Latest News

ജ്വല്ലറിയുടെ ചെക്കില്‍ വ്യാജ ഒപ്പിട്ട് 18.5 ലക്ഷം തട്ടി; 3 യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: (www.malabarflash.com) ജ്വല്ലറിയുടെ ചെക്കില്‍ വ്യാജ ഒപ്പിട്ട് 18.5 ലക്ഷം രൂപ തട്ടിയ മുന്‍ജീവനക്കാരനടക്കം മൂന്നു പേരെ കസബ പൊലീസ് കൊച്ചിയിലെ ലോഡ്ജില്‍നിന്ന് അറസ്റ്റ് ചെയ്തു. ഭീമ ജ്വല്ലറിയിലെ അക്കൗണ്ട്‌സ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ബത്തേരി കൊളഗപ്പാറ കീച്ചേരി വിഷ്ണു(25), ബത്തേരി കുപ്പാടി പാലയില്‍ ജോമോന്‍(18), കുപ്പാടി കിടങ്ങില്‍ വിനേഷ്(21) എന്നിവരാണു പിടിയിലായത്. ജോമോന്‍ പ്ലസ് ടു വിദ്യാര്‍ഥിയും വിനേഷ് കോളജ് വിദ്യാര്‍ഥിയുമാണ്.

കഴിഞ്ഞ 13നാണ് റാംമോഹന്‍ റോഡിലെ ധനലക്ഷ്മി ബാങ്കിലുള്ള ജ്വല്ലറി അക്കൗണ്ടില്‍ നിന്ന് ഇവര്‍ പണം പിന്‍വലിച്ചത്. ആര്‍ഭാട ജീവിതം ലക്ഷ്യമിട്ട പ്രതികള്‍ അന്നു തന്നെ എട്ടു ലക്ഷം രൂപ ചെലവിട്ടു. അടുത്ത ദിവസം ഹര്‍ത്താലും തുടര്‍ന്നു ഞായറുമായതിനാലാണു കൂടുതല്‍ പണം ചെലവഴിക്കാന്‍ കഴിയാതിരുന്നതെന്നു പ്രതികള്‍ പൊലീസിനോടു പറഞ്ഞു. തട്ടിയെടുത്ത പണം കൊണ്ടു വാങ്ങിയ പോളോ കാര്‍, ലാപ്‌ടോപ്, ക്യാമറ, മൂന്നു സ്മാര്‍ട്ട് ഫോണുകള്‍, നെറ്റ്‌സെറ്റര്‍, സ്വര്‍ണാഭരണങ്ങള്‍, ബാക്കി 10.5 ലക്ഷം രൂപ എന്നിവ കണ്ടെടുത്തു.

14നു ഗോവയ്ക്കു പോകാനൊരുങ്ങുമ്പോഴാണ് സൗത്ത് അസിസ്റ്റന്റ്. പൊലീസ് കമ്മിഷണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തില്‍ കസബ സിഐ ബാബു പെരിങ്ങോത്ത്, എസ്‌ഐ ബി.കെ. ബിജു തുടങ്ങിയവരടങ്ങിയ സംഘം പിടികൂടിയത്.

നേരത്തേ ജോലി ചെയ്ത ചെരുപ്പുകടയില്‍നിന്ന് സാമ്പത്തിക തിരിമറിയുടെ പേരില്‍ പുറത്തായ വിഷ്ണു ജനുവരിയിലാണ് ജ്വല്ലറിയില്‍ ചേര്‍ന്നത്. അനുമതിയില്ലാതെ അവധിയെടുത്തതിന് മാര്‍ച്ച് ആദ്യം പിരിച്ചുവിട്ടപ്പോള്‍ 50 ചെക്ക് ലീഫുകളടങ്ങിയ ചെക്ക് ബുക്കും ഇയാള്‍ എടുത്തിരുന്നു. തനിക്കു തിരികെക്കിട്ടിയ സെക്യൂരിറ്റി തുകയുടെ ചെക്കിലെ ഒപ്പു പകര്‍ത്തിയാണ് തുക തട്ടാന്‍ തീരുമാനിച്ചത്. മൂവരും ഒപ്പിട്ടു പരിശീലിച്ചു. ഒടുവില്‍ ജോമോനാണ് ചെക്കില്‍ ഒപ്പിട്ടത്.

13ന് ജ്വല്ലറിയുടെ യൂണിഫോമിലാണ് ബാങ്കിലെത്തിയത്. ജോമോനെ പുറത്തു നിര്‍ത്തി വിനേഷും വിഷ്ണുവും ബാങ്കിലേക്കു പോയി. വിനേഷിനു തുക നല്‍കുന്ന രീതിയിലാണു ചെക്കെഴുതിയത്. സ്ഥിരമായി ഇടപാടു നടക്കുന്നതിനാല്‍ ബാങ്ക് ജീവനക്കാരും ശ്രദ്ധിച്ചിരുന്നില്ല. വൈകിട്ടാണ് തുക പിന്‍വലിച്ചത് ജ്വല്ലറിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളില്‍ പിരിച്ചുവിട്ട വിഷ്ണുവുമായി സാദൃശ്യം തോന്നിയതിനെത്തുടര്‍ന്നു വയനാട്ടില്‍ അന്വേഷിച്ചപ്പോള്‍ രണ്ടുദിവസമായി സ്ഥലത്തില്ലെന്നു മനസ്സിലായി.

തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പണമുപയോഗിച്ച് പ്രതികള്‍ ആദ്യം ഐ20 കാര്‍ ബുക്ക് ചെയ്തു. പിന്നീട് ബാലുശേരി എസ്‌റ്റേറ്റ് മുക്കില്‍നിന്ന് 4.50 ലക്ഷത്തിന് സെക്കന്‍ഡ് ഹാന്‍ഡ് പോളോ കാര്‍ വാങ്ങി. വിലകൂടിയ സ്റ്റീരിയോ സെറ്റ് ഘടിപ്പിച്ചു. പിന്നീട് ഗുരുവായൂര്‍, തൃശൂര്‍ വഴി കൊച്ചിയിലേക്കു പോയി പ്രമുഖ ഷോപ്പിങ് മാളില്‍നിന്ന് ലാപ്‌ടോപ്, അനുബന്ധ സാമഗ്രികള്‍, മൂന്നു വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍, മൂന്നു പേര്‍ക്കും സ്വര്‍ണ മാലകള്‍, കടുക്കനുകള്‍ തുടങ്ങിയവ വാങ്ങി.

പിടിയാലാകാതിരിക്കാന്‍, ഗുരുവായൂരടക്കമുളള ക്ഷേത്രങ്ങളില്‍ തുലാഭാരമടക്കം വഴിപാടുകളും പ്രതികള്‍ നടത്തിയെന്ന് പൊലീസ് പറഞ്ഞു.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.