Latest News

പലിശയ്ക്കു വാങ്ങിയ പണത്തെച്ചൊല്ലി വാക്കേറ്റം: സുഹൃത്തിന്റെ കുത്തേറ്റു യുവാവു മരിച്ചു

ആലുവ:  കൊള്ളപ്പലിശയ്ക്കു വാങ്ങിയ പണം തിരിച്ചടയ്ക്കാന്‍ വൈകിയതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെ യുവാവു കുത്തേറ്റു മരിച്ചു. തോട്ടയ്ക്കാട്ടുകര മണപ്പുറം റോഡില്‍ വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ തേര്‍ത്തല്ലി ചിറ്റടി ശോഭാലയത്തില്‍ പ്രജോഷ് (30) ആണു മരിച്ചത്. മുഖ്യപ്രതി തായിക്കാട്ടുകര മാന്ത്രയ്ക്കല്‍ കരിപ്പായില്‍ അജാസിനെ (31) തിരുവനന്തപുരം റയില്‍വേ സ്‌റ്റേഷനില്‍ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു.

പരേതനായ റിട്ട. ഹെഡ്മാസ്റ്റര്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ മകനാണ് മരിച്ച പ്രജോഷ്. അമ്മ: റിട്ട. അധ്യാപിക തങ്കമണി. ബുധനാഴ്ച അര്‍ധരാത്രി കമ്പനിപ്പടി ബസ് സ്‌റ്റോപ്പിനു പുറകിലായിരുന്നു കൊലപാതകം.

സംഭവത്തെ കുറിച്ചു പൊലീസ് പറഞ്ഞത്: കെട്ടിടങ്ങളുടെ ട്രസ്സ് വര്‍ക്ക് കരാറുകാരനായ പ്രജോഷും അജാസും സുഹൃത്തുക്കളാണ്. ആലുവ സ്‌റ്റേഷനിലെ നിരവധി അടിപിടി കേസുകളില്‍ പ്രതികളാണ് ഇരുവരും. അജാസില്‍ നിന്നു പ്രജോഷ് പലിശയ്ക്കു വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ വൈകിയതിനെത്തുടര്‍ന്നു പല തവണ ഫോണ്‍ ചെയ്‌തെങ്കിലും എടുത്തില്ല. തുടര്‍ന്ന് അജാസിന്റെ രണ്ടു സുഹൃത്തുക്കള്‍ പ്രജോഷിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. പിന്നീട് അജാസ് ഫോണ്‍ ചെയ്തു പ്രജോഷിനെ രാത്രി തായിക്കാട്ടുകരയിലേക്കു വരുത്തി.

പ്രജോഷ് എത്തുമ്പോള്‍ അജാസും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു. പന്തികേടു തോന്നിയ പ്രജോഷ് തന്റെ രണ്ടു സുഹൃത്തുക്കളെ കൂടി ഫോണ്‍ ചെയ്തു വരുത്തി. ഇതിനിടെ വാക്കേറ്റം രൂക്ഷമാവുകയും അജാസ് പ്രജോഷിന്റെ വയറ്റില്‍ കുത്തുകയുമായിരുന്നു. വയര്‍ കീറി കുടല്‍മാല പുറത്തുവന്നു. രക്തംവാര്‍ന്ന് അവശനിലയിലായ പ്രജോഷിനെ പ്രതിയും ഒരു സുഹൃത്തും കൂടി കാറില്‍ കയറ്റി കാരോത്തുകുഴി ആശുപത്രിയില്‍ എത്തിച്ചു.

അപകടത്തില്‍ റോഡില്‍ തെറിച്ചുവീണപ്പോള്‍ മെട്രോ റയിലിന്റെ കമ്പി തുളച്ചുകയറി എന്നാണ് ഡോക്ടര്‍മാരോടു പറഞ്ഞത്. മൊബൈല്‍ ഫോണും കാറിന്റെ താക്കോലും ആശുപത്രിയില്‍ തന്നെ വച്ചശേഷം കൈകഴുകാനെന്നു പറഞ്ഞു പുറത്തിറങ്ങിയ അജാസ് ഓട്ടോയില്‍ രക്ഷപ്പെട്ടു.

വ്യാഴാഴ്ച ഉച്ചയോടെയാണ് പിടിയിലായത്. അജാസിന്റെ രണ്ടു സുഹൃത്തുക്കളും കേസില്‍ പ്രതികളാകുമെന്നു പൊലീസ് പറഞ്ഞു. ഇവരെ പിടികിട്ടിയിട്ടില്ല. കാര്‍ ആശുപത്രിക്കു സമീപത്തു നിന്നും ചോരപുരണ്ട കത്തി കമ്പനിപ്പടിയില്‍ നിന്നും കണ്ടെടുത്തു. 

മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പൊലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. അവിവാഹിതനായ പ്രജോഷ് 10 വര്‍ഷമായി അമ്മയ്ക്കും സഹോദരിക്കുമൊപ്പം വാടകവീട്ടിലാണ് താമസം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.