Latest News

ബിജെപി നേതാവിനെ കൊന്ന കേസില്‍ 5 പേര്‍ അറസ്റ്റില്‍

മാരാരിക്കുളം: ബിജെപി ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി കലവൂര്‍ പുതുവല്‍വെളിയില്‍ വേണുഗോപാലിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. പത്തനംതിട്ട കോഴഞ്ചേരി പഞ്ചായത്ത് കോളജ് വാര്‍ഡ് മരിയ നന്ദനത്തില്‍ ഷാരോണ്‍ (26), ആലപ്പുഴ മണ്ണഞ്ചേരി കുന്നിനകം കോളനിയില്‍ കണ്ണന്‍, മണ്ണഞ്ചേരി തറമൂട് ആനക്കാട്ടു വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് അസറുദ്ദീന്‍ (19), മണ്ണഞ്ചേരി നേതാജി വട്ടച്ചിറ വീട്ടില്‍ ജയരാജ് (42), മാരാരിക്കുളം തെക്ക് തണല്‍ വീട്ടില്‍ ഗിരീഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 29നു പുലര്‍ച്ചെ ആറു മണിയോടെയാണു മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘം വേണുഗോപാലിനെ വീടിനു സമീപത്തു കൊലപ്പെടുത്തിയത്. ഷാരോണ്‍, കണ്ണന്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ കൊല നടത്തിയ സംഘത്തില്‍പ്പെടുന്നവരും ജയരാജും ഗിരീഷും ഗൂഢാലോചനയ്ക്കു നേതൃത്വം നല്‍കിയവരുമാണ്. ബിജെപി ആര്യാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണു ജയരാജ്. സമീപത്തെ ഫാക്ടറിയിലെ സിഐടിയു യൂണിയന്‍കാരനായ തൊഴിലാളിയാണു ഗിരീഷ്.

തിരികെ കൊച്ചിയില്‍ എത്തിയപ്പോഴാണു പ്രധാന പ്രതികള്‍ പിടിയിലായത്. ചേര്‍ത്തല ഡിവൈഎസ്പി കെ.ജി. ബാബുകുമാര്‍, മാരാരിക്കുളം സിഐ കെ.ജി. അനീഷ്, മണ്ണഞ്ചേരി എസ്‌ഐ കെ.കെ. ഉത്തമന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കൊലയ്ക്കുശേഷം ബെംഗളൂരു, മൈസുരു, ചാവക്കാട് മേഖലകളിലായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍.

ഒട്ടേറെ ആക്രമണ കേസുകളില്‍ പ്രതിയാണു ഷാരോണ്‍. ആലപ്പുഴ നോര്‍ത്ത്, മണ്ണഞ്ചേരി പൊലീസ് സ്‌റ്റേഷനുകളിലായി പല കേസുകളില്‍ കണ്ണനും പ്രതിയാണ്. ഷാരോണിനെയും കണ്ണനെയും ചേര്‍ത്തലയില്‍ നിന്നും അസറുദ്ദീനെ ചേര്‍ത്തല ഒറ്റമശേരിയില്‍ നാട്ടുകാരുടെ സഹായത്തോടെയുമാണു പിടികൂടിയത്. കേസില്‍ ഉള്‍പ്പെട്ട മൂന്നു പേരെയും സംഭവവുമായി ബന്ധപ്പെട്ട മറ്റു ചിലരെയും കൂടി അടുത്ത ദിവസങ്ങളിലായി പിടികൂടുമെന്നു പൊലീസ് അറിയിച്ചു.

ഫോണ്‍ വിളികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണു പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. പ്രതികള്‍ ആക്രമണത്തിന് എത്തിയ ബൈക്കുകളിലൊന്നു കസ്റ്റഡിയില്‍ എടുത്തു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ല. കെഎസ്ഇബി തിരുവല്ല ഓഫിസിലെ മസ്ദൂര്‍ എമ്മാച്ചന്‍ (ചന്ദ്രലാല്‍) 2013 മാര്‍ച്ചില്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയാണു വേണുഗോപാല്‍. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണു കൊലയ്ക്കു പിന്നിലെന്നു പൊലീസ് പറഞ്ഞു.

എമ്മാച്ചനെ കൊന്നപ്പോള്‍ മുതല്‍ വേണുഗോപാലിനെതിരെ നീക്കം ആരംഭിച്ചിരുന്നു. കയര്‍ വ്യാപാരിയായ ജയരാജാണു ക്വട്ടേഷനായി കണ്ണനെ സമീപിച്ചത്. കണ്ണനാണു ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. വേണുഗോപാലിന്റെ നീക്കങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ മനസ്സിലാക്കിയിരുന്നു. രാവിലത്തെ നടപ്പു കഴിഞ്ഞ് എത്തിപ്പോള്‍ വേണുഗോപാലിനെ ആക്രമിക്കുകയായിരുന്നു. പ്രതികളെ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.