Latest News

നാല് കോടിയുടെ ഹെറോയിനുമായി വിമാനത്താവളത്തില്‍ സ്ത്രീ പിടിയില്‍

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ നാല് കോടി രൂപ വിലവരുന്ന ഒന്നര കിലോ ഹെറോയിനുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ തൃശ്ശൂര്‍ സ്വദേശിനി പിടിയിലായി. കുവൈത്തിലേക്ക് പോകാനെത്തിയ സിനി പി.ആന്റണി(39)യെയാണ് മയക്കുമരുന്നുമായി കേന്ദ്ര നര്‍ക്കോട്ടിക് വിഭാഗം അറസ്റ്റുചെയ്തത്.

വെള്ളിയാഴ്ച രാവിലെ 5.40ന് കുവൈത്തിലേക്ക് പോകുന്ന കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തില്‍ യാത്രചെയ്യാനെത്തിയതായിരുന്നു സിനി. ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഹെറോയിന്‍. കുവൈത്ത് ജയിലില്‍ കഴിയുന്ന അമീര്‍ എന്നയാളുടെ നിര്‍േദശപ്രകാരമാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതെന്നാണ് സൂചന.

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ സാദ്ധ്യതയുണ്ടെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മൂന്ന് ദിവസമായി വിമാനത്താവളത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

ഫിബ്രവരി അഞ്ചിനായിരുന്നു സിനി കുവൈത്തിലേക്ക് പോവേണ്ടിയിരുന്നത്. എന്നാല്‍, അന്ന് വരാതെ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഇവര്‍ ടാക്‌സിയില്‍ വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് പുതിയ ടിക്കറ്റെടുത്ത് പോകാനായി വിമാന കമ്പനിയുടെ ഓഫീസിലും പോയി.

കുവൈത്തിലേക്ക് പോകുന്ന യാത്രക്കാര്‍ ഇമിഗ്രേഷന്‍ പരിശോധനയ്ക്കായി പോയിട്ടും ഇവര്‍ മാത്രം വൈകി പോകാനുള്ള ശ്രമം നടത്തവെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, കൈവശമുണ്ടായിരുന്ന ബാഗിന്റെ അവസാനത്തെ അറയില്‍ രണ്ട് പായ്ക്കറ്റുകളിലായി ഹെറോയിന്‍ ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തി.

അമീറിന്റെ ബെംഗളൂരുവിലുള്ള സുഹൃത്ത് ഫിബ്രവരി മൂന്നിന്, സിനിയുടെ തൃശ്ശൂരിലെ വീട്ടില്‍ പാവകള്‍ നിറച്ച പെട്ടിയില്‍ മയക്കുമരുന്ന് എത്തിക്കുകയായിരുന്നു. കുവൈത്തിലേക്ക് ഇതെത്തിക്കാന്‍ പ്രതിഫലമായി 50,000 രൂപയും വിമാന ടിക്കറ്റും നല്‍കിയെന്നും സിനി മൊഴിനല്‍കിയിട്ടുണ്ട്. തൃശ്ശൂരില്‍നിന്ന് സിനിയുടെ പരിചയക്കാരനായ ഡ്രൈവറുടെ ടാക്‌സിയിലാണ് വ്യാഴാഴ്ച രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

കുവൈത്തിലെ ഒരു ലാബിലെ ജീവനക്കാരിയായ സിനി, ഡിസംബര്‍ 23നാണ് നാട്ടിലെത്തിയത്. ഇവരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും മൊബൈല്‍ ഫോണും അന്വേഷണോദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഒപ്പം ജോലിചെയ്തിരുന്ന വിഴിഞ്ഞം സ്വദേശിനിയാണ് മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെടുത്തിയതെന്നും ഇവര്‍ പറയുന്നു. അവരെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടോണി എം.വര്‍ഗീസിന് മുന്നില്‍ ഹാജരാക്കിയ സിനിയെ റിമാന്‍ഡ് ചെയ്തു. നര്‍ക്കോട്ടിക് ഉദ്യോഗസ്ഥന്‍ ജേക്കബ് കോശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. കൂടുതല്‍ ചോദ്യംചെയ്യലിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.