Latest News

ബി ജെ പിയെയും സര്‍ക്കാരിനെയും നയിക്കുന്നത് ആര്‍ എസ് എസ്: കാരാട്ട്‌

ആലപ്പുഴ: ബി ജെപിയെ മാത്രമല്ല കേന്ദ്രസര്‍ക്കാരിനെയും ആര്‍ എസ് എസ് നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണെന്ന് സി പി എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സി പി എം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് ആര്‍ എസ് എസ് ശ്രമം. മതപരിവര്‍ത്തനം അടക്കമുള്ള നടപടികളിലൂടെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

ഓര്‍ഡിനന്‍സുകള്‍ ഇറക്കി പാര്‍ലമെന്റിനെ മറികടന്ന് ഭരണം നടത്താനാണ് കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍ എസ് എസ്സിന്റെ വര്‍ഗീയ അജണ്ടയ്‌ക്കൊപ്പം കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി വലതുപക്ഷ നിലപാടുകള്‍ നടപ്പിലാക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം ശക്തമായ ആക്രമണം നേരിടുകയാണ്. ഭരണം നഷ്ടപ്പെട്ടതും ജനകീയ അടിത്തറ തകര്‍ന്നതുമാണ് പശ്ചിമ ബംഗാളില്‍ പാര്‍ട്ടി നേരിടുന്ന തിരിച്ചടിക്ക് കാരണം. ജനകീയ അടിത്തറ വീണ്ടെടുക്കാന്‍ സമയമെടുക്കും. ഇതിനുള്ള നീക്കത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ കേരള ഘടകത്തിന്റെ ഇടപെടല്‍ സുപ്രധാനമാണെന്നും കാരാട്ട് പറഞ്ഞു.

എഴുത്തുകാരായ ടി പദ്മനാഭന്‍, എം കെ സാനു, വൈശാഖന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഏഴാച്ചേരി രാമചന്ദ്രന്‍ തുടങ്ങിയവരും, മാധ്യമ പ്രതിനിധികളായി എം വി ശ്രേയാംസ് കുമാര്‍ എം എല്‍ എ, ഒ അബ്ദുറഹ്മാന്‍ തുടങ്ങിയവരും, സിനിമ രംഗത്തുനിന്ന് സംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, പ്രിയനന്ദനന്‍, ആഷിക് അബു, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി, നടന്മാരായ മുകേഷ്, ശ്രീകുമാര്‍, പ്രേംകുമാര്‍ തുടങ്ങിയവരും രാഷ്ട്രീയ രംഗത്തുനിന്ന് ഡോ. കെ ടി ജലീല്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി തുടങ്ങിയവരും പ്രത്യേക ക്ഷണിതാക്കളായി ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. ജി സുധാകരന്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നന്ദിയും പറഞ്ഞു.

കളര്‍കോട് എസ്.കെ.ഓഡിറ്റോറിത്തിലെ പി.കൃഷ്ണപിള്ള നഗറില്‍ പാര്‍ട്ടി സ്ഥാപകനേതാക്കളില്‍ പ്രധാനിയും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ ചെങ്കൊടി ഉയര്‍ത്തിയതോൗടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് വി എസ് ചെങ്കൊടി ഉയര്‍ത്തിയത്. വെള്ളിയാഴ്ച രാവിലെ പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തില്‍ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ 25 പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ചു. കളര്‍കോട് ജങ്ഷനില്‍ തയ്യാറാക്കിയിട്ടുള്ള രക്തസാക്ഷിമണ്ഡപത്തില്‍ സമ്മേളന പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച രാവിലെ മുതിര്‍ന്ന നേതാക്കള്‍ എത്തുന്നതിന് മുമ്പുതന്നെ സമ്മേളന വേദിയിലെത്തി. പ്രകാശ് കാരാട്ടും പിണറായി വിജയനും അടക്കമുള്ള നേതാക്കള്‍ പിന്നീടാണ് എത്തിയത്. വി എസ്സിനെതിരായ കുറ്റപത്രമായി മാറിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് കണ്ടിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വെള്ളിയാഴ്ച രാവിലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കത്ത് കണ്ടതിനുശേഷമെ ഇതേക്കുറിച്ച് പ്രതികരിക്കാനാകൂവെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.