Latest News

സഹോദരനെതിരായ അപവാദപ്രചാരണം ചോദ്യം ചെയ്ത നവവരന്‍ കുത്തേറ്റു മരിച്ചു

ഒറ്റപ്പാലം: ഖത്തറില്‍നിന്ന് അവധിയില്‍ നാട്ടിലെത്തിയ നവവരന്‍ വീടിനു മുന്നില്‍ കുത്തേറ്റു മരിച്ചു. ചുനങ്ങാട് പിലാത്തറ പുത്തന്‍ പീടികയില്‍ മുഹമ്മദ്-നഫീസ ദമ്പതികളുടെ മകന്‍ റിയാസ് (26) ആണു കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്‍ ഫിറോസിന്റെ സുഹൃത്തുക്കളെന്നു പറയപ്പെടുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശികളായ നിഷാദ്, അസീസ് എന്നിവര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പൊലീസ് കൊലപാതകക്കുറ്റത്തിനു കേസെടുത്തു. ഇവര്‍ കസ്റ്റഡിയിലായതായാണു സൂചന.

വ്യാഴാഴ്ച രാത്രി പത്തോടെയാണ് ആക്രമണം. സഹോദരനെക്കുറിച്ചു സുഹൃത്തുക്കള്‍ അപവാദപ്രചാരണം നടത്തിയതിനെ റിയാസ് ചോദ്യം ചെയ്യാന്‍ പോയതാണു കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു. ഇവരെ അന്വേഷിച്ചു കഴിഞ്ഞദിവസം റിയാസ് ഈസ്റ്റ് ഒറ്റപ്പാലത്തു ചെന്നിരുന്നത്രെ. ഇതില്‍ പ്രകോപിതരായി ആറംഗ സംഘം റിയാസിനെ അന്വേഷിച്ചു മൂന്നു ബൈക്കുകളിലായി പിലാത്തറയിലെ വീട്ടിലെത്തുകയായിരുന്നു. വീടിനു മുന്നിലെ റോഡില്‍ നടന്ന വാക്കേറ്റത്തിനിടെയാണു കത്തിക്കുത്തുണ്ടായത്.

നിലവിളികേട്ടു നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമിസംഘം ബൈക്കുകള്‍ ഉപേക്ഷിച്ചോടി. മുതുകിലും തോളിലും ഇടതു കയ്യിലുമായി നാലിടത്തു കുത്തേറ്റ റിയാസിനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു.

ഖത്തറിലെ ലുലു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്ന റിയാസ് കഴിഞ്ഞ ജനുവരി 29നാണു വിവാഹിതനായത്. രണ്ടാഴ്ചയ്ക്കു ശേഷം ഖത്തറിലേക്കു മടങ്ങിയ റിയാസ് കഴിഞ്ഞ ശനിയാഴ്ച വീണ്ടും അവധിയെടുത്തു നാട്ടിലെത്തിയതായിരുന്നു. ഭാര്യ: നഹീമ.

ഒറ്റപ്പാലം സിഐ എം.വി. മണികണ്ഠന്റെ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസ് അക്കാദമിയിലെ സയന്റിഫിക് അസിസ്റ്റന്റ് വി.ബി. സുനിതയും സംഘവും സ്ഥലത്തു പരിശോധന നടത്തി തെളിവെടുത്തു. ഗ്രേഡ് എസ്‌ഐ പി. രാജേന്ദ്രകുമാര്‍, സിപിഒമാരായ എം.ബി. സുധീര്‍, മുകുന്ദകുമാര്‍, പി. ശിവശങ്കരന്‍, അജീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണു കേസന്വേഷിക്കുന്നത്.

Keywords:Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.