Latest News

ഭാര്യയെ വെടിവെച്ചു കൊന്ന ഭര്‍ത്താവ് സ്വയം വെടിവെച്ച് മരിച്ചു

തൃശൂര്‍: [www.malabarflash.com] ഒളരിക്കര ഗാന്ധിനഗറില്‍ ദമ്പതികളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയുമായി ഫോണില്‍ സംസാരിക്കുകയായിരുന്ന മകള്‍ വെടിയൊച്ചയും നിലവിളിയും കേട്ട് അറിയിച്ചതനുസരിച്ചു സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടതു ചോരയില്‍ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങള്‍. പ്രവാസി മലയാളിയായ പാമ്പുങ്ങല്‍ സുബ്രഹ്മണ്യന്‍ (65), ഭാര്യ സുഷമ (63) എന്നിവരെയാണു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വത്തുതര്‍ക്കത്തെ തുടര്‍ന്നു ഭാര്യയെ പിന്നില്‍നിന്നു വെടിവച്ചു വീഴ്ത്തിയ ശേഷം തോക്കിന്‍കുഴല്‍ കഴുത്തിലമര്‍ത്തി ഭര്‍ത്താവ് കാലുകൊണ്ടു സ്വയം നിറയൊഴിച്ചതായാണു പൊലീസ് നിഗമനം. ലൈസന്‍സുള്ള ഇരട്ടക്കുഴല്‍ തോക്കില്‍ നിന്നേറ്റ വെടിയില്‍ സുബ്രഹ്മണ്യന്റെ തല തകര്‍ന്നു തലച്ചോറ് പുറത്തെത്തിയ നിലയിലാണ്. ശനിയാഴ്ച രാവിലെ ബാലിസ്റ്റിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ കമ്മിഷണര്‍ ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടക്കും.

വെളളിയാഴ്ച വൈകിട്ട് ആറോടെയാണു നാടിനെ നടുക്കിയ ദുരന്തം. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: പ്രവാസി മലയാളിയായ പാലയൂര്‍ സ്വദേശി സുബ്രഹ്മണ്യന്‍ എട്ടു വര്‍ഷം മുന്‍പാണു കുടുംബത്തോടൊപ്പം ഒളരിക്കരയില്‍ താമസം തുടങ്ങിയത്. സമീപവാസികളുമായി പറയത്തക്ക അടുപ്പമൊന്നുമില്ലാത്തതിനാല്‍ ഇവരുടെ കുടുംബാന്തരീക്ഷത്തെക്കുറിച്ചു നാട്ടുകാര്‍ക്ക് അറിവില്ലായിരുന്നു. എങ്കിലും സുബ്രഹ്മണ്യനും സുഷമയും തമ്മില്‍ സ്വത്തുതര്‍ക്കം നിലനിന്നിരുന്നതായി വിവരമുണ്ട്.[www.malabarflash.com]

വെളളിയാഴ്ച വൈകിട്ട് മകന്‍ സുജിത്തും മകള്‍ സുജിതയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് അത്യാഹിതം. ആറോടെ അമ്മ സുഷമ മകള്‍ സുജിതയെ ഫോണില്‍ വിളിച്ചു. സംസാരത്തിനിടെ വെടിയൊച്ച മുഴങ്ങുന്നതു ഫോണിലൂടെ സുജിത കേട്ടു. ഉടന്‍ സുജിത ജോലിസ്ഥലത്തുനിന്നു സഹോദരന്‍ സുജിത്തിനെ വീട്ടിലേക്കു വിളിച്ചുവരുത്തി.

മുന്‍വശത്തെയും പിന്‍വശത്തെയും വാതിലുകള്‍ അടഞ്ഞ നിലയിലായിരുന്നു. മുന്‍വശത്തെ ജനാലയിലൂടെ നോക്കിയപ്പോള്‍ തോക്കുമായി അച്ഛന്‍ കിടപ്പുമുറിയിലേക്കു കയറിപ്പോകുന്നതു കണ്ടെന്നു സുജിത്ത് പൊലീസിനു മൊഴിനല്‍കി. തൊട്ടുപിന്നാലെ വെടിയൊച്ച കേട്ടു. പിന്നീടു വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെത്തി പൊലീസുകാരെയും കൂട്ടി വീട്ടിലെത്തിയ സുജിത്ത്, പിന്‍വാതില്‍ തകര്‍ത്താണ് അകത്തു കയറിയത്.

ചോരയില്‍ കുളിച്ച നിലയില്‍ സ്വീകരണമുറിയിലെ തീന്‍മേശയ്ക്കരികില്‍ കിടക്കുകയായിരുന്നു സുഷമയുടെ മൃതദേഹം. കിടപ്പുമുറിയിലെ കട്ടിലില്‍ സുബ്രഹ്മണ്യന്റെ മൃതദേഹവും കണ്ടെത്തി. സുഷമയുടെ പിന്‍ഭാഗത്തു കഴുത്തിനു മുകളിലാണു വെടിയേറ്റത്. കഴുത്തും താടിയെല്ലും തകര്‍ന്ന നിലയിലാണ്. സുഷമയെ വെടിവച്ചു വീഴ്ത്തിയ ശേഷം സുബ്രഹ്മണ്യന്‍ കട്ടിലില്‍ ഇരുന്ന് ഉഗ്രശേഷിയുള്ള തോക്ക് നിലത്തൂന്നി കാലുകൊണ്ടു കാഞ്ചിവലിച്ച് ആത്മഹത്യ ചെയ്‌തെന്നാണു പ്രാഥമിക വിവരം.

അഞ്ചു സെന്റിമീറ്ററിലേറെ നീളമുള്ള വെടിയുണ്ട സുബ്രഹ്മണ്യന്റെ തലച്ചോറ് തകര്‍ത്തു. വീട്ടില്‍ ഉയര്‍ന്ന ശബ്ദത്തില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വെടിയൊച്ച കേട്ടില്ലെന്നു പരിസരവാസികള്‍ പറഞ്ഞു. വെസ്റ്റ് സിഐ ടി.ആര്‍. രാജേഷിന്റെയും എസ്‌ഐ പി.ആര്‍. ബിജോയിയുടെയും നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.