നീലേശ്വരം: [www.malabarflash.com] പാലക്കാട്ട് പുതിയപറമ്പത്ത് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടത്തില്‍ ബുധനാഴ്ച കെട്ടിയാടിയ പുതിയപറമ്പത്ത് ഭഗവതിയുടെയും തിരുവര്‍ക്കാട്ട് ഭഗവതിയുടെയും തിരുമുടി ദര്‍ശിക്കാന്‍ ആയിരങ്ങളെത്തി.
കേട്ടറിവ്മാത്രമുള്ള പുതിയപറന്പത്ത് ഭഗവതിയുടെ തിരുസ്വരൂപം പ്രശ്‌നചിന്തയിലൂടെയാണ് അണിയിച്ചൊരുക്കി കെട്ടിയാടിച്ചത്. അതുകൊണ്ട് ജീവിതത്തില്‍ ആദ്യമായി ദേവിയെ കണ്‍കുളുര്‍ക്കെ കണ്ട് അനുഗ്രഹംവാങ്ങാന്‍ ആയിരങ്ങളാണ് പാലക്കാട്ട് എത്തിയത്.
ക്ഷേത്രപൂക്കണിശന്‍ ഒരിക്കല്‍ക്കൂടി മുഹൂര്‍ത്തംകുറിച്ച ശേഷമാണ് ക്ഷേത്ര തിരുമുറ്റത്ത് പുതിയപറമ്പത്ത് ഭഗവതിയുടെയും തിരുവര്‍ക്കാട്ട് ഭഗവതിയുടെയും തിരുമുടി ഒരേസമയത്ത് ഉയര്‍ന്നത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രനടയില്‍ എത്തിയ ദേവിമാരെ അരിയും പൂവും ചാര്‍ത്തി ക്ഷേത്ര നര്‍ത്തകരും ക്ഷേത്രേശന്മാരും വാല്യക്കാരും എതിരേറ്റു.
തുടര്‍ന്ന് ശ്രീകോവിലിന് ചുറ്റും മൂന്ന് പ്രദക്ഷിണംവെച്ചശേഷം തിരുവര്‍ക്കാട്ട്ഭഗവതി പ്രധാന പള്ളിയറയില്‍നിന്ന് സമീപത്തെ ഉപദേവാലയ മുറ്റത്തേക്ക് ചുവടുവച്ചു. അവിടെ തയ്യാറാക്കിവെച്ച കലശത്തിന്റെ അകമ്പടിയോടെ തിരുവര്‍ക്കാട്ട്ഭഗവതി ക്ഷേത്രം വലംവെച്ചു. എന്നാല്‍ പുതിയപറന്പത്ത് ഭഗവതിക്ക് കലശം പതിവില്ല.
ക്ഷേത്രമുറ്റത്ത് വാദ്യമേളങ്ങളുടെ താളത്തിനൊത്ത് നൃത്തമാടിയ ദേവിമാര്‍ ഉപചാരം ചൊല്ലി ഭക്തര്‍ക്ക് ദര്‍ശനംനല്കി. പുരാവൃത്തവും ഉല്പത്തിയും ചൊല്ലിയാടിയ ദേവിമാര്‍ക്കൊപ്പം ദേവിമാരുടെ പ്രതിപുരുഷന്മാരായ നര്‍ത്തകരും ക്ഷേത്രപ്രദക്ഷിണംചെയ്തു.
ദേവിമാരെ കണ്ട് അനുഗ്രഹംവാങ്ങാന്‍ മണിക്കൂറുകളോളം നീണ്ട നിരയായിരുന്നു. പുതിയപറമ്പത്ത് ഭഗവതിയുടെ കോലധാരി പി.പി.സുരേഷ്ബാബു അഞ്ഞൂറ്റാനും തിരുവര്‍ക്കാട്ട്ഭഗവതിയുടെ കോലധാരി മഹേഷ് പെരുവണ്ണാനുമായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ പള്ളിക്കൊരു വേടന്‍, പൂമാരുതന്‍, രക്തചാമുണ്ഡി, ചെറളത്ത്ഭഗവതി, വിഷ്ണുമൂര്‍ത്തി, പാടാര്‍ക്കുളങ്ങരഭഗവതി എന്നീ തെയ്യങ്ങളും അരങ്ങില്‍ എത്തിയിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment