസ്‌ലമിന്റെ പെരുമണ്ണയിലെ ബന്ധുവീട്ടിലേക്കു കടന്ന സംഘം മുടി വടിച്ചു രൂപം മാറ്റുകയും പിറ്റേന്നു ബസില്‍ നിലമ്പൂരിലേക്കു പോകുകയും ചെയ്തു.

അവിടെ പ്രതികളാണെന്ന വിവരം മറച്ചുവച്ച്, ഒരു മതപുരോഹിതനോടു തല്‍ക്കാലം മാറിനില്‍ക്കാന്‍ പറ്റിയ ഇടങ്ങളെക്കുറിച്ച് ആരാഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് കൊല്ലഗലിനടുത്തുള്ള ദര്‍ഗയില്‍ പ്രാര്‍ഥിക്കാനെത്തുവരോടൊപ്പം ഒളിവില്‍ കഴിയാന്‍ തീരുമാനിച്ച് അവിടേക്കു കടന്നത്. നാലഞ്ചു ദിവസമായി കൊല്ലഗലില്‍ കഴിയുന്ന സംഘം ദര്‍ഗയ്ക്കു തൊട്ടടുത്തുള്ള ലോഡ്ജിലായിരുന്നു രാത്രി ഉറങ്ങിയിരുന്നത്.www.malabarflash.com

ഇതിനിടെ, പുരോഹിതനില്‍നിന്നു പ്രതികളെക്കുറിച്ചു സൂചന ലഭിച്ച പൊലീസ്, ദര്‍ഗയ്ക്കു സമീപത്തെ ടെലിഫോണ്‍ ബൂത്തില്‍നിന്ന് പുരോഹിതന്റെ വീട്ടിലേക്കു ഫോണ്‍ വിളിച്ചതായും കണ്ടെത്തി. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിന് കുറ്റിയാടി സിഐ ദിനേശ് കോറോത്ത്, എസ്‌ഐ ഇ. അബ്ദുല്‍ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തംഗ സംഘം ലോഡ്ജില്‍നിന്ന് മൂന്നു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടു ദിവസത്തിനകം കൊല്ലഗല്‍ വിടാനായിരുന്നു സംഘത്തിന്റെ പദ്ധതി.

സുഹൃത്തുക്കളെ വഴിയില്‍ തടഞ്ഞു മര്‍ദിച്ചതറിഞ്ഞു സ്ഥലത്തു പാഞ്ഞെത്തിയെന്നും എതിര്‍ത്തവര്‍ക്കെല്ലാം നേരെ കളരിമുറയില്‍ കത്തി വീശിയെന്നും മൊഴി നല്‍കിയ ഇസ്മായില്‍, താന്‍ മഴു പ്രയോഗിച്ചതായി പൊലീസിനോടു സമ്മതിച്ചിട്ടില്ല. www.malabarflash.com

അതേസമയം, കൂട്ടുപ്രതികളില്‍ ചിലര്‍ ഇസ്മായില്‍ മഴു കരുതിയിരുന്നെന്നാണു മൊഴി നല്‍കിയിരിക്കുന്നത്. ഇസ്മായില്‍ തന്നെയാണ് മഴുകൊണ്ടു ഷിബിനെ വെട്ടിയതെന്നാണു പൊലീസും പറയുന്നത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി മഴു, കത്തി, ഇരുമ്പുവടി തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുക്കുമെന്നു പൊലീസ് പറഞ്ഞു. മുന്‍പ് അഞ്ചര മാസം ജയിലില്‍ കിടന്നിട്ടുള്ള ഇസ്മായിലിനെതിരെ അഞ്ചും മുനീറിനെതിരെ നാലും കേസുകള്‍ നിലവിലുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.