Latest News

ജുവനൈല്‍ ഹോമില്‍ നിന്നു ചാടി ലക്ഷങ്ങളുടെ മോഷണം; കുട്ടിമോഷ്ടാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്:  ജുവനൈല്‍ ഹോമില്‍ നിന്നു ചാടി, സംസ്ഥാനത്തു ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ കുട്ടിമോഷ്ടാവ് അറസ്റ്റില്‍. താമരശേരി സ്വദേശിയായ പതിനേഴുകാരനാണ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പിടിയിലായത്.

കോഴിക്കോട്ടെ ലോസന്‍ ടൂഴ്‌സ് ആന്‍ഡ് ട്രാവല്‍സില്‍ നിന്നു കഴിഞ്ഞ മാസം 13.40 ലക്ഷം രൂപ കവര്‍ന്ന കേസിലും തിരൂരങ്ങാടിയില്‍ നിന്നു ബൈക്കും മൊബൈലും മോഷ്ടിച്ച കേസിലും പ്രതിയാണ്. പിടിയിലാവുമ്പോള്‍, 50,000 രൂപയും മൂന്നു മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

2013ല്‍ കാഞ്ഞങ്ങാട്ടെ സിറ്റി നഴ്‌സിങ് ഹോമിലെ ഡോക്ടറുടെയും ബേക്കല്‍ പ്രിന്റിങ് പ്രസിലെയും ലാപ്‌ടോപ്പുകള്‍ കവര്‍ച്ച ചെയ്തതിനു പിന്നിലും പതിനേഴുകാരനാണെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കവര്‍ച്ച ചെയ്തു കിട്ടുന്ന പണം മുംബൈ ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളില്‍ എത്തി ധൂര്‍ത്തടിക്കുകയാണ് പതിവ്. ഇവിടങ്ങളില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇയാളുടെ മൊഴിയിലുണ്ട്.

കയ്യിലുള്ള പണം പൂര്‍ണമായും ചെലവഴിച്ച ശേഷം വീണ്ടും കോഴിക്കോട് മുതല്‍ മംഗലാപുരം വരെയുള്ള സ്ഥലങ്ങളിലൊരിടത്തു കേന്ദ്രീകരിക്കുകയായിരുന്നു രീതി. മാസങ്ങള്‍ക്കു മുന്‍പാണ് കുറ്റിപ്പുറം ജുവനൈല്‍ ഹോമില്‍ നിന്നു ചാടിയത്. നേരത്തെ പല കേസുകളില്‍ അറസ്റ്റിലായി ജുവനൈല്‍ ഹോമിലായിരിക്കെ, ചാടിയെങ്കിലും പൊലീസ് പിടികൂടി തിരിച്ചെത്തിച്ചിരുന്നു. ഇക്കുറി മൊബൈല്‍ ഫോണ്‍ ആക്‌സസറീസ് വില്‍പ്പനക്കാരനായി നടന്നു സ്ഥലം മനസ്സിലാക്കിയ ശേഷമായിരുന്നു കവര്‍ച്ച.

ഡിവൈഎസ്പി കെ. ഹരിചന്ദ്ര നായ്ക്, സിഐ യു. പ്രേമന്‍, എസ്‌ഐ കെ. ബിജുലാല്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി.കെ. സുരേഷ്, അബൂബക്കര്‍ കല്ലായി, മധു തോയമ്മല്‍, കമലാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ എടിഎമ്മിനടുത്തു നിന്നു പ്രതിയെ പിടികൂടിയത്. 

ഹൊസ്ദുര്‍ഗ് അഡീഷനല്‍ എസ്‌ഐ ടി.വി. ശിവദാസനാണ് അന്വേഷണ ചുമതല. കാസര്‍കോട് ജുവനൈല്‍ ബോര്‍ഡ് മുന്‍പാകെ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kanhangad, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.