Latest News

സ്കൂള്‍ ബസില്‍ ബാലികയുടെ മരണം: ഡ്രൈവറടക്കം മൂന്നുപേര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും

അബൂദാബി: മലയാളി ബാലിക സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ക്ക് മൂന്നുവര്‍ഷം വീതം തടവ്. അല്‍ വുറൂദ് അക്കാദമി പ്രൈവറ്റ് സ്കൂള്‍ കെ.ജി വണ്‍ വിദ്യാര്‍ഥിനി നിസ ആല മരിച്ച സംഭവത്തില്‍ അബൂദാബി മിസ്ഡെമനോര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഗതാഗത കമ്പനി ഉടമ ആറുമാസം തടവ് അനുഭവിക്കണം. സ്കൂള്‍ അടച്ചുപൂട്ടണമെന്നും പ്രതികളും സ്കൂള്‍ അധികൃതരും വന്‍തുക പിഴയൊടുക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.

പാകിസ്താന്‍ സ്വദേശിയായ സ്കൂള്‍ ബസ് ഡ്രൈവര്‍, ലബനാന്‍ സ്വദേശിയായ സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍, ഫിലിപ്പീന്‍സ് സ്വദേശിനിയായ ബസ് അറ്റന്‍ഡര്‍ എന്നിവര്‍ക്കാണ് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ബസ് സൂപ്പര്‍വൈസറുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് വഴിയൊരുക്കിയതെന്ന് കോടതി നിരീക്ഷിച്ചു. 

കുട്ടികളുടെ റെക്കോഡുകള്‍ പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കുറ്റം ചുമത്തിയാണ് സ്കൂള്‍ അഡ്മിനിസ്ട്രേറ്ററെ ശിക്ഷിച്ചത്. സംഭവ ദിവസം സ്കൂളില്‍ ഹാജരാകാതിരുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ അഡ്മിനിസ്ട്രേറ്റര്‍ ഫോണില്‍ വിളിക്കേണ്ടിയിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചു.
സ്കൂള്‍ അടച്ചുപൂട്ടാനുള്ള അഡെക് തീരുമാനം ശരിവെച്ച കോടതി സ്കൂള്‍ മാനേജ്മെന്‍റ് ഒന്നരലക്ഷം ദിര്‍ഹം പിഴ ഒടുക്കണമെന്നും നിര്‍ദേശിച്ചു. കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടിയാണ് സ്കൂളിന്‍െറ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയുടെ മരണത്തിന് കാരണക്കാരായതിനാല്‍ 50,000 ദിര്‍ഹമും കുട്ടികളുടെ ജീവന്‍ പന്താടിയതിന് ഒരുലക്ഷം ദിര്‍ഹമും സ്കൂള്‍ അധികൃതര്‍ പിഴയായി ഒടുക്കണം. 

ഇന്ത്യക്കാരനായ ഗതാഗത കമ്പനി ഉടമക്ക് ആറു മാസം തടവുശിക്ഷയാണ് വിധിച്ചത്. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയതിനാണ് ശിക്ഷ. സ്കൂള്‍ ബസ് ഓടിക്കാന്‍ ലൈസന്‍സ് ഇല്ലാത്തയാളെ പണിയെടുപ്പിച്ചതിന് അഞ്ചുലക്ഷം ദിര്‍ഹം പിഴയടക്കുകയും വേണം. നിസയുടെ രക്ഷകര്‍ത്താക്കള്‍ക്ക് പ്രതികളെല്ലാവരും ചേര്‍ന്ന് രണ്ട് ലക്ഷം ദിര്‍ഹം ചോരപ്പണം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 

ശിക്ഷ കഴിഞ്ഞ ശേഷം പ്രതികളെ നാടുകടത്തണമെന്ന് ഉത്തരവില്‍ നിഷ്കര്‍ഷിക്കുന്നില്ല. ദക്ഷിണാഫ്രിക്ക സ്വദേശിയായ പ്രിന്‍സിപ്പലിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. വിധിക്കെതിരെ പ്രതികള്‍ക്ക് അപ്പീലിന് പോകാമെന്നും കോടതി അറിയിച്ചു.
സംഭവം നടന്ന ശേഷം ഡ്രൈവറും ബസ് അറ്റന്‍ഡറും റിമാന്‍റിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 

അഡ്കോയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന മടിക്കേരി സ്വദേശി നസീര്‍ അഹമ്മദിന്‍െറയും കണ്ണൂര്‍ പഴയങ്ങാടി സ്വദേശി നബീലയുടെയും രണ്ടാമത്തെ മകളാണ് നിസ. ഖാലിദിയയിലെ വീട്ടില്‍ നിന്നും സ്കൂളിലേക്കുള്ള യാത്രാ മധ്യേ നാലുവയസുകാരി നിസ ബസിലിരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. 

പിന്‍നിരയിലെ സീറ്റിലായിരുന്ന നിസയെ ശ്രദ്ധിക്കാതെ ഡ്രൈവറും അറ്റന്‍ഡറും ബസ് പൂട്ടിപോവുകയായിരുന്നു. ഉച്ചക്ക് കുട്ടികളെ തിരികെ കൊണ്ടുപോകാന്‍ വന്നപ്പോഴാണ് ഡ്രൈവര്‍ നിസയുടെ മൃതദേഹം കാണുന്നത്.
കടുത്ത ചൂടില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. മരണത്തിന് നേരിട്ടല്ലാതെ ഉത്തരവാദികളായെന്ന് കാണിച്ചാണ് പ്രിന്‍സിപ്പല്‍, ബസ് ഡ്രൈവര്‍, ബസ് അറ്റന്‍ഡര്‍, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവരെ പ്രതിയാക്കി നവംബറില്‍ വിചാരണാ നടപടികള്‍ തുടങ്ങിയത്. സംഭവശേഷം സ്കൂളിന്‍െറ പ്രവര്‍ത്തനം അഡെക് ഏറ്റെടുത്തിരുന്നു.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.