Latest News

ഉംറ വിസ ആറുമാസം വരെ നീട്ടി നല്‍കിയേക്കും

ജിദ്ദ: (www.malabarflash.com) ഉംറ വിസകളിലെത്തുന്നവര്‍ക്ക് ആറുമാസം വരെ രാജ്യത്തു തങ്ങാവുന്ന വിധം ഉംറ വിസ നിയമത്തില്‍ ഭേദഗതി വരുത്തിയതായി റിപോര്‍ട്ട്. ഉംറ തീര്‍ത്ഥാടകര്‍ക്ക് പരമാവധി ആറു മാസം വരെ തങ്ങാനും സൗദിയില്‍ എല്ലായിടത്തും സഞ്ചരിക്കാനും കഴിയുന്ന നിലയില്‍ ഉംറ വിസ നിയമത്തിലെ 13ാം ഖണ്ഡിക ഭേദഗതി വരുത്തിയതായി മക്ക ദിനപത്രമാണ് റിപോര്‍ട്ട് ചെയ്തത്.

സൗദി ടൂറിസം- പുരാവസ്തു കമ്മീഷനെ പുതുതായി ഉംറ തീര്‍ത്ഥാടക സേവന വിഭാഗങ്ങളുടെ വകുപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വിദേശ മന്ത്രാലയം എന്നിവയാണ് ഇതുവരെ ഈ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ഉംറ വിസ സേവന ഓഫിസുകളുടെ ബാങ്ക് ഗാരന്റി തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടുലക്ഷം റിയാലില്‍ നിന്ന് 20 ലക്ഷം റിയാലാക്കിയാണ് ഉയര്‍ത്തിയത്. ഗാരന്റി തുക ലൈസന്‍സ് നിലനില്‍ക്കുന്ന കാലത്തോളം ബാങ്ക് നിക്ഷേപമായി ഉണ്ടായിരിക്കണം. ഏതെങ്കിലും ഘട്ടങ്ങളില്‍ സേവനത്തില്‍ വീഴ്ചവരുത്തുകയാണെങ്കില്‍ ഗാരന്റി തുകയില്‍നിന്നു വസൂലാക്കുന്നതിനു വേണ്ടിയാണിത്.

ഉംറ വിസ സേവന ഓഫിസുകള്‍ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുമ്പോള്‍ മുന്‍കാല സേവനങ്ങള്‍ പരിശോധിക്കുകയും വീഴ്ചകളും നിയമലംഘനങ്ങളും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. തീര്‍ത്ഥാടകന്‍ ഉംറ കാലാവധിക്കു ശേഷം രാജ്യത്തു താമസിക്കുകയും നിയമലംഘനം നടത്തി പിടിക്കപ്പെടുകയും ചെയ്താല്‍ സ്ഥാപനത്തിന്റെ ചെലവിലായിരിക്കും നാടുകടത്തുക. തീര്‍ത്ഥാടകരെ വിമാനത്താവളത്തില്‍നിന്നു സ്വീകരിക്കുന്നതു മുതല്‍ തിരിച്ചയക്കുന്നവരെ സേവനവുമായി ബന്ധപ്പെട്ട ഉംറ സേവന സ്ഥാപനങ്ങള്‍ രംഗത്തുണ്ടാവണം.

ഉംറ വിസ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഇഖാമ നിയമത്തിലെ 60ാം വകുപ്പു പ്രകാരം കടുത്ത ശിക്ഷ നല്‍കുമെന്ന് ഉംറ സേവനനിയമം വ്യവസ്ഥ ചെയ്യുന്നു. ഉംറ തീര്‍ത്ഥാടകരുടെ പേരുവിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് യഥാസമയം കംപ്യൂട്ടര്‍ ശൃംഖല വഴി അറിയിച്ചിരിക്കണം. തീര്‍ത്ഥാടകരെ രാജ്യത്തെ അംഗീകൃത ഹോട്ടലുകളിലും ലോഡ്ജുകളിലും മാത്രമേ താമസിപ്പിക്കാവൂ.

ഉംറ വിസകളിലെത്തുന്നവരെ കര്‍മത്തിനുശേഷം രാജ്യത്ത് എവിടെ വേണമെങ്കിലും സഞ്ചരിക്കാന്‍ അനുവദിക്കുമെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. സൗദി ടൂറിസം വകുപ്പായിരിക്കും ഇതിന് മേല്‍നോട്ടം വഹിക്കുകയെന്നും രാജ്യത്തെ ടൂറിസം മേഖലയുടെ വികസനം ലക്ഷ്യംവച്ച് ഉംറ വിസ നിയമത്തില്‍ ഭേദഗതി വരുത്തി രാജ്യത്തെവിടെയും സഞ്ചരിക്കാന്‍ അനുമതി നല്‍കുമെന്നും റിപോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നു. അതേസമയം, തീര്‍ത്ഥാടകരുടെ ബാഹുല്യം കണക്കിലെടുത്ത് വിസ കാലാവധി ചുരുക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ടാവും.

Keywords:Saudi Arabia, Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.