Latest News

തമ്പുരാട്ടിയുടെ പെരുങ്കളിയാട്ടം കൂടാന്‍ മംഗലക്കുഞ്ഞുങ്ങള്‍ എത്തി

ചെറുവത്തൂര്‍: വിശ്വമോഹിനിയായ തമ്പുരാട്ടിയുടെ പെരുങ്കളിയാട്ടം കൂടാന്‍ മംഗലക്കുഞ്ഞുങ്ങള്‍ എത്തി. തമ്പുരാട്ടിയുടെ തിരുമുടി ശനിയാഴ്ച ഉയരും. ഒരു ജനതയുടെ 30 വര്‍ഷത്തെ കാത്തരിപ്പിന് ശനിയാഴ്ച പൂര്‍ണതയേകുകയാണ്.

ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം കാണാന്‍ ആയിരങ്ങളാണ് മുച്ചിലോട്ടമ്മയുടെ സന്നിധിയിലേക്ക് വെളളിയാഴ്ച ഒഴുകിയെത്തിത്. രാവിലെ മുതല്‍ തന്നെ വിവിധ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തിയ തിരുസന്നിധി പിന്നീട് വ്രതശുദ്ധരായ വാല്യക്കാര്‍ അടിച്ചുതളിച്ച് പവിത്രമാക്കിയതോടെ അടിച്ചുതളി തോറ്റം നടന്നു.


അതിനു ശേഷമാണ് തമ്പുരാട്ടിയുടെ കളിയാട്ടം കൂടാന്‍ മംഗലക്കുഞ്ഞുങ്ങള്‍ എത്തിയത്. ഉച്ചത്തോറ്റത്തിനൊപ്പം എഴുന്നള്ളത്തിനെ അനുവാദം ചെയ്തുകൊണ്ടു രക്ഷിതാക്കളുടെ ചുമലില്‍ ഇരുന്ന് അവര്‍ പിറകോട്ട് വെറ്റിലയെറിഞ്ഞു. ഈ സമയം സന്നിധിയുടെ മറ്റൊരു ഭാഗത്ത് നെയ്യാട്ടം നടക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തെ മൂന്നു തവണ വലംവച്ചതിനു ശേഷമാണ് മംഗലക്കുഞ്ഞുങ്ങള്‍ മടങ്ങിയത്. ഇഷ്ടദേവതയുടെ പന്തല്‍മംഗലത്തിനു കൂടാന്‍ അന്‍പതോളം കുട്ടികളാണ് മംഗലക്കുഞ്ഞുങ്ങളായി എത്തിയത്. എഴുന്നള്ളത്തിനു ശേഷം വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം നടന്നു.


മന്ത്രി കെ.പി. മോഹനന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ക്ഷേത്രത്തിലെത്തി വെള്ളാട്ടം കണ്ട് അനുഗ്രഹം വാങ്ങി. പെരുങ്കളിയാട്ടത്തിന്റെ സമാപനദിവസമായ ശനിയാഴ്ച ദേവിയുടെ സഖിയായ നരമ്പില്‍ ഭഗവതി സന്നിധിയിലെത്തും. തുടര്‍ന്നു മേലരിക്ക് അഗ്നിപകരും. അതോടെ തമ്പുരാട്ടിയുടെ പ്രതിപുരുഷനായ ദേവനര്‍ത്തകന്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ കയറും. മുച്ചിലോട്ടമ്മയുടെ തിരുമുടിവയ്ക്കും വരെ അദ്ദേഹം ശ്രീകോവിലില്‍ തന്നെ നില്‍ക്കണം.

ജന്മകണിശന്‍ സമയം നോക്കി മുഹൂര്‍ത്തം നിശ്ചയിക്കുന്നതോടെയാണ് തമ്പുരാട്ടിയുടെ തിരുമുടിവയ്ക്കുക. ഉച്ചയ്ക്കു 12നും ഒന്നിനും ഇടയില്‍ മുച്ചിലോട്ടമ്മയുടെ തിരുമുടി ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. വിശ്വമോഹിനിയായ തമ്പുരാട്ടിയുടെ തിരുസ്വരൂപം കാണാന്‍ പതിനായിരങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാപന ദിവസത്തിലെത്തുന്ന ഭക്തര്‍ക്കെല്ലാം ദേവിയുടെ ഇഷ്ടപ്രസാദമായ കായക്കഞ്ഞി അടക്കമുള്ള വിഭവസമൃദ്ധമായ സദ്യ നല്‍കും.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.