കാഞ്ഞങ്ങാട്: പന്ത്രണ്ടും നാലും പ്രായമുള്ള രണ്ട് ആണ്‍മക്കളോടൊപ്പം ഒളിച്ചോടിയ ഗള്‍ഫ് വ്യാപാരിയുടെ ഭാര്യ ഒടുവില്‍ കോടതി മുറിയില്‍വെച്ച് സ്വന്തം വീട്ടുകാരോടൊപ്പം പോയി. പ്രണയിനി കൈവിട്ട കാമുകന്‍ വെറും കൈയ്യോടെ മടങ്ങുകയും ചെയ്തു.
ബേക്കല്‍ കടവത്തെ ഗള്‍ഫ് വ്യാപാരിയുടെ ഭാര്യയായ പരയങ്ങാനം സ്വദേശിനി സാജിത(30) ,മക്കളായ അസബുര്‍റസീന്‍(12), ഷാഹിബ് റഹ്മാന്‍(4) എന്നിവരോടൊപ്പം ഫുട്‌ബോള്‍താരമായ കാമുകന്‍ ദേളി പരവനടുക്കത്തെ മുഹമ്മദ് ഷൈജലിനോടൊപ്പം ഒളിച്ചോടിയത് ഇക്കഴിഞ്ഞ 14നാണ്.
കാമുകനോടൊപ്പം മുങ്ങുന്നതിന് തൊട്ട് മുമ്പ് സാജിതയും ഭര്‍ത്താവും മക്കളും കാസര്‍കോട്ടെ വന്‍കിടമാളില്‍ ഷോപ്പിങ്ങിന് പോയിരുന്നു. ബേക്കലിലെ വസതിയില്‍ തിരിച്ചെത്തിയശേഷം പുറത്തുപോയ ഭര്‍ത്താവ് സന്ധ്യയോടെ മടങ്ങിയെത്തിയപ്പോള്‍ വീട് പൂട്ടിയനിലയിലായിരുന്നു. ഭര്‍ത്താവിന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ ഒരു ബാഗിലാക്കി വീട്ട് വരാന്തയില്‍ അടുക്കിവെച്ച ശേഷം വീട് പൂട്ടി സാജിത ഒളിച്ചോടുകയായിരുന്നു.
ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയും മക്കളും മുഹമ്മദ് ഷൈജലിനോടൊപ്പം പോയതാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഭര്‍ത്താവ് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കമിതാക്കള്‍ ഗോവ സുഖവാസകേന്ദ്രങ്ങളില്‍ ഉള്ളതായി കണ്ടെത്തിയെങ്കിലും പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല.
ഇരുവരും വീട് വിട്ടിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും കമിതാക്കളെയും മക്കളെയും കണ്ടെത്താന്‍ പോലീസിന് കഴിയാതിരുന്നതോടെ വീട്ടുകാര്‍ സമാന്തര അന്വേഷണവുമായി രംഗത്തിറങ്ങി. ഇതിനിടെ മുഹമ്മദ്‌ഷൈജില്‍ കാമുകിയെ കൊണ്ടുപോകാന്‍ ഉപയോഗിച്ചത് വിദ്യാനഗര്‍ സ്വദേശിയായ സമദിന്റെ വാടക കാറാണെന്ന് കണ്ടെത്തുകയും സമദിനെ ബേക്കല്‍ എസ് ഐ സമ്മര്‍ദ്ദത്തിലാഴ്ത്തുകയും ചെയ്തു.
14ന് വീട് വിട്ട കമിതാക്കള്‍ കാസര്‍കോട്ടെ ഒരു സ്വര്‍ണ്ണാഭരണ ശാലയില്‍ സാജിതയുടെ മാലയും ബ്രെയ്‌സ്‌ലറ്റും പണയപ്പെടുത്തിയ കാശുകൊണ്ട് ഇരുവരും ഗോവയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ബല്‍ഗാംവഴി തിരിച്ച് ഉഡുപ്പിയിലെത്തി. ഇതിനിടെ മുഹമ്മദ് ഷൈജില്‍ കാറുടമയായ സമദിനെ ബന്ധപ്പെട്ടു. നാട്ടില്‍ വല്യപ്രശ്‌നമാണെന്നും വണ്ടി വിട്ട് കിട്ടണമെന്നും സമദ് ശഠിച്ചു. അത് പ്രകാരം വ്യാഴാഴ്ച രാത്രി 10 മണിയോടെ സുള്ള്യടൗണിലെത്താന്‍ ഷൈജില്‍ സമദിനോടാവശ്യപ്പെട്ടു.
