Latest News

ടൂറിസ്റ്റ് ഹോമിലെ കൂട്ടക്കൊല: മുഖ്യപ്രതി പിടിയില്‍

അടിമാലി: ടൗണിലെ രാജധാനി ടൂറിസ്റ്റ് ഹോമില്‍ മൂന്നംഗകുടുംബം കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. കര്‍ണാടകയില്‍നിന്നാണു പ്രതിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പ്രതികളെക്കുറിച്ചും സംഘത്തിനു വ്യക്തമായ സൂചന ലഭിച്ചതായാണു വിവരം. പ്രതിയുമായി തിങ്കളാഴ്ച പുലര്‍ച്ചെ അന്വേഷണസംഘം അടിമാലിയിലെത്തും. മറ്റു പ്രതികളും ഉടന്‍ പിടിയിലായേക്കും.

അടിമാലിയില്‍ കമ്പിളിപ്പുതപ്പ് കച്ചവടവുമായെത്തിയിരുന്ന യുവാവാണ് അറസ്റ്റിലായതെന്നാണു സൂചന. ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തു താമസിച്ചാണു പ്രതി കച്ചവടം നടത്തിയിരുന്നത്. മോഷണംതന്നെയായിരുന്നു കൊലപാതകലക്ഷ്യമെന്നും പ്രതികള്‍ക്കു കൊല്ലപ്പെട്ടവരുമായി മുന്‍വൈരാഗ്യമുണ്ടായിരുന്നതായി തെളിവുകളില്ലെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ രണ്ടു മൊബൈല്‍ ഫോണുകള്‍ കൊലയാളികള്‍ കൈക്കലാക്കിയിരുന്നു.

തുടര്‍ന്നു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ ഇതരസംസ്ഥാനത്തുനിന്നുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനമാണു പൊലീസിനുണ്ടായിരുന്നത്. 

ടൂറിസ്റ്റ് ഹോമിനു സമീപത്തുള്ള വ്യാപാരസ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയില്‍ സംഭവദിവസം രാത്രി 12.40നു പതിഞ്ഞ മൂന്നംഗസംഘത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിച്ചത്. ഇതില്‍ രണ്ടുപേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. ഇതില്‍പ്പെട്ട ഒരാളാണു പിടിയിലായത്.

അടിമാലിയിലെ രാജധാനി ടൂറിസ്റ്റ് ഹോം പാട്ടത്തിനെടുത്തു നടത്തിയിരുന്ന പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഐഷയുടെ മാതാവ് നാച്ചി എന്നിവരെയാണ് കഴിഞ്ഞ 13നു ലോഡ്ജിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ. വി. ജോസഫ്, മൂന്നാര്‍ ഡിവൈഎസ്പി കെ. ബി. പ്രഫുല്ലചന്ദ്രന്‍, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി. എന്‍. സജി എന്നിവര്‍ അടിമാലി സിഐ സജി മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സി. വി. ഉലഹന്നാന്‍, സി. ആര്‍. സന്തോഷ്, സജി എന്‍. പോള്‍, എം. എം. ഫൈസല്‍, ഹോംഗാര്‍ഡ് സജീവന്‍ എന്നിവരെ കേസ് അന്വേഷണത്തിനായി കര്‍ണാടകയിലേക്ക് അയയ്ക്കുകയായിരുന്നു.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.