Latest News

ഇബ്രാഹിംകുഞ്ഞും സ്റ്റാഫും കോടികളുടെ അഴിമതി നടത്തി: ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: മരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനും പഴ്‌സനല്‍ സ്റ്റാഫിലെ മൂന്നു പേര്‍ക്കുമെതിരെ കോടികളുടെ അഴിമതിയാരോപണം ഉന്നയിച്ചു കേരള കോണ്‍ഗ്രസ് (ബി) എംഎല്‍എ കെ.ബി. ഗണേഷ് കുമാര്‍ ലോകായുക്തയില്‍ മൊഴി നല്‍കി. അഴിമതിക്കാരായ മറ്റു മന്ത്രിമാരുടെയും വകുപ്പുകളുടെയും പേരുവിവരം ഉടന്‍ വെളിപ്പെടുത്തുമെന്നും മൊഴി നല്‍കിയ ശേഷം പുറത്തിറങ്ങിയ ഗണേഷ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

മന്ത്രിയുടെയും സ്റ്റാഫിലുള്ളവരുടെയും ആദായനികുതി വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാല്‍ അഴിമതി വെളിവാകും. ഇക്കാര്യം ആദായ നികുതിവകുപ്പോ മറ്റേതെങ്കിലും ഏജന്‍സിയോ അന്വേഷിക്കണം, സ്വകാര്യ ഹര്‍ജിയില്‍ സാക്ഷിമൊഴി നല്‍കവെ ഗണേഷ് ആവശ്യപ്പെട്ടു. ഇടയ്ക്കു വികാരഭരിതനായി വിതുമ്പിയ ഗണേഷ്, സമര്‍പ്പിച്ച രേഖകള്‍ തന്റെ മാനത്തിന്റെയും ജീവന്റെയും വിലയാണെന്നു പറഞ്ഞു.

ജീവനു ഭീഷണിയുണ്ടെങ്കിലും പൊലീസ് സംരക്ഷണം ആവശ്യമില്ല. അഴിമതിയെക്കുറിച്ചു പറയുമ്പോള്‍ ചിലര്‍ ആയിരത്തിന്റെ നോട്ട് കൊണ്ടു വായ മൂടിക്കെട്ടാനാണു ശ്രമിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ചോദിച്ച പല രേഖകളും മരാമത്തു വകുപ്പു നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. മരാമത്തിലെ കരാര്‍ ഇടപാടുകള്‍, പ്രോജക്ട് കണ്‍സല്‍റ്റന്‍സി വഴി സര്‍ക്കാരിനുണ്ടായ സാമ്പത്തികനഷ്ടം എന്നിവ സംബന്ധിച്ച രേഖകള്‍ കോടതിയില്‍ ഹാജരാക്കി.

ഗണേഷിന്റെ മൊഴി: ആയിരം രൂപ പ്രതിഫലത്തില്‍ 91ല്‍ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ചെയര്‍മാനായി തുടങ്ങിയ ഇബ്രാഹിംകുഞ്ഞിന് ഇക്കാലയളവിനിടെ കോടികളുടെ ആസ്തി ഉണ്ടായതെങ്ങനെ എന്നു പരിശോധിക്കണം. മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിലെ ആര്‍.പി. റഹീം, നാസിമുദീന്‍, സി.എം. അബ്ദുല്‍ റാഫി എന്നിവരുടെ ആദായനികുതി വിവരങ്ങളും പരിശോധിക്കണം.

നാസിമുദീനെതിരെ അനവധി അഴിമതിയാരോപണങ്ങളുണ്ട്. ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിനും മറ്റും ഇയാളുടെ നേതൃത്വത്തില്‍ വന്‍ കോഴ വാങ്ങുന്നതു സംബന്ധിച്ച വിജിലന്‍സ് അന്വേഷണത്തെക്കുറിച്ചു നിയമസഭയില്‍ ബാബു എം. പാലിശേരി ചോദ്യം ഉന്നയിച്ചിരുന്നു. അയാളെ സ്ഥലംമാറ്റിയെന്നും അവധിയിലാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. അപ്പോഴും ഇയാള്‍ മന്ത്രിയുടെ ഓഫിസില്‍ ജോലി ചെയ്യുന്നതു താന്‍ നേരില്‍ കണ്ടു.


വയനാട് സിവിജി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടു 10 കോടിയുടെ അഴിമതി ആരോപിച്ച ഗണേഷ്, നിര്‍മാണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഹാജരാക്കി. ആരോപണങ്ങള്‍ ഏപ്രില്‍ 16നു മുന്‍പു സത്യവാങ്മൂലമായി എഴുതി നല്‍കാനും 17നു കേസെടുക്കുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ കൈമാറാനും ലോകായുക്ത നിര്‍ദേശിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതി ഔദ്യോഗികവല്‍ക്കരിച്ചെന്നു പിന്നീട് ഗണേഷ് ആരോപിച്ചു. ദേശീയ ഗെയിംസിന്റെ പ്രധാന വേദിയായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണ അഴിമതി സംബന്ധിച്ചു ലോകായുക്തയിലുള്ള കേസില്‍ മൊഴി നല്‍കാന്‍ താല്‍പര്യമില്ല. ദേശീയ ഗെയിംസ് സംബന്ധിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം ആവശ്യപ്പെട്ടാല്‍ മൊഴി നല്‍കുമെന്നും ഗണേഷ് പറഞ്ഞു.

Keywords: karnadaka, MalabarFlash, Malabar Vartha, Malabar News, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.