വിവരമറിഞ്ഞ സാജിതയുടെ ബന്ധുക്കള്‍ രണ്ട് ഇന്നോവ കാറുകളിലായി രാത്രിയോടെ സുള്ള്യയിലെത്തി. ഏറെ നേരം കാത്തിരുന്നപ്പോള്‍ പുലര്‍ച്ചെ ഒരുമണിയോടെ സുള്ള്യ ബസ്സ് സ്റ്റാന്റിലെത്തിയ കമിതാക്കള്‍ ബാംഗ്ലൂരിലേക്കുള്ള ബസ്സ് കയറുന്നതിനിടെ ബന്ധുക്കളുടെ പിടിയിലായി. നേരം വെളുക്കുമ്പോഴേക്കും ഇരുവരെയും ബന്ധുക്കള്‍ ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്കെത്തിച്ചു.
പിന്നീട് കോടതിയില്‍ ഹാജരായ സാജിത താന്‍ ബന്ധുക്കളോടൊപ്പം പോവുകയാണെന്ന് മജിസ്‌ട്രേറ്റിനെ അറിയിക്കുകയായിരുന്നു. ഗള്‍ഫ് വ്യാപാരിയുടെ ഭാര്യയും പ്രമുഖ കുടുംബാംഗവുമായ യുവതിയുടെ പേരില്‍ ബാങ്കില്‍ ലക്ഷകണക്കിന് രൂപയുടെ നിക്ഷേപമുണ്ട്.
നൂറോളം പവന്‍ സ്വര്‍ണ്ണാഭരണവും, ചെക്ക് ബുക്കും, പാസ്‌പോര്‍ട്ടും, ആധാറടക്കമുള്ള രേഖകള്‍ സഹിതമാണ് സാജിത കാമുകനോടൊപ്പം മുങ്ങിയത്. ഫുട്‌ബോള്‍ താരമായ മുഹമ്മദ് ഷൈജില്‍ നേരത്തെ പരപ്പയില്‍ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ചുള്ള കേസ് കാസര്‍കോട് കോടതിയില്‍ നിലവിലുണ്ട്.
ആദ്യ ഭാര്യക്ക് നല്‍കേണ്ട നഷ്ടപരിഹാര തുക കോടതിയില്‍ കൊടുക്കേണ്ടത് ഈ ആഴ്ചയിലായിരുന്നു. അതിനുവേണ്ടിയുള്ള പണത്തിന് വേണ്ടി സാജിത നാടുവിടുന്നവേളയില്‍ ഒപ്പിട്ട ചെക്ക് ഷൈജിലിന് നല്‍കുകയും ഷൈജില്‍ അടുത്ത കൂട്ടുകാരന്‍വഴി സ്വന്തം മാതാവിന് കൈമാറുകയും ചെയ്തിരുന്നു. സംഖ്യയെഴുതാതെ ഒപ്പിട്ട ചെക്കുമായി ലക്ഷകണക്കിന് രൂപ പിന്‍വലിക്കാന്‍ മൗവ്വല്‍ സര്‍വ്വീസ് സഹകരണബാങ്കിലെത്തിയ ഷൈജിലിന്റെ മാതാവിനെ ബേങ്ക് അധികൃതര്‍ പോലീസിലേല്‍പ്പിക്കുകയും ചെയ്തിരുന്നു.
കമിതാവിനോടൊപ്പം നാടുവിടുന്ന വേളയില്‍ ഷൈജിലിന്റെ മാതാവിന് സാജിത സ്‌നേഹസമ്മാനമായി നല്‍കാനേല്‍പ്പിച്ച സ്വര്‍ണ്ണവളയും ഷൈജിലിന്റെ സുഹൃത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തു. വെളളിയാഴ്ച വൈകീട്ട് കാമുകനെ തള്ളിപറഞ്ഞ് സാജിത സ്വന്തം വീട്ടിലേക്ക് മടങ്ങിയതോടെ അഞ്ച് രാവുകള്‍ നീണ്ടുനിന്ന ഒളിച്ചോട്ടത്തിന് അന്ത്യം കുറിക്കുകയും ചെയ്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment