Latest News

കല്ലടി കോളജില്‍ റാഗിങ്: വിദ്യാര്‍ഥിയുടെ കണ്ണിന്‍െറ കാഴ്ച നഷ്ടമായി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജില്‍ റാഗിങ്ങില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ കണ്ണിന്‍െറ കാഴ്ച നഷ്ടപ്പെട്ടു. ബുധനാഴ്ച വൈകീട്ട് കോളജില്‍ നടന്ന റാഗിങ്ങിനിടെയാണ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയും ഒറ്റപ്പാലം ചുനങ്ങാട് മലപ്പുറം ചേക്കുമുസ്ലിയാരകത്ത് വീട്ടില്‍ ഇബ്രാഹിമിന്‍െറ മകനുമായ മുഹമ്മദ് മുഹ്സിന്‍െറ (19) കാഴ്ച നഷ്ടപ്പെട്ടത്.

ആദ്യം മൈതാനത്ത് വെച്ച് ഒരു സംഘം ക്രൂരമായി മര്‍ദിക്കുകയും പിന്നീട് കോളജിന് പുറത്തെ റോഡിലിട്ട് ചവിട്ടിയതായും പരാതിയില്‍ പറയുന്നു. ഇരുമ്പുവടി കൊണ്ടും പട്ടികക്കഷ്ണം കൊണ്ടും തലക്കടിച്ചതായും പരാതിയുണ്ട്. തലക്കും കണ്ണിനും സാരമായി പരിക്കേറ്റ മുഹ്സിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇടതുകണ്ണിന്‍െറ കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ അരവിന്ദ് ആശുപത്രിയിലേക്കും മാറ്റി. വലതുകണ്ണിനും കാര്യമായ പരിക്കുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കോളജിലെ ‘മൂപ്പന്‍സ് ഗ്രൂപ്’ എന്നറിയപ്പെടുന്ന ഒരു സംഘമാണ് ആക്രമിച്ചതെന്നും സംഘത്തില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ നൗഫല്‍, ഷാനില്‍, സുഹൈല്‍, റിഷാന്‍, ജൗഹര്‍, ജാബിര്‍, ആശിഫ്, അനസ് എന്നിവരാണുണ്ടായിരുന്നതെന്നും ബന്ധുക്കള്‍ പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയില്‍ പറയുന്നു. കോളജിലെ ആന്‍റി റാഗിങ് കമ്മിറ്റിയുടെ പരാതിയില്‍ എട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.