Latest News

എസ്.വൈ.എസ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

കോട്ടക്കല്‍: കാല്‍ലക്ഷം കര്‍മഭടന്മാരെ രാജ്യത്തിന് സമര്‍പ്പിച്ച് എസ്.വൈ.എസ് 60ാം വാര്‍ഷിക സമ്മേളനത്തിന് കോട്ടക്കല്‍ എടരിക്കോട്ട് ഉജ്ജ്വല തുടക്കം. താജുല്‍ ഉലമ നഗറില്‍ 'സഫ്‌വ' കര്‍മഭടന്മാരെയും പതിനായിരക്കണക്കിന് പ്രവര്‍ത്തകരെയും സാക്ഷിനിര്‍ത്തി കുവൈത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശൈഖ് സയ്യിദ് മുഹമ്മദ് യൂസുഫ് അല്‍ രിഫാഈ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ലോകവ്യാപകമായി ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുകയാണെന്നും സമാധാനവും സാഹോദര്യവും ഉള്‍ക്കൊള്ളുന്ന ഇസ്ലാമിന്റെ യഥാര്‍ഥ സന്ദേശമാണ് ജനങ്ങള്‍ക്ക് കൈമാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സഫ്‌വ സമ്മേളനം അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം സമുദായത്തില്‍ പലരും ഭൗതികതയിലേക്ക് കടന്നുകയറുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമുദായം സംവാദങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. ഹൃദയശുദ്ധിയാണ് പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠനവിധേയമാക്കി അവ പരിഹരിക്കാനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളോട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യുവാക്കളുടെ കര്‍മശേഷി പ്രയോജനപ്പെടുത്താന്‍ മികച്ച തൊഴില്‍സാഹചര്യം സൃഷ്ടിക്കണം. തൊഴില്‍പരവും സാമ്പത്തികപരവുമായ പ്രതികൂല സാഹചര്യം യുവാക്കളില്‍ അരക്ഷിതബോധം സൃഷ്ടിച്ചിട്ടുണ്ടെന്നും ഇത് ചൂഷണം ചെയ്യാനുള്ള വിധ്വംസക നീക്കങ്ങള്‍ക്കെതിരെ ജാഗ്രത രൂപപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സ്വാഗതസംഘം ചെയര്‍മാന്‍ ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ അധ്യക്ഷത വഹിച്ചു. യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ഥന നടത്തി.

ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, പി. ടി.എ റഹീം എം.എല്‍.എ, ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി, സി. മുഹമ്മദ് ഫൈസി എന്നിവര്‍ സംസാരിച്ചു. കുവൈത്ത് സുപ്രീം കോടതി ജസ്റ്റിസ് സയ്യിദ് ഹിശാം അല്‍ ശഹീന്‍, ശൈഖ് മുഹമ്മദ് അല്‍ ഖുറൈശി എന്നിവര്‍ അഥിതികളായിരുന്നു. എം.എന്‍. കുഞ്ഞഹമ്മദാജി സ്വാഗതവും ഊരകം അബ്ദുറഹ്മാന്‍ സഖാഫി നന്ദിയും പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം നാലിന് പ്രതിനിധി സമ്മേളനം ആള്‍ ഇന്ത്യാ ഉലമ ബോര്‍ഡ് പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് അഷ്‌റഫി ഉദ്ഘാടനം ചെയ്യും. കടല്‍ തൊഴിലാളി സമ്മേളനം, അന്യസംസ്ഥാന തൊഴിലാളി സമ്മേളനം, ആധ്യാത്മിക സമ്മേളനം എന്നിവയും നടക്കും. മാര്‍ച്ച് ഒന്നിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.


Keywords: Kannur, Kerala, Murder, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.