Latest News

കാണാതായ യുവാവിനെ കുഴിച്ചു മൂടിയതെന്നു തെളിഞ്ഞു; പ്രതികളായ മകനും അച്ഛനും അറസ്റ്റില്‍

വടക്കാഞ്ചേരി: കാട്ടുമൃഗങ്ങളെ പിടിക്കുന്നതിനായി പറമ്പിലൂടെ കെട്ടിയിരുന്ന കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ച യുവാവിനെ കുഴിച്ചു മൂടിയതായി വെളിപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസിയായ റിട്ട. പൊലീസ് കോണ്‍സ്റ്റബിളും മകനും അറസ്റ്റിലായി. 

കുണ്ടുകാട് എടവനക്കാട് പാറക്കുളങ്ങര (കാരോടിയില്‍) രാജന്റെ മകന്‍ ശ്രീജിത്തിന്റെ (ശ്രീജി- 29) രണ്ടു വര്‍ഷം പഴക്കമുള്ള തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ അയല്‍വാസികളായ വൈശ്യപ്പാട്ട് രാജഗോപാല്‍ (ഷാജി- 44), പിതാവും റിട്ട. പൊലീസ് കോണ്‍സ്റ്റബിളുമായ രാഘവന്‍ എഴുത്തച്ഛന്‍ (75) എന്നിവരാണ് അറസ്റ്റിലായത്. മൃതദേഹം പുറത്തെടുത്തു വിദഗ്ധ പരിശോധനയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തിന് അയച്ചു.

വെല്‍ഡിങ് ജോലിക്കാരനായ ശ്രീജിത്തിനെ 2013 ജൂലൈ 26നു രാത്രിയാണു കാണാതാകുന്നത്. ജോലി കഴിഞ്ഞു രാത്രി പത്തരയോടെ സഹോദരിയുമായി ഫോണില്‍ സംസാരിച്ചു വീട്ടിലേക്കു വന്ന ശ്രീജിത്തിനെ പിന്നീട് ആരും കണ്ടിട്ടില്ല. പ്രതികളുടെ പറമ്പിലൂടെയുള്ള എളുപ്പവഴിയിലൂടെ വീട്ടിലേക്കു വരുമ്പോള്‍, ഷാജി കാട്ടുമൃഗങ്ങളെ പിടിക്കുന്നതിനായി പറമ്പിലൂടെ കെട്ടിയിരുന്ന കമ്പിയില്‍ തട്ടി ശ്രീജിത്ത് ഷോക്കേറ്റ് മരിക്കുകയായിരുന്നെന്നു റൂറല്‍ ജില്ലാ പൊലീസ് മേധാവി എന്‍. വിജയകുമാര്‍, കുന്നംകുളം ഡിവൈഎസ്പി കെ.കെ. രവീന്ദ്രന്‍ എന്നിവര്‍ വിശദീകരിച്ചു.

പിറ്റേന്നു കാലത്തു രാഘവന്‍ എഴുത്തച്ഛന്റെ നിര്‍ദേശപ്രകാരം ഷാജി മൃതദേഹം തൊട്ടടുത്ത മഴക്കുഴിയിലിട്ട് മൂടി. ഒന്നാം പ്രതി ഷാജിയുടെ മൊഴിയെ തുടര്‍ന്നു തലപ്പിള്ളി തഹസില്‍ദാര്‍ കെ.എം. ടോമിച്ചന്റെയും സയന്റിഫിക് അസിസ്റ്റന്റിന്റെയും ഫൊറന്‍സിക് സര്‍ജന്റെയും സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു പരിശോധിച്ചു. അസ്ഥികൂടവും തലയോട്ടിയുമാണു മണ്ണിനടിയില്‍നിന്നു കിട്ടിയതെങ്കിലും അതോടൊപ്പം ഉണ്ടായിരുന്ന ശ്രീജിത്തിന്റെ വസ്ത്രാവശിഷ്ടം, കൈയിലെ ചരട്, വാച്ച്, ചെരുപ്പ്, ചീര്‍പ്പ് എന്നിവ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

സിഐ എം.കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസില്‍ 33 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ചയാളാണു കേസിലെ രണ്ടാം പ്രതി രാഘവന്‍ എഴുത്തച്ഛന്‍. 

കുന്നംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഷാഡോ പൊലീസ് അംഗങ്ങളായ മുഹമ്മദ് അഷറഫ്, ഹബീബ്, വടക്കാഞ്ചേരി പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ അനന്തന്‍, കെ.പി. സുധീര്‍ എന്നിവരാണു കേസ് അന്വേഷിച്ചത്.

 ശ്രീജിത്തിന്റെ തിരോധാനം നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതിനെ തുടര്‍ന്നു ക്രൈംബ്രാഞ്ചും സമാന്തരമായി കേസ് അന്വേഷിച്ചിരുന്നു.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.